ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി (94) അന്തരിച്ചു. നോയിഡയിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിൽ നിന്നുള്ള ഈ കരുത്തുറ്റ നേതാവ് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നിട്ടുണ്ട്. മൂന്ന് തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഇവർ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.
1930 ജനുവരി ഒന്നിന് ഉത്തർ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു ജനനം. 1977-ൽ യുപിയിലെ മീററ്റിൽനിന്ന് ലോക്സഭാംഗമായി. തുടർന്ന് ഏഴ്, എട്ട് ലോക്സഭകളിലും അംഗമായിരുന്നു. 2004-16 കാലത്ത് ഛത്തീസ്ഗഢിൽനിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. 1982-ലാണ് മൊഹ്സിന ആദ്യമായി കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്.
കേരളത്തിലെ രാഷ്ട്രീയ ചലനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാവ് കൂടിയായിരുന്നു മുഹ്സിന കിദ്വായി. 2004 മുതൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഇവർ, കെ. കരുണാകരനെ കോൺഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അഞ്ച് പതിറ്റാണ്ടുകൾ നീണ്ട തന്റെ അനുഭവങ്ങൾ “My Life in Indian Politics” എന്ന ആത്മകഥയിലൂടെ അവർ പങ്കുവെച്ചിട്ടുണ്ട്. ഖലീൽ ആർ. കിദ്വായി ആണ് മൊഹ്സിനയുടെ ഭർത്താവ്. മൂന്ന് പെൺമക്കളുണ്ട്. നോയ്ഡയിലെ സെക്ടർ-40 ലെ വസതിയിൽനിന്ന് വൈകിട്ട് മൂന്നുമണിയോടെ അന്ത്യയാത്ര ആരംഭിക്കും

