തിരുവനന്തപുരം:ആർ.എസ്.എസ് നേതാക്കളും എ.ഡി.ജി.പി എം.ആർ അജിത് കുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി.
എ.ഡി.ജി.പിക്കെതിരായ പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘം തന്നെയാവും ഈ ആരോപണവും അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ സുഹൃത്തായ ആർ.എസ്.എസ് നേതാവ് ജയകുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും ഇക്കാര്യത്തിൽ രേഖപ്പെടുത്തും.
2023 മെയ് മാസത്തിൽ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആദ്യം ആരോപിച്ചത് . ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി സന്ദർശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇടത് എം.എൽ.എയായ പി.വി അൻവറും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.