പ്രഫ. ഷാജി ജോസഫ്
സിനിമ കേവല വിനോദത്തിനു മാത്രമല്ല, അതിര്‍ത്തികള്‍ നിശ്ചയിക്കാന്‍ കഴിയാത്ത ലോകത്തെ അറിയാനുള്ള കലാരൂപം കൂടിയാണ് എന്ന് ഓര്‍മിപ്പിക്കുന്ന ഇടങ്ങളാണ് ചലച്ചിത്രോത്സവങ്ങള്‍. ലോക സിനിമകളുടെ വൈവിധ്യം കൊണ്ടും അവയുടെ നിലവാരം കൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളില്‍ ഒന്നാണ് ഐഎഫ്എഫ്കെ. ചിത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്ന്, തലസ്ഥാന നഗരിക്ക് സിനിമയുടെ വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച മേള. ചലച്ചിത്ര മേളകളായ ഐഎഫ്എഫ്ഐ ഗോവ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ), മമ്മി (മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍), കെഐഎഫ്എഫ് (കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) എന്നിവയെക്കാള്‍ ഏറെ മുന്നിലാണ് ഐഎഫ്എഫ്കെ( ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള). 14,000 ല്‍പ്പരം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്ത ഒരാഴ്ച നീണ്ടുനിന്ന (ഡിസംബര്‍ 13 മുതല്‍ 20 വരെ) ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. വ്യത്യസ്തമായ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലോക സിനിമകളിലേക്കുള്ള വാതായനങ്ങള്‍ തുറന്ന വാരം.
‘മത്സര വിഭാഗത്തില്‍’ 14 ലോക സിനിമകള്‍, ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ മലയാളത്തിലെ പുതിയ മാനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന 12 സിനിമകള്‍. ‘ഇന്ത്യന്‍ സിനിമ’ വിഭാഗത്തില്‍ ഏഴു സിനിമകള്‍. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ 13 ചിത്രങ്ങള്‍, കൂടാതെ ഹോമേജുകള്‍, ജൂറികളുടെ സിനിമകള്‍, കാലിഡോസ്കോപ്പില് 6 സിനിമകള്‍. ഹോമേജ് വിഭാഗത്തില്‍ അടുത്തിടെ അന്തരിച്ച സംവിധായകരായ മോഹന്‍, ഹരികുമാര്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി രചന, സുകൃതം എന്നീ സിനിമകളും, കുമാര്‍ സഹാനിയുടെ ഓര്‍മ്മയ്ക്കായി ‘തരംഗ’ എന്ന ഹിന്ദി സിനിമയും, കൂടാതെ ബംഗാളി സംവിധായകനായ ഉല്പദേന്ദു ചക്രവര്‍ത്തിയുടെ ‘ചോഖ്’ എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു.
ലോകസിനിമയ്ക്കുള്ള വിലപ്പെട്ട സംഭാവനകളെ മുന്‍നിര്‍ത്തി ഐഎഫ്എഫ്കെ 2024 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സുപ്രസിദ്ധ സംവിധായിക ‘ആന്‍ ഹുയിക്ക്’ നല്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ അന്വേഷിക്കുന്ന അവരുടെ സിനിമകള്‍ വംശീയത, ലിംഗ വിവേചനം, കുടിയേറ്റം, സാംസ്കാരിക അന്യവല്‍ക്കരണം, കൂടാതെ കിഴക്കന്‍ ഏഷ്യയിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. 77-ാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ് ടൈംഅച്ചീവ്മെന്റ് അവാര്‍ഡ്, ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ ക്യാമറ അവാര്‍ഡ് (1997), ബുസാന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്(2014)….എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ അവരെ തേടിയെത്തി. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള മനുഷ്യരുടെ വ്യഥകളുമായി മേളയില്‍ ഹുയിയുടെ അഞ്ച് സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി: ബോട്ട് പീപ്പിള്‍, എസിംപിള് ലൈഫ്, എയ്റ്റീന്‍ സ്പ്രിങ്സ്, ജൂലൈ റാപ്സോഡി, ദി പോസ്റ്റ് മോഡേണ്‍ ലൈഫ് ഓഫ് മൈ ആന്റി.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്ലാത്യന്‍, ആസാമീസ് സംവിധായകന് മോഞ്ചുള്‍ ബറുവ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.
ശതാബ്ദി ട്രിബ്യൂട്ട് വിഭാഗത്തില്‍ അരനാഴികനേരം, മൂലധനം, നീലക്കുയില്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. റിട്രോസ്പക്റ്റീവ് വിഭാഗത്തില്‍ അഞ്ചു പതിറ്റാണ്ടുകള്‍ ക്യാമറകൊണ്ട് നമ്മെ വിസ്മയിപ്പിച്ച സുപ്രസിദ്ധ ക്യാമറാമാനായ മധു അമ്പാട്ടിന്റെ അമരം, ആന്‍ ഓഡ് ടു ലോസ്റ്റ് ലവ്, ഒകാമാഞ്ചി പ്രേമകഥ, പിന്‍വാതില്‍ എന്നീ ചിത്രങ്ങള്‍.
അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ ‘സെലിബ്രേറ്റിംഗ് ഷബാന’ വിഭാഗത്തില്‍ ഷബ്നാ ആസ്മിയും നന്ദിതാ ദാസും മത്സരിച്ചഭിനയിച്ച ദീപാ മേത്തയുടെ ചിത്രം ‘ഫയര്‍’ പ്രദര്‍ശിപ്പിച്ചു. കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ആര്‍മേനിയന്‍ ചിത്രങ്ങളായ അമരിക്കറ്റ്സി, ഗേറ്റ് റ്റു ഹെവന്‍, ലേബ്രിന്ത്്, ലോസ്റ്റ് ഇന്‍ അമേരിക്ക എന്നീ ചിത്രങ്ങളും, ക്ലാസിക് സിനിമകളുടെ റീസ്റ്റോര്‍ ചെയ്ത പതിപ്പുകള്‍ ഏഴെണ്ണവും. സിഗ്നേച്ചേഴ്സ് ഇന്‍ മോഷന്‍ എന്ന ഭാഗത്തില്‍ മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു.
മലയാാള സിനിമയുടെ ആദ്യ നായിക പി.കെ റോസിയുടെ ദീപ്തസ്മരണയില്‍ തുടങ്ങുന്നു ഐഎഫ്എഫ്കെ. റോസി അനുഭവിച്ച ദുരവസ്ഥകളും തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങളും ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന ‘സ്വപ്നായനം’ എന്ന ‘സിഗ്നേച്ചര്‍ ഫിലിമില്‍’ ഫലപ്രദമായി കൊണ്ടുവരുന്നുണ്ട് സംവിധായകന് കെ.ഒ അഖില്‍. സിനിമാ പ്രൊഫഷനുകള്‍ക്കായി പുതിയ അറിവുകളും അവസരങ്ങളും പങ്കിടുവാന്‍ അവസമൊരുക്കിയ ഫിലിം മാര്‍ക്കറ്റ് മേളയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ഫിലിം മാര്‍ക്കറ്റ് ശ്രദ്ധേയമായി.
ലോകത്തിലെ ഏറ്റവും മികച്ച 50 ചലച്ചിത്ര സംവിധായകര്‍ക്ക് ഒരു ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട് ഒരുക്കി ആദരിച്ചു ‘സിനിമാ ആല്‍ക്കെമി’ എന്ന പ്രദര്‍ശനത്തിലൂടെ. കലാകാരനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ ഡിജിറ്റല്‍ പെയിന്റിംഗുകള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത ചലച്ചിത്രകാരന് ടി കെ രാജീവ് കുമാര്‍ ആണ്. ബെര്ഗ്മാന്, കുറോസാവ, ഹിച്ച്കോക്ക്, ഫെല്ലീനി, ഡെസീക്ക, ബ്രെസ്സന്, പസ്സോളിനി ഗൊദാര്‍ദ്, ഹെര്‍സോഗ്, അടൂര്‍, അരവിന്ദന്, കെ.ജി ജോര്‍ജ്, ആഗ്നസ് വര്‍ദ, മാര്‍ത്ത മെസ്സാറോസ്, മീരാ നയ്യാര്‍ തുടങ്ങി ലബ്ധപ്രതിഷ്ഠരായ 50 സംവിധായകര്‍. പരമ്പരാഗത ധാരണകളെ മറികടക്കുന്ന പ്രദര്‍ശനം സിനിമാ പ്രേമികള്‍ക്കും കലാ പ്രേമികള്‍ക്കും ഒരുപോലെ വിരുന്നായി.
തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുത്ത 15 തിയേറ്ററുകളിലും, ഒരേസമയം 2500ഓളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തിലുമാണ് സിനിമകള്‍ അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായത് പെഡ്രോ ഫ്രയറി സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം ‘മാലു’ വാണ് (സമ്മാനം 20 ലക്ഷം രൂപ). തലസ്ഥാന നഗരമായ ‘റിയോ ഡി ജനീറോ’ യില്‍ തീര്‍ത്തും അരക്ഷിതമാജീവിതം നയിക്കുന്ന മാലു, കൂടെ അവളുടെ അമ്മയും സ്വന്തം മകളും. മൂന്ന് സ്ത്രീകളും മാലുവിന്റെ സുഹൃത്തായ ഒരു ട്രാന്‍സ് യുവാവും മാത്രമാണ് ഈ ചിത്രത്തിലുള്ളത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ഏറെ ആകര്‍ഷകമായി.
മികച്ച സംവിധായകനുള്ള രജത ചകോരം ഹര്‍ഷാദ് ഹാഷ്മി സംവിധാനം നിര്‍വഹിച്ച മീ, മറിയം, ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 ഒദേഴ്സ് എന്ന ചിത്രം നേടി (സമ്മാനം 4 ലക്ഷം രൂപ). മഹ്ബൂബെ എന്ന മുപ്പതുകാരിയായ ഒരു സ്ത്രീ തന്റെ വീട് ഒരു സിനിമാ സംഘത്തിന് ആറ് ദിവസത്തേക്ക് വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍, അവളുടെ ഏകാന്തമായ ജീവിതം പെട്ടെന്ന് താളംതെറ്റുന്നു. ഗ്രൂപ്പിന്റെ ഇടപെടലുകളില്‍ ആകൃഷ്ടയായി, അവരുടെ ഹ്രസ്വചിത്രത്തിന്റെ കഥാ സന്ദര്‍ഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മഹ്ബൂബ് തന്റെ ഭൂതകാലത്തിന്റെ പരിഹരിക്കപ്പെടാത്ത വശങ്ങളെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതയായി. എന്നിരുന്നാലും, അവരുടെ താമസത്തിന്റെ അവസാന ദിവസം അടുക്കുമ്പോള്‍, അവള് ഒരു സുപ്രധാന തീരുമാനത്തെ അഭിമുഖീകരിക്കുന്നു: അവളുടെ പരിചിതമായ പഴയ ജീവിതത്തോട് പറ്റിനില്ക്കണോ അതോ പരിവര്‍ത്തനാത്മകമായ ഒരു പുതിയ അധ്യായത്തിനുള്ള അവസരം സ്വീകരിക്കണോ…മനോഹരമായി ഒരുക്കിയ ചിത്രം മേളയിലെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം അവാര്‍ഡ് ക്രിസ്റ്റോബല്‍ ലിയോണ-ജോക്വിന്‍ കോസിന കൂട്ടുകെട്ട് സംവിധാനം ചെയ്ത ‘ദി ഹൈപ്പര്‍ബോറിയന്‍സ്’ എന്ന ചിത്രത്തിന് ലഭിച്ചു (സമ്മാനം 3 ലക്ഷം രൂപ). പരീക്ഷണങ്ങളിലൂന്നി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പുത്തനൊരു ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഐഎഫ്എഫ്കെ നല്കുന്ന ‘ സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക്. ഓള് വീ ഇമേജിന് ഏസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായകയും കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഗ്രാന്‍ഡ് പ്രിക്സ് ജേതാവുമായ പായല്‍ കപാഡിയയെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി. അഞ്ച് ലക്ഷം രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
ഐഎഫ്എഫ്കെ നല്കുന്ന കെ.ആര്. മോഹനന് അവാര്‍ഡിന്റെ പ്രത്യേക പരാമര്‍ശം, മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള ഫിറെസ്കിപുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം, സംവിധായകന് ഫാസില്‍ മുഹമ്മദിനുള്ള പ്രത്യേക ജൂറി പരാമര്‍ശം, അതിലുപരി ഓഡിയന്‍സ് പോള്‍ അടക്കം അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ’ഫെമിനിച്ചി ഫാത്തിമ’ മേളയിലെ ആഘോഷ ചിത്രമായി. മേള കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പറയാനുള്ളതത്രയും ഫെമിനിച്ചി ഫാത്തിമ എന്ന കുഞ്ഞു സിനിമയെക്കുറിച്ചായിരുന്നു. മികച്ച പുതുമുഖ സംവിധാനത്തിനുള്ള എഫ്എഫ്എസ്ഐ മോഹനന്ഡ അവാര്‍ഡ് ഇന്ദു ലക്ഷ്മി (ചിത്രം- അപ്പുറം), അന്താരാഷ്ട്ര മത്സരവിഭാഗം പ്രത്യേക പരാമര്‍ശം അനഘ രവി(ചിത്രം- അപ്പുറം), ചിന്മയ സിദ്ദി (ചിത്രം- റിഥം ഓഫ് ദമാം). മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ എന്ന ചിത്രത്തിനും, മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശം സംവിധായകന് മിഥുന് മുരളിക്ക് (ചിത്രം കിസ്സ് വാഗണ്‍).
വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും ചോദ്യോത്തരങ്ങളും കൊണ്ട് സജീവമായിരുന്നു ദിവസേന നടത്തിയ ഓപ്പണ്‍ ഫോറങ്ങള്‍. മേളയിലെ ചില ചിത്രങ്ങള്‍ ‘ദി സീഡ് ഓഫ് ദി സീക്രട്ട് ഫിഗ്’ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ നാട്ടിലെ സ്ത്രീകളെ തേടിപ്പിടിച്ച് ശിക്ഷിക്കുന്ന ഇറാനിലെ മത മൗലിക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ചിത്രമാണ് ഇത്. ലോകത്തിനു മുന്നില്‍ ഇറാനിലെ സ്ത്രീകള്‍ നയിച്ച പ്രതിഷേധങ്ങള്‍ പുറത്തറിയിച്ചതിന്റെ പേരില്‍ സംവിധായകന് മുഹമ്മദ് റസ്സൂലോഫിനെ തടവിലടച്ചു ഭരണകൂടം. രാജ്യദ്രോഹിയായി നാടുവിടാന്‍ നിര്‍ബന്ധിതനായ അദ്ദേഹം പുറത്തിരുന്നാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കാന്‍സ് ചലച്ചിത്ര മേളയില്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടി ഈ ചിത്രം. ഭരണകൂടവും മതവും ഒന്നാകുമ്പോള്‍ പ്രത്യേകിച്ച് അവ സ്ത്രീവിരുദ്ധമാവുകയും, മുഴുവന്‍ ഭരണസംവിധാനങ്ങളും അവരുടെ അവകാശങ്ങള്‍ക്ക് എതിരാകുമ്പോള്‍ ഓരോ സ്ത്രീയും ചെയ്യേണ്ട പ്രതിരോധത്തെ അഡ്രസ്സ് ചെയ്യുന്നു ഈ സിനിമ.
‘ദി ഗേള്‍ വിത്ത് ദ നീഡില്‍’ കരോള്‍ എന്ന നിര്‍ധന യുവതിയുടെ കാഴ്ചപ്പാടിലൂടെ വികസിക്കുന്ന സിനിമ. അവളുടെ അതിജീവിതത്തിനുവേണ്ടിയുള്ള യാത്രകള്‍ ശ്രമകരങ്ങളാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനില്‍ യുദ്ധദ്ധമുഖത്തു കാണാതായ ഭര്‍ത്താവിനെ അന്വേഷിക്കുന്ന അവള്‍ക്കു പ്രത്യാശയുടെ വാര്‍ത്തകളൊന്നും കിട്ടുന്നില്ല, അത് അവളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആഖ്യാനം സിനിമയുടെ തീവ്രതയെ കൂട്ടുന്നു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ഈ സൈക്കോളജിക്കല്‍-ഹൊറര്‍ സിനിമ, സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്.
വിക്ടോറിയ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ശ്രദ്ധേയമായി. ഐഐടി മുംബൈയിലെ ഗവേഷക വിദ്യാര്‍ഥിനിയായ ശിവരഞ്ജിനിയാണ് തിരക്കഥയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സ്വന്തം നഗരമായ അങ്കമാലിയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയപ്പോള്‍ ലഭിച്ച കഥാതന്തുവില്‍ നിന്നാണ് വിക്ടോറിയ ആരംഭിക്കുന്നത്. കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് വിക്ടോറിയ.
താരനിരയോ, സാങ്കേതിക സന്നാഹങ്ങളോ ആവശ്യമില്ല, ഇന്നത്തെ സിനിമക്ക് പ്രമേയമാണ് മുഖ്യം എന്ന് അടിവരയിടുന്നു മേളയിലെ ചിത്രങ്ങള്‍ സാങ്കേതികത്വം കൊണ്ടും വ്യത്യസ്തതകൊണ്ടും മേളയില്‍ മലയാള ചിത്രങ്ങള്‍ വേറിട്ടുനിന്നു. ആഗോള പ്രമേയങ്ങള്‍ പ്രാദേശികതയിലൂന്നി നിന്ന് അവതരിപ്പിക്കാനുള്ള ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു ഈ മേളയില്‍.