ഇസ്ലാമാബാദ്: പാകിസ്ഥാന് ക്രിക്കറ്റ് താരം ബാബര്‍ അസം ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു . ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്.
സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു.
നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് കൂടുതല്‍ സംഭാവന നല്കാന് കഴിയുമെന്നും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ ടെസ്റ്റ് റാങ്കിങ്ങിന്റെ ആദ്യ പത്തില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ തീരുമാനം.
‘പ്രിയ ആരാധകരേ, ഞാന്‍ ഇന്ന് നിങ്ങളുമായി ചില വാര്‍ത്തകള്‍ പങ്കിടുകയാണ്. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്മെന്റിനും നല്കിയ അറിയിപ്പ് പ്രകാരം പാകിസ്ഥാന് പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു,’- ബാബര്‍ അസം എക്സില്‍ കുറിച്ചു.