പ്രഫ. ഷാജി ജോസഫ്
The Wind that Shakes the Barley (Ireland-UK/127 minutes/2006)
Director: Ken Loach
കെന്‍ ലോച്ച് സംവിധാനം ചെയ്ത ‘ദി വിന്‍ഡ് ദാറ്റ് ഷെയ്ക്സ് ദി ബാര്‍ലി’ എന്ന സിനിമ ഐറിഷ് സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച അത്യന്തം ഹൃദയസ്പര്‍ശിയായ ഒരു സിനിമയാണ്.1920കളില്‍ നടന്ന ഐറിഷ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യസ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന മികച്ചൊരു ചരിത്ര സിനിമ. കെന്‍ ലോച്ചിന്റെ മുന്‍ സിനിമകളുടെ തിരക്കഥകളില്‍ പങ്കാളിയായിരുന്ന പോള്‍ ലാവെര്ട്ടിയാണ് തിരക്കഥ രചിക്കുന്നത്.
1920-കളുടെ തുടക്കത്തില്‍ ബ്രിട്ടീഷുകാരെ അയര്‍ലന്റില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി (ഐആര്‍എ) നടത്തിയ അതിശക്തമായ പോരാട്ടങ്ങളും, പിന്നീട് 1922-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്രം ലഭിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിനുള്ളില്‍ നടന്ന ആഭ്യന്തരയുദ്ധത്തെയും ആസ്പദമാക്കി എടുത്ത സിനിമ അന്താരാഷ്ട്ര വേദികളില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഒന്നിച്ചു പോരാടിയ രണ്ടു സഹോദരങ്ങള്‍, സ്വാതന്ത്ര്യത്തിനുശേഷം വന്ന ഫ്രീ സ്റ്റേറ്റിന്റെ ബ്രിട്ടനുമായുള്ള ഉടമ്പടിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിരുദ്ധ ചേരികളില്‍ എത്തപ്പെടുകയാണ്. 1798-ലെ അയര്‍ലന്റിലെ കലാപത്തിന്റെ കാലത്ത് പ്രചാരത്തിലിരുന്ന റോബര്‍ട്ട് ഡ്വയര്‍ ജോയ്സിന്റെ ‘ദി വിന്‍ഡ് ദാറ്റ് ഷേക്ക്സ് ദ ബാര്‍ലി’ എന്ന ഗാനത്തിന്റെ പേരാണ് സിനിമക്ക് വേണ്ടി ഉപയോഗിക്കുന്നത്. സിനിമയുടെ ആരംഭത്തില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുമുണ്ട്.
ചിത്രത്തിന്റെ ആമുഖംതന്നെ ഐറിഷ് ജനത അനുഭവിച്ച കഠിനതകളുടെയും ക്രൂരതകളുടെയും ഓര്‍മ്മപ്പെടുത്തലാണ്. ഐറിഷ് ഗ്രാമപ്രദേശങ്ങളില്‍ ബ്രിട്ടീഷ് ഭരണം വ്യാപകമായപ്പോള്‍, ഐറിഷ് റിപ്പബ്ലിക്കന്‍ ബ്രദര്‍ഹുഡ് എന്ന പ്രതിരോധസമിതിയുടെ ഭാഗമായ നാട്ടുകാരും ജന്മഭൂമിയുടെ സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിലേക്ക് കടക്കുന്നു. ഈ കഥയിലൂടെ, വ്യക്തമായ ഒരു രാഷ്ട്രീയ പരാമര്‍ശവും ചരിത്രബോധവുമുള്ള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്കു നല്കിയ സംവിധായകന്, സ്വാതന്ത്ര്യസമരത്തിലെ മനുഷ്യാവസ്ഥയുടെ ആഴത്തിലുള്ള സത്യങ്ങള്‍ അനാവൃതമാക്കുന്നു.
ചിത്രം ഐറിഷ് പോരാട്ടത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഡാമിയന്‍ ഓ’ഡോണ്വന് (സിലിയന്‍ മര്‍ഫി) എന്ന ഡോക്ടറാണ് കഥയുടെ കേന്ദ്രപാത്രം. ലണ്ടനില്‍ തന്റെ മെഡിക്കല്‍ പഠനത്തിനായി അയര്‍ലന്‍ഡ് വിടാനാണ് ഡാമിയന്‍ ഉദ്ദേശിക്കുന്നത്. ഐറിഷ് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന സംഘത്തില്‍ ചേരാന്‍ നേരത്തേ വിമുഖത കാണിച്ചെങ്കിലും, ബ്രിട്ടീഷ് സൈനികരുടെ ക്രൂരനടപടികളെ തുടര്‍ന്ന്, പഠന പദ്ധതി ഉപേക്ഷിച്ചു സ്വയം ആ പോരാട്ടത്തിലേക്ക് കടക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്, ടെഡി (പാഡ്രെയിക് ഡെലാനി), ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ പ്രതിബദ്ധതയുള്ള ഒരു പ്രാദേശിക നേതാവാണ്.
നീണ്ട രക്തരൂക്ഷിതമായ യുദ്ധത്തിനൊടുവില്‍ ബ്രിട്ടന് പിന്മാറുന്നു. എന്നാല്‍, ആംഗ്ലോ-ഐറിഷ് ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം, വിഭജിക്കപ്പെട്ട അയര്‍ലണ്ടിന് പൂര്‍ണ്ണ സ്വതന്ത്ര പദവി പരിമിതമായേ ലഭിക്കുകയുള്ളൂ എന്ന് എന്ന് ഡാമിയനും കൂട്ടരും വിശ്വസിക്കുന്നു. ഒരു ഐക്യ ഐറിഷ് റിപ്പബ്ലിക്ക് ലഭിക്കുന്നതുവരെ പോരാട്ടം തുടരാനാണ് അവരുടെ തീരുമാനം. പക്ഷേ ഉടമ്പടി അംഗീകരിക്കുന്നത് ഇപ്പോള്‍ സമാധാനം കൊണ്ടുവരുമെന്നും പിന്നീട് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നും ടെഡിയും കൂട്ടാളികളും വാദിക്കുന്നു. അവിടെ ഐറിഷ് ആഭ്യന്തരയുദ്ധം ആരംഭിക്കുകയാണ്. രണ്ടു സഹോദരങ്ങളും വിരുദ്ധ ചേരിയില്‍ നിന്ന് പരസ്പരം വീറോടെ യുദ്ധം ചെയ്യുന്നു.
കഥയുടെ വിസ്മയപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന് ഡാമിയന്‍-ടെഡി സഹോദരങ്ങളിലെ വ്യക്തിഗത രാഷ്ട്രീയ വിരോധമാണ്. ഇരുവരുമൊന്നിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നുണ്ടെങ്കിലും, അയര്‍ലന്‍ഡും ബ്രിട്ടനുമായി ഉണ്ടാക്കുന്ന കരാറിനെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍ ഇരു പക്ഷങ്ങളിലേക്ക് നീങ്ങുന്നു. ടെഡി പ്രതിനിധാനം ചെയ്ത ധാരണയില്‍ ഐറിഷ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ഒരു തീരുമാനത്തിലെത്തുമ്പോള്‍, ഡാമിയന്‍ ശക്തനായ വിപ്ലവകാരിയായി മാറുന്നു. ഭിന്നത മൂലം ഇരുവരും വ്യത്യസ്തമായി പിരിയുകയും അവസാനം സംഘര്‍ഷത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. കേവലം വ്യക്തികളില്‍ കേന്ദ്രീകരിക്കുന്ന പ്രശ്നമല്ല, ഐറിഷ് സ്വാതന്ത്ര്യസമരത്തെ ബാധിച്ച രാഷ്ട്രീയ ഭിന്നതകളുടെ ഊരാക്കുടുക്കാണ് പിന്നീട് നാം കാണുന്നത്.
ചിത്രത്തിലെ ഗ്രീന്‍ ലാന്‍ഡ് സ്കേപ്പുകള്‍, ഐറിഷ് ഗ്രാമപ്രദേശങ്ങളുടെ സുന്ദരമായ പശ്ചാത്തലങ്ങള്‍, സ്വാതന്ത്ര്യ സമരത്തിലെ ക്രൂരതകളാല്‍ നിറംകെട്ട് പോകുന്നു. ക്രിസ്റ്റഫര്‍ മേന്ഗെസ് നിര്‍വഹിച്ച ഛായാഗ്രഹണം, പ്രത്യേക കാലഘട്ടത്തിന്റെ കാഴ്ച അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു. ഐറിഷ് കൃഷിഭൂമികളിലൂടെ വീശുന്ന മൃദുവായ കാറ്റിന്റെ പ്രതീകം ചിത്രത്തിന്റെ കാതലായ തലക്കെട്ടിലും അടങ്ങിയിരിക്കുന്നു. മണ്ണിനോടുള്ള ബന്ധവും, സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത വാഞ്ചയുമാണ് ഈ കഥയില്‍ പൊതിഞ്ഞിരിക്കുന്ന പ്രധാന വിഷയം.
ചിത്രത്തിന്റെ സമ്പൂര്‍ണ്ണ മൂഡ് അതിന്റെ ഭംഗിയില്‍ മാത്രം നില്ക്കുന്നില്ല, മറിച്ച് പ്രചോദനാത്മകമായ ആവിഷ്കാരവും വലിയ രാഷ്ട്രീയവും ചേര്‍ന്നൊരു കാഴ്ചയും ഉയര്‍ത്തുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ക്രൂരതകള്‍ ഐറിഷ് ജനതയുടെ മനസുകളില്‍ വിതച്ച തീയും പ്രതികാരവും അവരുടെ സ്വാതന്ത്ര്യ ദാഹത്തെ വെളിവാക്കുന്നുണ്ട്.
ഡാമിയന്റെ വേഷമിടുന്ന സിലിയന്‍ മര്‍ഫിയുടെ അഭിനയം സിനിമയുടെ മിതത്വത്തിന്റെ കരുത്താണ്. ഡാമിയന്റെ അന്തരംഗ പ്രകോപനങ്ങളെയും, ഒരു മനുഷ്യനെ വിപ്ലവകാരിയാക്കുന്ന അവസ്ഥകളെയും മര്‍ഫി മികച്ചതും വികാരാധീനവുമായ രീതിയില്‍ ആവിഷ്കരിക്കുന്നു. സ്വന്തം ഇന്ദ്രിയങ്ങളേയും വികാരങ്ങളേയും നിയന്ത്രിച്ചുള്ള മര്‍ഫിയുടെ പകര്‍ന്നാട്ടം ആകര്‍ഷകമാണ്. ടെഡിയെ അവതരിപ്പിക്കുന്ന പാഡ്രെയിക് ഡെലാനി കരുത്തുറ്റ അഭിനയമാണ് കാഴ്ചവെക്കുന്നത്.
ലോച്ചിന്റെ ആവിഷ്കാര സാമര്ത്ഥ്യത്തിന് മറ്റൊരു തെളിവാണ് കഥയെ സങ്കീര്‍ണ്ണവും യാഥാര്‍ഥ്യബോധമുള്ളതുമായ രീതിയില്‍ അവതരിപ്പിച്ചത്. ഓരോ കഥാപാത്രവും നമ്മില്‍ അവരോടുള്ള മമത ഉണര്‍ത്തി ഐറിഷ് സമരത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണമായി ആവിഷ്കരിക്കുന്നു. ‘ദി വിന്‍ഡ് ദാറ്റ് ഷെയ്ക്സ് ദി ബാര്‍ലി’ ഒരു സാധാരണ ചരിത്രം പറയുന്ന സിനിമ മാത്രമല്ല. ലോകം മുഴുവന്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരുടെ മനസ്സിലെ പൊള്ളലിനോടുള്ള ആദരമാണ് ഇത്. ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലുള്ള പ്രമേയം ആഴമുള്ള രാഷ്ട്രീയ വിഷയങ്ങളിലേക്കുള്ള ചര്‍ച്ചകളിലേക്ക് പ്രേക്ഷകരെ നയിക്കുന്നു.
ചരിത്രത്തെ രാഷ്ട്രീയബോധത്തോടെ ചിത്രീകരിച്ച ഈ സവിശേഷ ചിത്രം ഒരു ജനതയുടെ പോരാട്ടത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങളും മനുഷ്യരുടെ നന്മയുടെയും ക്രൂരതകളുടെയും വേറിട്ടഭാവങ്ങളും അനാവൃതമാക്കുന്നു. പരക്കെ പ്രശംസിക്കപ്പെട്ട ഈ ചിത്രം 2006-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര് പുരസ്കാരം നേടി. ലോകപ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കെന്‍ ലോച്ച് പാം ഡി ഓറിന് വേണ്ടി പതിനഞ്ചു പ്രാവശ്യം നാമനിര്‍ദ്ദേശം നേടിയിട്ടുണ്ട്. ഇതില്‍ ‘ദി വിന്‍ഡ് ദാറ്റ് ഷെയ്ക്സ് ദി ബാര്‍ലി’, ‘ഐ ഡാനിയല്‍ ബ്ലേക്ക്’എന്നീ രണ്ട് ചിത്രങ്ങള്‍ പാം ഡി ഓര് നേടി.