കണ്ണമാലി – ഫോര്‍ട്ട്കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെ കടല്‍ഭിത്തി നിര്‍മ്മാണം
കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട്കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള പ്രദേശങ്ങളിലെ കടല്‍കയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട കെയര്‍ ചെല്ലാനം – കൊച്ചി ഭാരവാഹികള്‍ക്കാണ് ഈ ഉറപ്പു നല്‍കിയത്.
പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടത്തില്‍ ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ ചെറിയകടവുവരെ 12 കി.മി. പ്രദേശത്ത് ടെട്രാപോട് കടല്‍ഭിത്തി നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും 344 കോടി രൂപ അനുവദിക്കുകയും ചെല്ലാനം മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഈ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം മൂലം കനത്ത ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഈ സ്ഥിതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കെയര്‍ ചെല്ലാനം – കൊച്ചി ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി ഭാരവാഹികളായ ഫാ. ജിജു ജോര്‍ജ് അറക്കത്തറ, ജോസഫ് ജൂഡ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെയര്‍ ചെല്ലാനം – കൊച്ചി ഭാരവാഹികളായ ഫാ. ഡോ. ജോണി സേവ്യര്‍ പുതുകാട്ട്, ഫാ. സോളമന് ചാരങ്കാട്ട്, ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍, ഫാ. ആന്റണി കുഴിവേലി, സോഫി രാജു, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ കൊച്ചി എംഎല്‍എ കെ. ജെ. മാക്സിക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടത്
ഒന്നാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ ശേഷിക്കുന്ന പുത്തന്‍തോട് മുതല്‍ ചെറിയകടവു വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തിക്ക് ആവശ്യമായ പണം അനുവദിക്കുകയും നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക, ചെറിയ കടവു മുതല്‍ ബീച്ച് റോഡ് വരെ നടക്കേണ്ട രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുകയും ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ തുടര്‍ച്ചയായി തന്നെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുക, ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി നടക്കേണ്ട പുലിമുട്ടുകളുടെയും കടല്‍ഭിത്തിയുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക. തീരം സമ്പുഷ്ടീകരിക്കുക, കായലില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ ഇതിനായി ഉപയോഗിക്കുക എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഇപ്പോഴുള്ള ദുരിതാവസ്ഥ പരിഹരിക്കുന്നതിന് ചെല്ലാനം കടലോരത്തിന് സമാന്തരമായി നിര്‍മ്മിച്ചിട്ടുള്ള വിജയന് കനാലിലെയും അതിലേക്കെത്തുന്ന തോടുകളിലെയും എല്ലാ തടസ്സങ്ങളും ഒഴിവാക്കുക, ബലവത്തായ താത്കാലിക തടയണകള്‍ നിര്‍മ്മിച്ച് ശക്തമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിന്‍ സുരക്ഷ ഉറപ്പാക്കുക, കടലാക്രമണത്തില്‍ വാസയോഗ്യമല്ലാതായി മാറിയ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുക, കടലാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ അടിയന്തര ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.