പുരാണം /ജെയിംസ് അഗസ്റ്റിന്
കസ്സെറ്റുകളും സി.ഡി.കളും വിപണിയിലെത്തിയിരുന്ന കാലത്ത് വിറ്റുപോയ കോപ്പികളുടെ എണ്ണം നോക്കിയായിരുന്നു ഒരു ആല്‍ബത്തിന്റെ പ്രചാരം കണക്കാക്കിയിരുന്നത്. സാങ്കേതിക മേഖല വിപുലമായതോടെ നിരവധി മാറ്റങ്ങള്‍ ഈ മേഖലയില്‍ വന്നിട്ടുണ്ട്.
സി.ഡി.കളുടെ യുഗം കഴിഞ്ഞതോടെ പാട്ടുകളുടെ റിലീസിംഗ് യൂട്യൂബിലൂടെ ആയി. നേരത്തെ ഒരു ഗാനസമാഹാരം പുറത്തിറക്കാന്‍ സാധാരണയായി എട്ടു മുതല്‍ പതിനാറു വരെ പാട്ടുകള്‍ തയ്യാറാക്കേണ്ടി വന്നിരുന്നു. യൂട്യൂബിലേക്കു മാറിയപ്പോള്‍ ഓരോ പാട്ടുകളായി റിലീസ് ചെയ്യാനുള്ള സൗകര്യം ലഭിച്ചു. കസ്സെറ്റ്/സി.ഡി.ലേബല്‍ പ്രിന്റ് ചെയ്യുന്നതും പ്ലാസ്റ്റിക് കൂടുതലായി ഉപയോഗിക്കുന്ന കവറുകളുടെ നിര്‍മ്മാണവും പൂര്‍ണമായി ഒഴിവാക്കാനായി. ഇന്റര്‍നെറ്റ് ഉള്ളവര്‍ക്കു എപ്പോള്‍ വേണമെങ്കിലും എവിടെയാണെങ്കിലും പാട്ടുകള്‍ കേള്‍ക്കാനാകുമെന്ന സ്ഥിതി വന്നു
. തങ്ങളുടെ ഇഷ്ടഗാനവും പ്രിയ ഗായകരെയും യൂട്യൂബിലൂടെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കാണാനും കേള്‍ക്കാനുമാകുന്നു. പ്രവാസികളാണ് ഈ സൗകര്യം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ച മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഏതൊക്കെയായിരിക്കും? നമുക്കൊരു അന്വേഷണം നടത്തിയാലോ?
ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം മുന്നിലുള്ള ഗാനം ‘ഒന്നുമില്ലായ്മയില്‍’ എന്നു തുടങ്ങുന്ന ഗാനമാണ്.
‘ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ
കൈ പിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്മകള്‍ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം’
രണ്ടരക്കോടിയിലധികം ആളുകള്‍ കേട്ട ഈ ക്രിസ്തീയ ഭക്തിഗാനം പാടിയത് ഭക്തിഗാനരംഗത്തെ ദിവ്യനാദത്തിനു ഉടമയായ കെസ്റ്ററാണ്. മനോജ് ഇലവുങ്കല്‍ എഴുതിയ ഈ ഗാനത്തിനു സംഗീതം നല്‍കിയത് നെല്‍സണ്‍ പീറ്ററാണ്.സീയോന് ക്ലാസിക്സ് എന്ന പ്രൊഡക്ഷന്‍ കമ്പനി പുറത്തിറക്കിയ ‘ഈശോ’എന്ന ആല്ബത്തിലെയാണ് ഈ ഗാനം.
കെസ്റ്റര്‍ സ്റ്റുഡിയോയില്‍ ഗാനമാലപിക്കുന്ന നല്ലൊരു വീഡിയോയും യൂട്യൂബില്‍ നമുക്ക് കാണാനാകും. 2016 ജനുവരി 16 നാണു ഈ ഗാനം യൂട്യൂബില്‍ ചേര്‍ക്കപ്പെടുന്നത്. ഇതു വരെ ഈ ഗാനം കേട്ടത് 25,334,489 ആളുകളാണ്.
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ക്രിസ്തീയഭക്തിഗാനങ്ങളില് ഒന്നായ ‘ഇസ്രായേലിന് നാഥനായി വാഴുമേകദൈവം’ എന്നു തുടങ്ങുന്ന ഗാനം രണ്ടുകോടി പതിനഞ്ചുപേരാണ് ഒരു ചാനലില്‍ നിന്നു മാത്രം കേട്ടത്. ബേബി ജോണ്‍ കലയന്താനി എഴുതിയ ഈ ഗാനത്തിന് പീറ്റര്‍ ചേരാനെല്ലൂരാണ് സംഗീതം നല്‍കിയത്.
കെ.ജി. മര്‍ക്കോസ് ആലപിച്ച ഈ ഗാനം ‘ജീസസ്’ എന്ന സമാഹാരത്തിലെയാണ്. രണ്ടു മാസം മുന്‍പ് കെ.ജി. മര്‍ക്കോസ് ഒരു ക്ഷേത്രത്തില്‍ ഗാനമേളയ്ക്കു പോയപ്പോള്‍ അവിടെയുണ്ടായിരുന്ന മുഴുവന്‍ ആളുകളും ഒരുമിച്ചു ആവശ്യപ്പെട്ട് ഈ ഗാനം പാടിച്ചത് വാര്‍ത്തയായിരുന്നു.
ഒറിജിനല്‍ ഗാനത്തേക്കാള്‍ പ്രചാരം ചിലപ്പോള്‍ പിന്നീട് കവര്‍ വേര്ഷനുകള്ക്കോ ടി.വി.പരിപാടിയിലെ അവതരണത്തിനോ ലഭിക്കാറുണ്ട്. അങ്ങനെ രണ്ടു കോടി ആളുകള്‍ കേട്ടൊരു ഗാനമുണ്ട്.
‘എനിക്കായ് കരുതുന്നവന് ഭാരങ്ങള്‍ വഹിക്കുന്നവന്
എന്നെ കൈവിടാത്തവന്
എന്നേശുവെന് കൂടെയുണ്ട്’
എന്ന ഗാനം ശാലോം ടിവിയിലെ ഹോളി ബീറ്റ്സ് എന്ന പരിപാടിക്കു വേണ്ടി കോട്ടയത്തെ കാന്‍ഡില്‍സ് ബാന്‍ഡ് അവതരിപ്പിച്ചതാണ് ഇത്രയും പേര് കണ്ടത്. പാസ്റ്റര്‍ ആര്.എസ്.വിജയരാജ് ആണ് ഈ ഗാനം രചിച്ചു സംഗീതം നല്‍കിയത്.
ഒരു കോടി എഴുപതു ലക്ഷം ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത ഗാനമാണ്,
‘നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്കാന്
നിന്‍കൃപയിന്‍ ആഴമറിയാം’ എന്ന ഗാനം.
സുജാത പാടിയ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് സന്തോഷ് ജോര്‍ജും സംഗീതം നല്‍കിയത് പ്രദീപ് ഈപ്പന് തോമസുമാണ്. ജീവധാര എന്ന ആല്ബത്തിലെയാണ് ഈ ഗാനം.
കെസ്റ്റര്‍ ആലപിച്ച ‘യഹോവായീരെ ദാതാവാം ദൈവം നീ മാത്രം മതിയെനിക്ക്’ എന്നു തുടങ്ങുന്ന ഗാനം ഈ ലിസ്റ്റില്‍ ആദ്യം വരേണ്ടതായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് തന്നെ രണ്ടു കോടിയിലധികം ആളുകള്‍ ഈ ഗാനം യൂട്യൂബില്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ചാനലില്‍ നിന്നും പ്രസ്തുത ഗാനം നീക്കം ചെയ്യുകയും മറ്റൊരു ചാനലില്‍ പുതുതായി ചേര്‍ത്തു. ഒരുപക്ഷെ, ഉടമസ്ഥാവകാശമില്ലാത്തവര് ആയിരിക്കാം ആദ്യം ചേര്‍ത്തിരുന്നത്.
യൂട്യൂബ് കൂടാതെ സ്പോര്‍ട്ടിഫൈ, ഗാന, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ മറ്റു തലങ്ങളിലും ഭക്തിഗാനങ്ങള്‍ ഇപ്പോള്‍ ചേര്‍ക്കപ്പെടുന്നുണ്ട്.