വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ച്, പാപ്പയുടെ അനുമതിയില്ലാതെ നാല് വൈദികരെ മെത്രാന്മാരായി അഭിഷേകം ചെയ്തതോടെ പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ സഭയുമായുള്ള ഭിന്നത കൂടുതൽ ആഴത്തിലാക്കി. സ്വിറ്റ്സർലണ്ടിലെ എക്കോണിൽ ഇന്നലെ നടന്ന മെത്രാഭിഷേകച്ചടങ്ങ് കാനോനിക നിയമത്തിന് വിരുദ്ധമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഈ മെത്രാഭിഷേകങ്ങളിൽ നിന്ന് പിന്മാറണമെന്നും തിരുസഭയുമായുള്ള ഐക്യം സംരക്ഷിക്കണമെന്നും മാർപാപ്പ നിരവധി തവണ അഭ്യർഥിച്ചിരുന്നു. അടുത്തിടെ ലെയോ പതിനാലാമൻ പാപ്പയും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും ഇക്കാര്യത്തിൽ വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തുന്നത് സഭയിൽ ഭിന്നത സൃഷ്ടിക്കുന്ന ഗുരുതരമായ നടപടിയാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥിക്കണമെന്നും തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് ജൂൺ 29-ന് ലെയോ പതിനാലാമൻ പാപ്പ കൂട്ടായ്മയുടെ നേതൃത്വത്തിന് പ്രത്യേക കത്തും അയച്ചിരുന്നു. എന്നിരുന്നാലും, ആ മുന്നറിയിപ്പുകൾ അവഗണിച്ചാണ് മെത്രാഭിഷേകച്ചടങ്ങുകൾ നടത്തിയത്.
കാനോനിക നിയമപ്രകാരം പാപ്പയുടെ വ്യക്തമായ അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തുകയോ അതിൽ പങ്കാളികളാകുകയോ ചെയ്യുന്നത് latae sententiae excommunication എന്നറിയപ്പെടുന്ന സ്വയം പ്രാബല്യത്തിൽ വരുന്ന സഭാഭ്രഷ്ടിന് കാരണമാകും. സമൂഹത്തിന്റെ നിലനിൽപ്പും ദൗത്യത്തിന്റെ തുടർച്ചയും മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തതെന്നാണ് കൂട്ടായ്മയുടെ വിശദീകരണം.
അതേസമയം, ഈ നടപടി ആഗോള കത്തോലിക്കാ സഭയുടെ ഐക്യത്തിന് ഗുരുതരമായ വെല്ലുവിളിയാണെന്നും സഭാചരിത്രത്തിൽ പുതിയൊരു ഭിന്നതയുടെ അധ്യായമായി ഇത് രേഖപ്പെടുത്തപ്പെടുകയാണെന്നും സഭാവൃത്തങ്ങൾ വിലയിരുത്തുന്നു.

