ജെക്കോബി
ഇറാനിലെ യുദ്ധത്തിന്റെയും പ്രത്യാക്രമണങ്ങളുടെയും ആഘാതങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും നാട്ടിന്‍പുറത്തെയും അടുക്കളകളെയും ഭക്ഷണശാലകളെയും പണിശാലകളെയും ബാധിക്കുന്ന പാചകവാതകക്ഷാമത്തിനും ഇന്ധനവിലക്കയറ്റത്തിനും തൊഴില്‍നഷ്ടത്തിനും സമ്പദ് വ്യവസ്ഥയുടെ താളംതെറ്റലിനും ഇടയാക്കുകയും, ആറു ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും കടുത്ത അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുകയും, ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ 94 രൂപ നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തിലും, രാജ്യം ഭരിക്കുന്ന ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയ അജന്‍ഡയില്‍ മതപരിവര്‍ത്തന നിരോധനത്തിന്റെയും ഏകീകൃത സിവില്‍ കോഡിന്റെയും ആഖ്യാനത്തിന് അടിയന്തര പ്രാധാന്യം നല്കി മുന്നേറുകയാണ്.
രാജ്യത്ത് 12 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാരിനും 12 സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരിക്കെയാണ് ‘കൂടുതല്‍ ഭീഷണമായ’ നിയമവ്യവസ്ഥകളോടെ ഛത്തീസ്ഗഡിലെ ബിജെപി മുഖമന്ത്രി വിഷ്ണു ദേവ് സായ്, 1968ല്‍ ഛത്തീസ്ഗഢ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന കാലം മുതല്‍ നിലവിലുണ്ടായിരുന്ന മതപരിവര്‍ത്തന നിയമത്തിന്റെ 2026ലെ പരിഷ്കരിച്ച പതിപ്പ് കൊണ്ടുവന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡനവീസ് നയിക്കുന്ന മഹായുതി സര്‍ക്കാരിന്റെ ധര്‍മ സ്വാതന്ത്ര്യ അധിനിയം 2026 വളരെ വേഗത്തിലാണ് നിയമസഭയും ഉപരിസഭയായ വിധാന്‍ പരിഷത്തും പാസാക്കിയെടുത്തത്.
ഇതിനിടെ, ഗുജറാത്തില്‍ ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അവതരിപ്പിച്ച യൂണിഫോം സിവില്‍ കോഡ് കേവലം ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയെ തുടര്‍ന്നാണ് നിയമസഭ പാസാക്കിയത്. 2024 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഏകീകൃത സിവില്‍ നിയമത്തിന്റെ മാതൃക പിന്തുടര്ന്ന് യുസിസി നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഉത്തരാഖണ്ഡിലെ കോഡ് രൂപകല്പന ചെയ്യുന്നതില്‍ മുഖ്യപങ്കു വഹിച്ച സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായി തന്നെ അധ്യക്ഷയായ കമ്മിറ്റിയാണ് ‘മുസ് ലിം, ക്രൈസ്തവ, പാര്‍സി സമൂഹങ്ങളുടെ വിവാഹം, വിവാഹമോചനം എന്നിവയെ സംബന്ധിച്ച നിയമങ്ങളും, ഫ്രാന്‍സ്, അസര്ബൈജാന്, നേപ്പാള്‍, ജര്‍മനി, തുര്‍ക്കി എന്നിവിടങ്ങളിലെ സിവില്‍ കോഡുകളും പഠിച്ച്’ ഗുജറാത്തിലും യുസിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരാഴ്ച മുന്‍പ് നിയമസഭയില്‍ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ട് പൊതുജനത്തിന് ലഭ്യമായില്ല. വിവാഹ രജിസ്ട്രേഷന്, ലിവ്-ഇന്‍ ബന്ധങ്ങളുടെ രജിസ്ട്രേഷന്, വിവാഹമോചനത്തിനുള്ള ഏകീകൃത നിയമങ്ങള്‍, പെണ്മക്കള്ക്കും ആണ്മക്കള്ക്കും തുല്യ അവകാശങ്ങള്‍ എന്നിവ വലിയ നേട്ടമായി സര്‍ക്കാര്‍ എടുത്തുകാട്ടുന്നു. എന്നാല്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതും മുസ് ലിം വിരുദ്ധവുമാണ് ഈ ബില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നിലപാടുകളെ സംബന്ധിച്ചും ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഊര്‍ജ സുരക്ഷയുടെ കാര്യത്തിലും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നതിനു മുന്‍പ്, ലോക്സഭയില്‍ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല് 2026 അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, ‘നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന്’ വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനെക്കുറിച്ച് സൂചിപ്പിച്ചതും മതപരിവര്‍ത്തനവും ദരിദ്രര്‍ക്കിടയിലെ ഉപവിപ്രവര്‍ത്തനങ്ങളും ആതുരസേവനവും സാമൂഹികശുശ്രൂഷയും സംബന്ധിച്ച ബിജെപിയുടെ ദേശീയ ആഖ്യാനത്തിന്റെ ഭാഗമായി വായിച്ചെടുക്കാവുന്നതാണ്.
എഫ്സിആര്‍എ രജിസ്ട്രേഷന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്ത എന്‍ജിഒയുടെയോ അസോസിയേഷന്റെയോ വിദേശ ഫണ്ടുകളില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആസ്തികള്‍ – ഭൂമിയോ സ്ഥാപനമോ ഫണ്ടോ ആരാധനാലയമോ – ഏറ്റെടുക്കുന്നതിനോ മാനേജ് ചെയ്യുന്നതിനോ പ്രത്യേക അതോറിറ്റിയെ നിയമിക്കാന്‍ കേന്ദ്ര ഗവണ്മെന്റിന് അധികാരം നല്‍കുന്നതാണ് ഈ ബില്ല്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ നികുതി വരുമാനമുള്ള സംസ്ഥാനമായ മഹാരാഷ് ട്ര 9.32 ലക്ഷം കോടി രൂപയുടെ കടബാധ്യതയ്ക്കു നടുവില്‍, ‘മാഝി, ലഡ്കി, ബഹിന്‍ യോജന’യില്‍ 21 – 65 പ്രായപരിധിയിലുള്ള 2.6 കോടി സ്ത്രീകള്‍ക്ക് മാസം 1,500 രൂപ വീതം സാമ്പത്തിക സഹായം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ സംസ്ഥാനത്തെ വനസമ്പത്തില്‍ നിന്ന് 12,000 കോടി രൂപയുടെ തേക്ക് മുറിച്ചുവില്ക്കേണ്ട സ്ഥിതിയിലെത്തിനില്ക്കുകയാണത്രെ.
സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞവര്‍ഷം മൂവായിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന യാഥാര്‍ഥ്യം. ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 136 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 7,550 യന്ത്രവത്കൃത മീന്‍പിടുത്ത യാനങ്ങള്‍ ഡീസലിന്റെ ബള്‍ക്ക് വിലവര്‍ധന മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഫഡനവീസിന്റെ ഭരണപരമായ വീഴ്ചകള്‍ തമസ്കരിക്കാനുള്ള ഏറ്റവും എളുപ്പ വഴി മതപരിവര്‍ത്തനത്തിന്റെയും ലൗ ജിഹാദിന്റെയും സാങ്കല്പിക കഥകള്‍ മെനഞ്ഞെടുക്കുകയാണ്.
2023ല്‍ മഹാരാഷ്ട്രയിലെ വനിതാ ശിശു വികസന മന്ത്രിയായിരുന്ന മംഗള്‍ പ്രഭാത് ലോധ, സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ‘ലവ് ജിഹാദ്’ കേസുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ‘ഇന്റര്‍ഫെയ്ത്ത് വിവാഹ കുടുംബ ഏകോപന സമിതി’ രൂപീകരിച്ചിട്ട് ഒരു വര്‍ഷത്തിനകം ആകെ ലഭിച്ചത് 402 പരാതികള്‍ മാത്രമാണ്. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ സംസ്ഥാന ഡിജിപിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ഏഴംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും ലൗ ജിഹാദിന്റെയും ഡേറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നിര്‍ബന്ധം (മാനസിക സമ്മര്‍ദം, ശാരീരിക ബലപ്രയോഗം, സാമൂഹിക ബഹിഷ്കരണം), ഭീഷണി, വഞ്ചന, തെറ്റായ പ്രതിനിധാനം, അനാവശ്യ സ്വാധീനം, വശീകരണം, പ്രേരണ, പ്രലോഭനം (പണമോ വസ്തുക്കളോ ആയ സമ്മാനങ്ങള്‍, തൊഴില്‍, സൗജന്യ വിദ്യാഭ്യാസം, മെഡിക്കല്‍ സഹായം, മെച്ചപ്പെട്ട ജീവിതശൈലി വാഗ്ദാനം, വിവാഹ സാധ്യത എന്നിങ്ങനെ വിശാലമായ നിര്വചനമാണിതിന്), സ്വന്തം വിശ്വാസത്തിന്റെ മഹത്വവല്‍കരണം, അന്യമതങ്ങളെ ഇകഴ്ത്തിക്കാണിക്കല്, ദൈവത്തിനു പ്രീതികരമല്ലാത്തതെന്ന കുറ്റപ്പെടുത്തല്‍ എന്നിങ്ങനെ മതപരിവര്‍ത്തനത്തെ കുറ്റകരമാക്കുന്ന നിരവധി അവ്യക്ത ഘടകങ്ങള്‍ ഈ നിയമത്തെ കൂടുതല്‍ അപകടകരമാക്കുന്നു. നിയമാനുസൃതമായ വിദ്യാഭ്യാസ പ്രവര്‍ത്തനവും ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്നവരെയും ധര്‍മസ്ഥാപനങ്ങളെയും ആശുപത്രികളെയും മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നു എന്നു വ്യാഖ്യാനിച്ച് ക്രിമിനല്‍ കേസില്‍ അകപ്പെടുത്താം.
കോടതിയുടെ തടങ്കല്‍ ഉത്തരവില്ലാതെ പൊലീസിന് നേരിട്ട് അറസ്റ്റു ചെയ്യാവുന്ന ഗുരുതരകുറ്റകൃത്യമാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ജാമ്യം അനുവദിക്കേണ്ടതല്ലാത്ത കുറ്റമാണിത്. സ്വമേധയാ പോലീസിനു നടപടി സ്വീകരിക്കാം. കുടുംബാംഗങ്ങള്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കാത്ത കേസിലും സ്വമേധയാ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഒരാള്‍ മതം മാറുന്നതിന് 60 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നിര്‍ബന്ധമാണ്. 60 ദിവസത്തെ പൊതു അറിയിപ്പിലൂടെ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ക്ക് മതംമാറ്റത്തിനെതിരെ അണിനിരന്ന് ആവശ്യമായതെല്ലാം ചെയ്യാന്‍ മതിയായ സമയം നല്കുന്നു. മതപരിവര്‍ത്തനം നടന്നാല്‍ 25 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അത് അസാധുവാകും.
‘നിര്‍ബന്ധിതവും വഞ്ചനാപരവുമായ മതപരിവര്‍ത്തനത്തിന്’ ജീവപര്യന്തം തടവും 25 ലക്ഷം രൂപ വരെ പിഴയുമാണ് ഛത്തീസ്ഗഢിലെ മതസ്വാതന്ത്ര്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. രണ്ടോ അതിലധികമോ ആളുകളെ ഒരുമിച്ച് മതംമാറ്റുന്ന ‘കൂട്ട മതപരിവര്‍ത്തന’ കേസില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത കഠിനതടവ് ജീവപര്യന്തം തടവു വരെയാകാം, 25 ലക്ഷം രൂപയില്‍ കുറയാത്ത പിഴശിക്ഷയും അതോടൊപ്പമുണ്ട്. ഇര പ്രായപൂര്‍ത്തിയാകാത്തയാളോ മനോനില തെറ്റിയ വ്യക്തിയോ, ഒരു സ്ത്രീയോ, ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്പെട്ടവരോ ആണെങ്കില്‍ 10 കൊല്ലത്തില്‍ കുറയാത്തതോ 20 കൊല്ലം വരെ നീട്ടാവുന്നതോ ആയ തടവും പത്തുലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
ഒരു മതവിശ്വാസത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി ജില്ലാ മജിസ്ട്രേട്ടിനോ, ഡിഎം ചുമതലപ്പെടുത്തുന്ന എഡിഎം റാങ്കിനു താഴെയല്ലാത്ത ഉദ്യോഗസ്ഥനോ സത്യപ്രസ്താവന സമര്‍പ്പിക്കണം. ഏഴു ദിവസത്തിനകം നിര്‍ദിഷ്ട മതംമാറ്റം സംബന്ധിച്ച വിവരം അപേക്ഷകന്റെ പേരും ഇപ്പോഴത്തെ മതം, സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന മതം എന്നീ വിവരങ്ങള്‍ സഹിതം ഡിഎമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബന്ധപ്പെട്ട തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളിലും ലോക്കല്‍ പൊലീസ് സ്റ്റേഷനിലും പ്രദര്‍ശിപ്പിക്കണം. 30 ദിവസത്തിനകം എതിര്‍പ്പു രേഖപ്പെടുത്താവുന്നതാണ്.
ഒരാള്‍ തന്റെ പൂര്‍വികരുടെ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നത് മതംമറ്റമായി പരിഗണിക്കപ്പെടുകയില്ല. സംസ്ഥാനത്ത് ആദിവാസി മേഖലയില്‍ ക്രൈസ്തവ ഗ്രാമങ്ങളെ ഒന്നടങ്കം ഭീഷണിപ്പെടുത്തിയും ഉപരോധം സൃഷ്ടിച്ചും മൃതസംസ്കാരം തടഞ്ഞും മറ്റും സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി ‘ഘര്‍വാപസി’ കര്‍മങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നല്കുന്നു.
വിവാഹം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള മതപരിവര്‍ത്തനം നിയമവിരുദ്ധമായി കണക്കാക്കപ്പെടും. മിശ്രവിവാഹം സംബന്ധിച്ച് വിവാഹതീയതിക്ക് 60 ദിവസം മുന്‍പ് നിശ്ചിത ഫോമില്‍ യോഗ്യമായ അധികാരസ്ഥാനത്ത് സത്യപ്രസ്താവം സമര്‍പ്പിക്കണം. ഈ അറിയിപ്പ് ഔദ്യോഗിക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണം. മതംമാറാന്‍ ഉദ്ദേശിക്കുന്നയാളുടെ രേഖാമൂലമുള്ള പ്രസ്താവം ചടങ്ങിന് കാര്‍മികത്വം വഹിക്കുന്ന കാര്മികന് അധികാരിക്ക് സമര്‍പ്പിക്കണം.
മതപരിവര്‍ത്തനത്തിന് സഹായിക്കുന്ന ഓരോ വ്യക്തിയും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് 60 ദിവസത്തിനുള്ളില്‍ അക്കൊല്ലത്തെ മതപരിവര്‍ത്തനത്തിന്റെ മൊത്തം കണക്കും മതംമാറിയ വ്യക്തികളുടെ പേര്, പ്രായം, ലിംഗം, വിലാസം എന്നീ വിവരങ്ങളും രാജ്യത്തിനകത്തും പുറത്തും നിന്നു കിട്ടിയിട്ടുള്ള ഫണ്ടിന്റെയും സാക്ഷ്യപ്പെടുത്തിയ കണക്കും സമര്‍പ്പിക്കണം. നിയമവ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഫണ്ട് തടയും. വ്യസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും ഗ്രാന്റും അടിസ്ഥാന സൗകര്യവും പിന്‍വലിക്കും.
മഹാരാഷ്ട്രയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശിക്ഷ ഏഴു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ്. മതപരിവര്‍ത്തനത്തിന് വിധേയരാകുന്നവര്‍ പ്രായപൂര്‍ത്തിയാകാത്തവരോ സ്ത്രീകളോ മനോനിലയില്‍ തകരാറുള്ളവരോ പട്ടികജാതിക്കാരോ പട്ടിക വര്‍ഗക്കാരോ ആണെങ്കില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ 10 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും. ‘കൂട്ട മതപരിവര്‍ത്തനത്തിന്’ ഏഴു വര്‍ഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് ശിക്ഷ. സ്ഥാപനമാണെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കും; സംസ്ഥാന ഗ്രാന്റ് നിര്‍ത്തലാക്കും. മിശ്രവിവാഹത്തില്‍ സ്ത്രീ മതംമാറിയാല്‍ ജനിക്കുന്ന കുഞ്ഞിന്റെ മതം അമ്മയുടെ പൂര്വമതമായിരിക്കും, കുഞ്ഞിന്റെ കസ്റ്റഡി അവകാശം അമ്മയ്ക്കായിരിക്കും.
തന്റെ മതം തിരഞ്ഞെടുക്കാനും മതവിശ്വാസം പ്രഖ്യാപിക്കാനും ഇന്ത്യന്‍ ഭരണഘടനയുടെ 19, 21, 25 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തെ ഫലപ്രദമായി ദുര്‍ബലപ്പെടുത്തുന്ന, മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമം പിന്‍വലിക്കുകയോ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയോ ചെയ്യണമെന്ന് മഹാരാഷ് ട്രയിലെ വെസ്റ്റേണ്‍ റീജ്യണല്‍ ബിഷപ്സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന വ്യക്തികളെ ജ്ഞാനസ്നാനത്തിന് ഒരുക്കുന്നത് ഉള്‍പ്പെടെ കത്തോലിക്കാ സഭയുടെ നിയമാനുസൃതമായ മതപരമായ ആചാരങ്ങളില്‍ അന്യായമായ ഇടപെടലിന് വഴിതുറക്കുന്നതാണ് ഈ നിയമത്തിലെ വ്യവസ്ഥകള്‍. നിയമനിര്‍മാണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സമൂഹങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ബില്ല് പാസാക്കിയതെന്നും ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, മിശ്രവിവാഹിതര്‍ എന്നീ വിഭാഗങ്ങളെ ഉപദ്രവിക്കാനുള്ള ഉപകരണമാകും ഇതെന്നും ബിഷപ്സ് കൗണ്‍സില്‍ ചെയര്മാന് നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഏലിയാസ് ഗൊണ്‍സാല്‍വസ് പറഞ്ഞു.
ഉടുതുണിയില്ലാതെ ഉടലാകെ ചുടലഭസ്മം പൂശി ആഡംബര കാറില്‍ ഉത്തര്‍പ്രദേശിലെ കാശിയില്‍ നിന്ന് യോഗി ആദിത്യനാഥിന്റെ പേരില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയെ ആശീര്‍വദിക്കാനെത്തിയ അഘോരി ബാബയും സന്ന്യാസീ സംഘവും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ കൈയില്‍ നിന്ന് ഡീസലടിക്കാന്‍ 500 രൂപ ദക്ഷിണ വാങ്ങിയ കൗതുക വര്‍ത്തമാനത്തിനപ്പുറം, കേരളത്തിലെ രാഷ് ട്രീയ പാരമ്പര്യത്തില്‍ ഒരു ‘മാറ്റത്തിന്’ കളമൊരുക്കാന്‍ വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കുകയും ‘ഡീല്‍’ ഉറപ്പിക്കുകയും ചെയ്യുന്നവര്‍ യുദ്ധാനന്തര ലോകത്തെ കേരളത്തെ മോദിയുടെ ഗുജറാത്ത് ഭൂമികയില്‍ സങ്കല്പിച്ചാവുമോ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കൊടിക്കൂറ ഉയര്‍ത്തുന്നത്?

