കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച നടപടി നിന്ദ്യവും അവികല മനസ്സിൻറെ സൃഷ്ടിയുമാണ്.ക്രൈസ്തവ ബിംബങ്ങളെ മോശമായി ചിത്രീകരിക്കുന്ന പ്രവണത ഈ കാലഘട്ടത്തിൽ കൂടി വരികയാണ്.ആവിഷ്കാര സ്വാതന്ത്ര്യം ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന ഇത്തരം പേക്കൂത്തുകൾ മറ്റ് മതങ്ങളോട് കാണിക്കുന്നില്ല എന്നുള്ളതും പൊതുസമൂഹം തിരിച്ചറിയേണ്ടതാണ്.ആർക്കും കൊട്ടാവുന്ന ചെണ്ടയായി ക്രൈസ്തവരെ മാറ്റാൻ ശ്രമിക്കരുത്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ കാണിച്ചുകൂട്ടുന്ന ഇത്തരം ജുഗുപ്സാവഹമായ പ്രവണതകൾക്കെതിരെ ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ ശുപാർശകളിൽ കമ്മീഷൻ പ്രതിപാദിച്ചിട്ടുമുണ്ട്.
ഏത് വിഷയത്തിന്റെ പേരിലാണെങ്കിലും ക്രിസ്തുവിൻറെ അന്ത്യ അത്താഴ വികല ചിത്രീകരണം പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ എൽ സി എ വരാപ്പുഴ അതിരൂപത സമിതി ആവശ്യപ്പെട്ടു.അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻറ് റോയ് ഡി ക്കൂഞ്ഞയും ജനറൽ സെക്രട്ടറി റോയ് പാളയത്തിലും അറിയിച്ചു.

