പള്ളുരുത്തി: വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത കുടുംബങ്ങളെയും വ്യക്തികളെയും കണ്ടുപിടിച്ച് ചേർക്കുവാനായി ഫെബ്രുവരി ആദ്യം മുതൽ കൊച്ചി രൂപതയുടെ കുടുംബയൂണിറ്റ് വകുപ്പ് നടത്തിവരുന്ന സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞം കൈരളിക്കു തന്നെ പുതുമയാർന്ന ഒരു മാതൃകയാകുന്നു.
ചെറിയകടവ് സെൻ്റ് ജോസഫ് ഇടവകയിൽ ഇന്നലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട വോട്ടർ പട്ടിക പരിശോധനാ തീവ്രയജ്ഞത്തിൽ 250 വോളൻ്റിയർമാർ പങ്കെടുത്തു. 200 ഓളം യൂണിറ്റു ഭാരവാഹികളും രൂപതയിലെ വിവിധ സംഘടനകളുടെ 40ലേറെ ഭാരവാഹികളുമാണ് ഒറ്റ ദിവസത്തെ ഭവനസന്ദർശനത്തിന് നേതൃത്വം നല്കിയത്. 31 യൂണിറ്റുകളുള്ള ഇടവകയിൽ വിവിധ ടീമുകളായാണ് കുടുംബ യൂണിറ്റുകളിലൂടെ വൊളൻ്റിയർമാർ വീടുകൾ കയറിയിറങ്ങിയത്. അങ്ങനെ, 875 കുടുംബങ്ങളുള്ള ചെറിയകടവ് ഇടവക വോട്ടർപട്ടികയുടെ പരിശോധന സമ്പൂർണമായി നടന്ന, ഇന്ത്യയിലെ ആദ്യ ഇടവകയായി മാറി.
സമ്പൂർണ വോട്ടർ പട്ടിക പരിശോധനായജ്ഞം ഉദ്ഘാടനം ചെയ്തു കൊണ്ട്, “നീ എവിടെ? നിൻ്റെ സഹോദരനെവിടെ?” എന്നതാണ് ഇന്നും മുഴങ്ങുന്ന ദൈവസ്വരം എന്ന് ബിസിസി രൂപതാ ഡയറക്ടർ ഫാ. ബെന്നി തൊപ്പിപ്പറമ്പിൽ പ്രസ്താവിച്ചു. രാജ്യത്തിൻ്റെ പരമപ്രധാനമായ ജനാധിപത്യ വോട്ടവകാശ പ്രക്രിയയിൽ കൊച്ചിയിലെ ലത്തീൻ കത്തോലിക്ക സമുദായ അംഗങ്ങളുടെ കടമയും സജീവമായ ഭാഗഭാഗിത്വവും ഉറപ്പാക്കുന്നതിനാണ് ഈ വോട്ടർ പട്ടിക പേരു ചേർക്കൽ തീവ്രയജ്ഞം.
ഫെബ്രുവരി ആദ്യം കൊച്ചി രൂപതാ മെത്രാൻ അഭിവന്ദ്യ ആൻ്റണി കാട്ടിപ്പറമ്പിൽ പിതാവിൻ്റെ നിർദ്ദേശപ്രകാരം, വോട്ടർ പട്ടികയിൽ രൂപതാംഗങ്ങളിൽ ഒരാളുടെ പോലും പേര് നഷ്ടപ്പെടരുത് എന്ന നിഷ്കർഷയിൽ “സീസറിനുള്ളത് സീസറിന്” എന്ന ശീർഷകത്തോടെ വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ പുറപ്പെടുവിച്ച സർക്കുലറിന് വലിയ സ്വീകരണമാണ് ഇതുവരെ ലഭിച്ചത്. ഫെബ്രുവരി എട്ടാം തീയതി നടന്ന ഡാറ്റ ഓപ്പറേറ്റേഴ്സ് ട്രെയിനിങ്ങിൽ 78 പേർ പങ്കെടുത്തു. അവർ തങ്ങളുടെ ഇടങ്ങളിൽ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടി ഫോം ആറ് പൂരിപ്പിച്ച് സമർപ്പിക്കുന്നു. വിവിധ ഫൊറോനകളിലുള്ള ഇരുപതോളം സന്യാസിനികളും ഈ പരിശീലനം നേടി, ഫൊറോന പരിധിയിലുള്ള കോൺവെൻ്റുകളിൽ ഫോറം 6 / ഫോറം 6A എന്നിവയുടെ ഓൺലൈൻ സമർപ്പണം നടത്തുന്നുണ്ട്.
കുടുംബങ്ങളിൽ ചെന്ന് ബോധവത്കരണം നടത്താനും പട്ടികയിൽ പേരില്ലാത്ത പ്രവാസികളുൾപ്പെടെയുള്ളവരെ കണ്ടെത്താനും പേരു ചേർക്കേണ്ടതിന് ആവശ്യമായ രേഖകളുടെ കോപ്പികൾ ശേഖരിക്കാനും സന്മനസ്സുള്ള ആയിരത്തിലേറെ ഡാറ്റ കളക്ഷൻ വോളൻ്റിയേഴ്സ് പല ഇടവകകളിലായി ഇതിനകം പരിശീലനം നേടിക്കഴിഞ്ഞു.
ആസന്നമായ തിരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാർക്കും മറ്റെല്ലാ രൂപതാംഗങ്ങൾക്കും സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരമൊരുക്കുക എന്നതാണ് ഈ യജ്ഞത്തിൻ്റെ ലക്ഷ്യമെങ്കിലും സാങ്കേതികത്വം മൂലം അതു നടന്നില്ലെങ്കിൽ, തുടർന്നുള്ള പട്ടികയിലെങ്കിലും ഉൾപ്പെടത്തക്ക ക്രമീകരണങ്ങൾ ചെയ്യുമെന്നും അതിന് ഇടവകതലത്തിൽ യൂത്ത് വിങ്ങുകൾ രുപീകരിക്കുമെന്നും കോ- ഓഡിനേറ്റർമാരായ വികാരി ഫാ. സെബാസ്റ്റിൻ പനച്ചിക്കൽ, ഫാ. ജോഷി മയ്യാറ്റിൽ എന്നിവർ അറിയിച്ചു.
വോട്ടു ചേർക്കൽ യജ്ഞത്തിന് നേതൃത്വം നല്കുന്ന അഡ്വ. കെ.എക്സ്. ജൂലപ്പൻ, സി.ഡി. തോമസ്. റെക്സൻ ആൻ്റണി, പോൾ ബെന്നി പുളിക്കൽ, ഡാനിയ ആൻ്റണി, ജിതിൻ കെ.വി., കർമ്മിലി സ്റ്റീഫൻ, മെറ്റിൽഡാ മൈക്കിൾ, ലീനസ് പീറ്റർ, സാലി നെൽസൺ, നിക്കി ഫെലിക്സ്, അഡ് വിൻ തുടങ്ങിയവർ പട്ടിക പരിശോധനാ തീവ്രയജ്ഞത്തിന് നേതൃത്വം നല്കി.

