കൊല്ലം: കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ ക്രൈസ്തവ മിഷ്ണറിമാർ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതിവ്യവസ്ഥയും അടിമത്തവും അവസാനിപ്പിക്കുന്നതിനും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ വലിയ സംഭാവന നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നുവർഷം നീളുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിൽ അച്ചടിയുടെ തുടക്കത്തിനും മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ വഴിയൊരുക്കി. ബൈബിൾ പ്രചാരണത്തിന്റെ ഭാഗമായി ആരംഭിച്ച അച്ചടി പിന്നീട് കേരളത്തിന്റെ വിജ്ഞാനവ്യാപനത്തിന് വലിയ ശക്തിയായി മാറി.
അന്ധകാരത്തിൽനിന്ന് വെളിച്ചത്തിലേക്കും അജ്ഞതയിൽനിന്ന് അറിവിലേക്കും മനുഷ്യനെ നയിക്കുന്ന സന്ദേശമാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ ദർശനം സമൂഹത്തിൽ പകർന്ന മിഷ്ണറിമാരുടെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം രൂപതയെയും കൊല്ലം തുറമുഖത്തെയും കുറിച്ച് മാർക്കോ പോളോ ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുള്ളത് കൊല്ലത്തിന്റെ ചരിത്രപ്രാധാന്യത്തിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ് എംഎൽഎ, കൊല്ലം രൂപത മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, കൊല്ലം മേയർ എ.കെ. ഹഫീസ്, വിഷ്ണു മോഹൻ എംഎൽഎ, വിമലഹൃദയ സന്യാസിനി സഭ മദർ ജനറൽ സിസ്റ്റർ റെനോറ മേരി, അല്മായ പ്രതിനിധി പ്രഫ. ബിജു ടെറൻസ് അരവിള, കെസിവൈഎം രൂപത പ്രസിഡന്റ് അലക്സ് കെന്നഡി എന്നിവർ പ്രസംഗിച്ചു.കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി സ്വാഗതവും വികാരി ജനറാൾ മോൺ. ഡോ. ബൈജു ജൂലിയാൻ നന്ദിയും പറഞ്ഞു.

