വത്തിക്കാൻ : നാല് വർഷങ്ങൾക്കിപ്പുറവും ദുരിതം വിതച്ചുകൊണ്ട് തുടരുന്ന യുദ്ധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ലിയോ പതിനാലാമൻ പാപ്പായുടെ കൈത്താങ്ങ്. 2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും, കൊച്ചുകുട്ടികളുൾപ്പെടെ പതിനായിരങ്ങൾക്ക് പരിക്കിന് കാരണമാകുകയും ചെയ്തുകൊണ്ട് തുടരുന്നതിനിടെ, കടുത്ത യുദ്ധത്തിന് കീഴിൽ, അതിശൈത്യത്തിന്റെ പിടിയിലായിരുന്ന തങ്ങളുടെ ജനങ്ങൾക്ക് വേണ്ടി പ്രാദേശിക മെത്രാൻസമിതി മുന്നോട്ടുവച്ച അപേക്ഷ പരിഗണിച്ചാണ് പാപ്പാ അവർക്ക് ഒരു ട്രക്ക് നിറയെ മരുന്നുൾപ്പെടെയുള്ള വിവിധ സാധനങ്ങൾ എത്തിച്ചത്.
പത്ത് ലക്ഷം യൂറോയുടെ മരുന്നുകളും, ഇലക്ട്രിക് ഹീറ്ററുകളുമാണ് കഴിഞ്ഞ ദിവസം പരിശുദ്ധ പിതാവ്, ഉപവികാര്യങ്ങൾക്കായുള്ള അപ്പസ്തോലിക ഓഫീസ് വഴിയായി ഉക്രൈനിലെത്തിച്ചതെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. അടുത്തിടെ നടന്ന മിലിട്ടറി ആക്രമണത്തിൽ, ഊർജ്ജോത്പാദന-വിതരണ സംവിധാനങ്ങൾ തകരാറിലായതിനെത്തുടർന്ന് ഖാർകിവ്-സപ്പൊറിസ്സിയ പ്രദേശത്തുള്ള എണ്ണൂറിലധികം കുടുംബങ്ങൾ ദുരിതത്തിലായതിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ബിഷപ് പൗളോ ഹോൺചാരുക്ക് പരിശുദ്ധ പിതാവിന്റെ പേരിൽ ഉപവി പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ഓഫീസ് അദ്ധ്യക്ഷൻ കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കിയുമായി ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കൈത്താങ്ങ് പ്രദേശത്തേക്ക് അയക്കാൻ പരിശുദ്ധ സിംഹാസനം തീരുമാനിച്ചത്.
ഫെബ്രുവരി 24-ന് രാവിലെ, ഇറ്റലിയിൽനിന്ന് വാങ്ങിയ, എണ്ണ നിറച്ച നൂറുകണക്കിന് ഹീറ്ററുകൾ സപ്പൊറിസ്സിയയിലെത്തി. രാജ്യത്ത് തുടരുന്ന തുടർച്ചയായ ആക്രമണങ്ങൾ മൂലം ചരക്കുകൈമാറ്റസംവിധാനം തകരാറിലാണെങ്കിലും, പരിശുദ്ധ പിതാവിന്റെ പേരിൽ നൽകിയ സാധനസാമഗ്രികൾ, ബോംബാക്രമണം നടന്ന വിവിധയിടങ്ങളിലേക്കെത്തിക്കുമെന്ന് കർദ്ദിനാൾ ക്രയേവ്സ്കി അറിയിച്ചു.
ഫെബ്രുവരി 22 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ, ഉക്രൈനിലെ ജനങ്ങൾക്ക് വേണ്ടി പരിശുദ്ധ പിതാവ് സഹായസഹകരണങ്ങളും പ്രാർത്ഥനകളും അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു സഹായം, ഉപവികാര്യങ്ങൾക്കായുള്ള ഓഫീസ്, ലിയോ പതിനാലാമൻ പാപ്പായുടെ പേരിൽ ഉക്രൈനിലേക്കെത്തിച്ചത്.
ദീർഘനാളുകളായി നാമേവരും ആഗ്രഹിക്കുന്ന സമാധാനം നമ്മുടെ ഇടയിലേക്ക് കടന്നുവരുന്നതിനുവേണ്ടി പ്രാർത്ഥിക്കാനും പരിശുദ്ധ പിതാവ് കഴിഞ്ഞ ഞായറാഴ്ച ഏവരോടും ആഹ്വാനം ചെയ്തിരുന്നു.
നാല് വർഷത്തിലേറെയായി തുടരുന്ന കിരാതമായ യുദ്ധം മൂലം ഉക്രൈനിലെ നിരവധി കുടുംബങ്ങളാണ് വിവിധയിടങ്ങളിലേക്ക് ചിതറിക്കപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വഭവനങ്ങൾ ഉപേക്ഷിച്ചിറങ്ങാൻ നിർബന്ധിതരായി. റഷ്യൻ ആക്രമണത്തെ ചെറുക്കുന്നതിന്റെ ഭാഗമായി, പുരുഷന്മാർ പോരാട്ടത്തിന് ഇറങ്ങാൻ നിർബന്ധിതരായതിനാൽ ആയിരക്കണക്കിന് ഭാര്യമാർക്ക് തങ്ങളുടെ ഭർത്താക്കന്മാരിൽനിന്നും കുഞ്ഞുങ്ങൾക്ക് തങ്ങളുടെ പിതാക്കന്മാരിൽനിന്നും അകന്നുകഴിയേണ്ടി വരുന്ന അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.
