ആരോഗ്യം എത്രത്തോളം പ്രധാനമാണെന്നും ലോകത്തെ പ്രധാന ആരോഗ്യ വെല്ലുവിളികളുമൊക്കെ ചർച്ച ചെയ്യുക ലക്ഷ്യമിട്ടാണ് എല്ലാ വർഷവും ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. 2026 ലെ ലോകാരോഗ്യ ദിനത്തിൽ, “ആരോഗ്യത്തിനായി ഒരുമിച്ച് നിൽക്കുക. ശാസ്ത്രത്തോടൊപ്പം നിൽക്കുക” എന്ന പ്രമേയത്തിൽ ലോകാരോഗ്യ സംഘടന ലോകത്തെ ഒന്നിപ്പിക്കുകയും അണിനിരത്തുകയും ചെയ്യുന്നു. 2026 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയത്തിന്റെ ഭാഗമായി ആരോഗ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കാനും ശാസ്ത്രത്തെ പിന്തുണയ്ക്കാനും വീണ്ടും പ്രതിജ്ഞാബദ്ധരാകാൻ ആഹ്വാനം ചെയ്യുന്നു. ഒരു വർഷം നീളുന്ന പൊതുജനാരോഗ്യ പ്രചാരണത്തിന് തുടക്കമിടുന്നു.
സാങ്കേതിക വിദ്യയിലെ പുരോഗതി, ശാസ്ത്രീയ അറിവും കഴിവുകളും, വിവിധ മേഖലകളും രാജ്യങ്ങളും തമ്മിലുള്ള സഹകരണം എന്നിവയുടെ ഫലമായി ഒരിക്കൽ ജീവന് ഭീഷണിയായിരുന്ന ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, എച്ച്ഐവി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇപ്പോൾ നിയന്ത്രിക്കാവുന്നവയായി മാറി, ലോകമെമ്പാടും മനുഷ്യരുടെ ആയുസ്സും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നു.
“ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും മനുഷ്യർക്കുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് ശാസ്ത്രം,” എന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ശാസ്ത്രത്തിന്റെ ശക്തിയാൽ ലോകത്തിലെ ഓരോ രാജ്യത്തും ആളുകൾ അവരുടെ പൂർവ്വികരെക്കാൾ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുന്നു. വാക്സിനുകൾ, പെനിസിലിൻ, ജേർം തിയറി, എംആർഐ യന്ത്രങ്ങൾ, മനുഷ്യ ജീനോം മാപ്പിംഗ് എന്നിവ പോലുള്ള നേട്ടങ്ങൾ കോടിക്കണക്കിന് ആളുകളുടെ ജീവിതം രക്ഷിക്കുകയും ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.”
1948-ൽ ലോകാരോഗ്യ സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ആഗോളതലത്തിലുള്ള ആരോഗ്യമേഖലയിലെ പ്രശ്നങ്ങളേക്കുറിച്ച് ചർച്ച ചെയ്യുകയും അവബോധം നൽകുകയുമാണ് ലക്ഷ്യമിടുന്നത്.

