ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് നയാര എനര്‍ജി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ 3 രൂപയുമാണ് കൂട്ടിയത്.
ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണവും മറുപടിയായുള്ള പ്രത്യാക്രമണവും സൃഷ്ടിച്ച ഊർജ പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്പരം ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് ആകെ 6500 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാര എനർജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ ശാലയാണിത്. വാർഷിക ശേഷി 20 ദശലക്ഷം ടൺ, പ്രതിദിനം 405000 ബാരൽ ശേഷിയുള്ളതാണ് റിഫൈനറി.
പൊതുമേഖലാ എണ്ണക്കമ്പനികൾ സാധാരണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവയുടെ വിലയും കൂടുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നാണ് കേന്ദ്രം അറിയിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികളും അറിയിച്ചു.

