കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് 150 ൽ അധികം ആളുകൾക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെ അപകടമുണ്ടായത്.
തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലർ മംഗളൂരുവിലെ വിവിധ ആശുപത്രിയിലും ചികിത്സയിലാണ്.