ഡോ. ഗ്രിഗറി പോള്‍, ജനറല്‍ സെക്രട്ടറി
ആമുഖം
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ ചരിത്രബോധവും ചരിത്രവിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ലത്തീന്‍ ഹയറാര്‍ക്കിയുടെ ആശംസകളോടെയും കേരള ലത്തീന്‍ സഭയുടെ (കെആര്‍എല്‍സിബിസി)അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ പൂര്‍ണ പിന്തുണയോടെയും 1992-ല്‍ മോണ്‍. അലക്സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ചതാണ് കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് (കെഎല്‍സിഎച്ച്എ). ക്രാന്തദര്‍ശിയായ അഭിവന്ദ്യ മോണ്‍. അലക്സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ 1992-ല്‍ രൂപംകൊണ്ട കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെഎല്‍സിഎച്ച്എ) ലഘുവായ ചരിത്രം കുറിക്കുവാന്‍ അതിയായ സന്തോഷമുണ്ട്.
ചരിത്രം കുറിക്കേണ്ടതിന്റെ ആവശ്യകത
ചരിത്രം എന്ന പദത്തിന്റെ ഉത്ഭവം ഗ്രീക്കുഭാഷയില്‍ നിന്നാണ്. ഒരു സമൂഹത്തിന്റെ മുന്കാലപ്രവൃത്തികളുടെ ജീവിക്കുന്ന ദൃഷ്ടാന്തമാണ് ചരിത്രം. കഴിഞ്ഞകാല പ്രവൃത്തികള്‍ പഠിക്കുകയും വ്യാഖ്യാനിക്കുകയും അത് വരുംകാലത്തേക്ക് മുതല്‍ക്കൂട്ടാക്കുകയും ചെയ്യുകയാണ് ചരിത്രമെഴുത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ചരിത്രം രേഖപ്പെടുത്തുന്നതിന് ഉറവിടം, പ്രദേശം, ഭാഷ, ആധികാരികത, വിശ്വാസ്യത എന്നിങ്ങനെ പല ഘടകങ്ങളും കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. ഓരോ സമൂഹവും പ്രസ്ഥാനവും ഭൂതകാലസ്മൃതിയിലൂടെ പിന്നോട്ടു തിരിഞ്ഞ് മുന്നോട്ടു നടക്കുമ്പോളാണ് ചരിത്രവിവരണത്തിന്റെ മാസ്മരികത വെളിവാകുന്നത്. അതാകട്ടെ, ഉറവിടങ്ങളുടെ ആഴങ്ങളില്‍ നിന്നും ശേഖരിക്കപ്പെടുമ്പോള്‍ ആധികാരികതയുടെ പാദമുദ്രയാല്‍ ശോഭിതമാകും, ചരിത്ര വിവരണം അര്ഥപൂര്ണമാകുകയും ചെയ്യും.
ഇവര്‍ ആദ്യകാല സാരഥികള്‍
1992-ല്‍ ആരംഭിച്ച ഈ സംഘടന മോണ്‍. അലക്സാണ്ടര്‍ വടക്കുംതല, ഡോ. ജോണ്‍ ഓച്ചന്തുരുത്ത്, ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, പ്രൊഫ. ലോറന്‍സ് ലോപ്പസ്, ജെ. ജെ. മോറിസ്, പ്രൊഫ. എബ്രഹാം അറയ്ക്കല്‍, മോണ്‍. തോമസ് പുത്തന്‍വീട്ടില്‍, മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍, പ്രൊഫ. ആന്റണി ഐസക്, ഷെവ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. ചാള്‍സ് ഡയസ്, ഇ.എസ് ജോസ്, റവ. ഡോ.ഫ്രാന്‍സിസ് പേരേപ്പറമ്പില്‍ ഒസിഡി, മാത്തച്ചന് അറയ്ക്കല്‍, ഷാജി ജോര്‍ജ് തുടങ്ങിയവരുടെ നിരന്തരമായ പരിശ്രത്താല് കാലത്തിന്റെ കുത്തൊഴുക്കുകള്ക്കിടയിലൂടെ ഉയിര്‍ത്തെഴുന്നേറ്റ് കൊവിഡ്, പ്രളയം, മറ്റു ദുരിതങ്ങളും അതിജീവിച്ച് മൂന്നര പതിറ്റാണ്ടിന്റെ തെളിമയില്‍ സജീവമായി ഇന്നും നിലനില്ക്കുന്നു എന്നത് ദൈവകൃപയുടെ നേര്‍സാക്ഷ്യം. അഭിവന്ദ്യ ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ കെഎല്സിഎച്എ യുടെ മുഖ്യ രക്ഷാധികാരിയും കേരളത്തിലെ ലത്തീന്‍ രൂപതകളിലെ എല്ലാ രൂപതാധ്യക്ഷന്മാരും സഹരക്ഷാധികാരികളും ആയിരുന്നു എന്നത് ആദരപൂര്‍വം അനുസ്മരിക്കുന്നു.
ഇവര്‍ വഴിതെളിച്ചു കടന്നുപോയവര്‍
മോണ്‍.അലക്സാണ്ടര്വടക്കുംതല, ഡോ.ജോണ്ഓച്ചന്തുരുത്ത്, മോണ്‍. ജോര്ജ്വെളിപ്പറമ്പില്, പ്രൊഫ. ആന്റണി ഐസക്, എ.ആര്ജോസ്ആലപ്പാട്, മോണ്‍. ജോസഫ്പടിയാരംപറമ്പില്, പ്രൊഫ. ലോറന്‍സ് ലോപ്പസ്, റവ.ഡോ. ഫ്രാന്സിസ്പേരേപ്പറമ്പില്, ടോമിപൊള്ളയില്, ഷെവ.പ്രൊഫ.എബ്രഹാംഅറയ്ക്കല്, അഡ്വ.ജോസിസേവ്യര്, ഈ എസ് ജോസ്, കൂടാതെ കെഎല്‍സിഎച്ച്എ മാര്‍ഗദര്‍ശികളും പ്രവര്‍ത്തകരുമായിരുന്ന മണ്മറഞ്ഞുപോയ എല്ലാവരുടെയും പാവന സ്മരണയ്ക്കു മുന്നില്‍ പ്രണാമം.
ആദ്യകാല പ്രവര്‍ത്തനങ്ങള്‍
ഏതൊരു സംഘടനയുടെയും ചരിത്ര ഗതിവിഗതികളുടെ തിരുശേഷിപ്പ് അതിന്റെ പ്രവര്‍ത്തനങ്ങളുടെ മികവും തെളിവുമാണ്. അപ്രകാരം അടയാളപ്പെടുത്തുവാന്‍ ഒരുപിടി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ കഴിഞ്ഞു എന്നതാണ് കെഎല്സിഎച്ച്എയ്ക്ക് മിഴിവേകുന്നത്. ഉദയംപേരൂര്‍ സൂനഹദോസിന്റെ നാനൂറാം വാര്‍ഷികം, മോണ്‍.ഡോ. അലക്സാണ്ടര്‍ വടക്കുംതല ജന്മശതാബ്ദി, കൊച്ചി വാസ്കോഡ ഗാമ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ അന്തര്‍ദേശീയ സെമിനാര്‍, വരാപ്പുഴ അതിരൂപത ശതോത്തര രജതജൂബിലി ചരിത്ര സെമിനാര്‍, മദര്‍ ഏലീശ്വ സിടിസി ചരമ ശതാബ്ദി ചരിത്ര സെമിനാര്‍, ജോമ (ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി) ഉദ്ഘാടനവും ചരിത്ര സെമിനാറും, കാത്തലിക് ഹിസ്റ്ററി അസോസിയേഷന് ഓഫ് ഇന്ത്യ (സിഎച്ച്എഐ) കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നടന്ന അഖിലേന്ത്യാ സെമിനാര്‍, സിടിസി സന്ന്യാസിനി സഭാ സ്ഥാപനത്തിന്റെ 150-ാം വാര്‍ഷികം, ആര്‍ച്ച്ബിഷപ് അലക്സിസ് ദേ മെനേസസിന്റെ നാനൂറാം ചരമവാര്‍ഷികം എന്നിവ പരിപാടികളില്‍ പ്രധാനപ്പെട്ട ചിലതാണ്.
പ്രളയം, കൊവിഡ്, പുനര്‍ജനിയുടെ പാഞ്ചജന്യം വീണ്ടും
ഡോ. ജോണ്‍ ഓച്ചന്തുരുത്ത് ജനറല്‍ സെക്രട്ടറി ആയിരുന്ന 2011-ല്‍ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്ന കെആര്‍എല്‍സിസി അസംബ്ലിയില്‍ ഹെറിറ്റേജ് കമ്മീഷന് രൂപീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തുടര്‍ന്ന് ഹെറിറ്റേജ് കമ്മീഷന് രൂപീകരിക്കുകയും ചെയ്തു. കെഎല്സിഎച്എ പ്രതിനിധി ജനറല്‍ അസംബ്ലികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ്, പ്രളയം, ഡോ. ജോണ്‍ ഓച്ചന്തുരുത്ത്, മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കന്മാരുടെ മരണം തുടങ്ങിയവ മൂലം അല്പകാലത്തേക്ക് സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചെങ്കിലും, ഹെറിറ്റേജ് കമ്മീഷന് ചെയര്മാന് അഭിവന്ദ്യ അലക്സ് വടക്കുംതലയുടേയും സെക്രട്ടറി റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്റെയും പ്രത്യേക താല്പര്യത്താല് 2023 മാര്‍ച്ചില്‍ ആലുവ കര്‍മ്മലഗിരിയില്‍ നടന്ന വാര്‍ഷിക യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മോണ്‍. റോക്കി റോബി കളത്തില്‍ (കോട്ടപ്പുറം, ഡയറക്ടര്‍) ഡോ.ചാള്‍സ് ഡയസ് എക്സ് എം പി (വരാപ്പുഴ, പ്രസിഡന്റ്), ഡോ. എസ് റെയ്മണ്‍ (തിരുവനന്തപുരം), റവ. ഡോ. ആന്റണി കുരിശിങ്കല്‍(കണ്ണൂര്‍), പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് (വരാപ്പുഴ), സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ (സിറ്റി സി) (വൈസ് പ്രസിഡന്റുമാര്‍), ഡോ. ഗ്രിഗറി പോള്‍ കെ.ജെ (വരാപ്പുഴ, ജനറല്‍ സെക്രട്ടറി), മാത്തച്ചന് അറയ്ക്കല്‍ (വരാപ്പുഴ) ഡോ. സുരേഷ് ജെ (നെയ്യാറ്റിന്‍കര), ജെയ്സണ്‍ ആദപ്പിള്ളി (വരാപ്പുഴ), (സെക്രട്ടറിമാര്‍), ജോസഫ് ആഞ്ഞിപ്പറമ്പില്‍ (വരാപ്പുഴ, ഖജാന്‍ജി). അലക്സ് മുതുകുളം (കൊല്ലം,അസി. ഖജാന്‍ജി), റവ.ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പില്‍ (സെക്രട്ടറി, ഹെറിറ്റേജ് കമ്മീഷന് – എക്സ് ഒഫീഷ്യോ), ഫാ. സില്‍വസ്റ്റര്‍ കുരിശ് (തിരുവനന്തപുരം), ഇഗ്നേഷ്യസ് തോമസ് (തിരുവനന്തപുരം), മാര്‍ഷല്‍ ഫ്രാങ്ക് (കൊല്ലം), രതീഷ് ഭജനമഠം (ആലപ്പുഴ), റവ. ഡോ. വി.പി.ജോസഫ് കൃപാസനം (ആലപ്പുഴ), ഫാ. മാത്യു മഠത്തില്‍ (വിജയപുരം), എഫ്. ആന്റണി പുത്തൂര്‍ ചാത്തിയാത്ത് (വരാപ്പുഴ), അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, ഷാജി ജോര്‍ജ്, ജോസഫ് മാനിഷാദ്, സിബി ജോയ് (വരാപ്പുഴ), ജോസ് ക്രിസ്റ്റഫര്‍ (കൊച്ചി), സിസ്റ്റര്‍ ഡോ. മേരി അന്റോണിയോ (കോട്ടപ്പുറം), മോണ്‍. വിന്‍സന്റ് അറയ്ക്കല്‍ (കോഴിക്കോട്) എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
13 വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന രജിസ്ട്രേഷന് പുതുക്കിയിട്ടുണ്ട്. വോക്സ്നോവ എഡിറ്റോറിയല്‍ ബോര്‍ഡ് പുന: സംഘടിപ്പിച്ചു; വോക്സ്നോവ ത്രൈമാസിക പുനരാംഭിച്ചു. ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷിക സമാപനത്തോടനുബന്ധിച്ച്2024 ആഗസ്ത് 22-ന് പിഒസിയില്‍ നടത്തപ്പെട്ട ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍- ആധുനിക ഭാഷാന്തരീകരണം (ഷെവ.പ്രൊഫ. പ്രിമൂസ് പെരിഞ്ചേരി) പുസ്തകപ്രകാശനത്തിലും (ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് ഡോ. അലക്സ് വടക്കുംതല) പൊതുസമ്മേളനത്തിലും കെഎല്‍സിഎച്ച്എയുടെ പങ്കാളിത്തമുണ്ടായിരുന്നു.
പള്ളിക്കൊപ്പം പള്ളിക്കൂടം- പിഎസ് സി ചോദ്യം, ദീപിക പത്രലേഖനം, കുസാറ്റില്‍ ഷെവ. എല്‍ എം പൈലി ചെയര്‍, മാര്‍ റാഫേല്‍ തട്ടിലിന്റെ ലത്തീന്‍ അവഹേളനപ്രസംഗം, ഫോര്‍ട്ടുകൊച്ചിയിലെ ഇമ്മാനുവല്‍ കോട്ട സംരക്ഷണം, തുടങ്ങിയവയില്‍ അപ്പപ്പോഴുള്ള പ്രതികരണം കെഎല്‍സിഎച്ച്എയുടെ ഭാഗത്തു നിന്നുമുണ്ട്. 2024മാര്‍ച്ച് 10ന് ആശീര് ഭവനില്‍ ജോമ ചരിത്ര സിമ്പോസിയം: (ജാതീയത) പങ്കാളിത്തം സംഘടിപ്പിച്ചു. ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
പ്രശസ്ത വ്യക്തികളുടെ പങ്കാളിത്തത്തോടെ വിവിധ വിഷയങ്ങളില്‍ ഒരു ഡസനിലധികം വെബ്ബിനാറുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ ലത്തീന്‍ ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. കെഎല്‍സിഎച്ച്എ പുസ്തക പ്രസാധന രംഗത്തേക്കും പ്രവേശിച്ചു. ‘ആനി മസ്ക്രീന്’, സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ രചിച്ച ‘നവോത്ഥനത്തിന്റെ നേരവകാശികള്‍’, ബിഷപ് ബെന്‍സിഗര്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
ലത്തീന്‍ സഭ-സമുദായ ചരിത്ര രചയിതാക്കളില്‍ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത റവ.ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷണ്‍ അവാര്‍ഡ് (25,000 രൂപയും പ്രശസ്തിപത്രവും), 20പേര്‍ക്ക് ചരിത്രപ്രതിഭ അവാര്‍ഡുകള്‍ (10,000 രൂപയും പ്രശസ്തിപത്രവും), 2പേര്‍ക്ക് ചരിത്രബോധി അവാര്‍ഡുകള്‍ (10,000 രൂപയും പ്രശസ്തിപത്രവും) 2026 ഫെബ്രുവരി 1ന് പിഒസി ഓഡിറ്റോറിയത്തിലായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്.
രൂപതകളുടെ ചരിത്രത്തിലൂടെ കേരളസഭയുടെ സമഗ്രമായ ചരിത്രരചന 2027-ലെങ്കിലും പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

