കൊച്ചി: ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഒരേ ദിവസം ആചരിക്കുന്നത് വിമോചനത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളെ ധ്യാനിക്കാൻ അവസരമൊരുക്കുന്നുവെന്ന് ക്രൈസ്തവ ചിന്ത. ഭാരതീയനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന്റെ ആത്മാഭിമാനം അനുഭവിക്കുന്ന ദിനമാണെങ്കിൽ, ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഇരട്ടി സന്തോഷം പകരുന്ന ദിനം കൂടിയാണ്.
വിദേശാധിപത്യത്തിൽനിന്നും ബാഹ്യമായ ചങ്ങലകളിൽനിന്നും ഒരു ജനത നേടിയെടുത്ത രാഷ്ട്രീയവും ലൗകികവുമായ സ്വാതന്ത്ര്യവും, പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യൻ നേടുന്ന ആത്മീയവും നിത്യവുമായ വിമോചനവും ഓഗസ്റ്റ് 15ന്റെ പ്രത്യേകതകളായി മാറുന്നു. വിമോചനത്തിന്റെ ഈ രണ്ട് തലങ്ങളും ‘സ്വാതന്ത്ര്യം’ എന്ന ആശയത്തിൽ ഒരേ ബിന്ദുവിൽ സംഗമിക്കുന്നു.ഈ മഹത്തായ ദിനത്തിൽ ഭാരതീയ പൗരനെന്ന നിലയിലുള്ള കടമകളും ക്രിസ്തീയ വിശ്വാസിയെന്ന നിലയിലുള്ള ആത്മീയ വിളിയും ഓരോരുത്തരും ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈസ്തവ വീക്ഷണം ഓർമിപ്പിക്കുന്നു.ക്രൈസ്തവ വിശ്വാസത്തിൽ സ്വാതന്ത്ര്യം എന്നത് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അനുവാദമല്ല. മറിച്ച്, പാപത്തിന്റെ അടിമത്തത്തിൽനിന്നുള്ള മോചനമാണ് യഥാർഥ സ്വാതന്ത്ര്യം.
“ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത് സ്വാതന്ത്ര്യത്തിനാണ്; അതിനാൽ ഉറച്ചുനിൽക്കുവിൻ, വീണ്ടും അടിമത്തത്തിന്റെ നുകത്തിനടിയിൽപ്പെടരുത്” എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകൾ (ഗലാത്തിയ 5:1) ഇതിന് അടിവരയിടുന്നു.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (1740) വ്യക്തമാക്കുന്നതുപോലെ, മനുഷ്യൻ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന ചിന്ത യഥാർഥ സ്വാതന്ത്ര്യമല്ല. ധാർമ്മിക നിയമങ്ങൾ ലംഘിക്കുമ്പോൾ മനുഷ്യൻ സ്വന്തം സ്വാതന്ത്ര്യത്തെത്തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. തിന്മ തിരഞ്ഞെടുക്കുന്നതിലൂടെ മനുഷ്യൻ പാപത്തിന്റെ അടിമയായി മാറുന്നു.സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടും ധാർമ്മികതയോടും ചേർന്നുനിൽക്കേണ്ടതാണെന്നും വ്യക്തിയുടെ തെറ്റായ തിരഞ്ഞെടുപ്പുകൾ സമൂഹത്തിനും സഹോദരങ്ങൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ഈ ചിന്ത ഓർമിപ്പിക്കുന്നു. അതിനാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം ആത്മീയ സ്വാതന്ത്ര്യത്തിലേക്കും വളരാനുള്ള ആഹ്വാനമായി ഓഗസ്റ്റ് 15നെ കാണാം.

