ന്യൂഡല്‍ഹി: ലോക വന്യജീവി സംരക്ഷണ ദിനത്തിൽ ഇന്ത്യയുടെ സംഭാവന എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്യജീവികളെ സംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അന്താരാഷ്ട്ര തലത്തില്‍ ബോധവല്‍ക്കരണം നടത്താൻ എല്ലാ വർഷവും മാർച്ച് 3 ന് ലോക വന്യജീവി ദിനം ആചരിക്കുന്നു. 2013 മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്.
ഈ ദിനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് വന്യജീവികളെ സംരക്ഷിക്കണമെന്ന് മോദി വ്യക്തമാക്കിയത്. “ഇന്ന് അന്താരാഷ്ട്ര വന്യജീവി സംരക്ഷണ ദിനമാണ്, വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ആവർത്തിക്കാം, ഓരോ ജീവജാലവും ഒരു പ്രധാന പങ്കുവഹിക്കുന്നു. വരും തലമുറകൾക്കായി നമുക്ക് അവയുടെ ഭാവി സംരക്ഷിക്കാം! വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ സംഭാവനകളിലും നമുക്ക് അഭിമാനമുണ്ട്,- മോദി പറഞ്ഞു.

