ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്നു കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതികളെല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണു വിധി പറഞ്ഞത്.
2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 12 പേരേയും ആസൂത്രണം ചെയ്ത മൂന്നു പേരേയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു.
വിധി പ്രസ്താവിക്കുന്ന സമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലാം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഒന്ന് മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവരാണ്. 13 മുതൽ 15 വരെയുള്ളവർ പ്രതികൾ സഹായം നൽകിയെന്നും കോടതി കണ്ടെത്തി.
പ്രതികൾ എല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലാം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഇവർ വീട് അതിക്രമിച്ചു കയറിയ കേസിലും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
കേസിൽ 13, 14,15 പ്രതികളായ സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഒന്ന്, രണ്ട്, ഏഴ് പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. കുറ്റക്കാർക്കുള്ള ശിക്ഷ വിധി തിങ്കളാഴ്ച ഉണ്ടായേക്കും.
കേസിൽ 31 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ 15 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2021 ഡിസംബർ 19നായിരുന്നു കൊലപാതകം നടന്നത്. പ്രഭാതസവാരിക്കു പതിവായി ഇറങ്ങുന്ന സമയം നോക്കിയെത്തിയ അക്രമികൾ 6.45 ഓടെ വീടിന്റെ ഡൈനിംഗ് ഹാളിലിട്ട് ചുറ്റികയ്ക്ക് ഇടിച്ചും വാളിനു വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കുന്നുപറന്പ് വീട്ടിൽ പരേതനായ കെ.എസ്. ശ്രീനിവാസൻ-വിനോദിനി ദന്പതികളുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തു കിടന്ന കാറും ബൈക്കും മുറിക്കുള്ളിലെ ടീപ്പോയും ഗ്ലാസും അടിച്ചുതകർത്തു.