തിരുവനന്തപുരം: പരാതിക്കെട്ടഴിച്ച് കോൺഗ്രസ്സ് നേതാക്കൾ. കെപിസിസി എക്സിക്യുട്ടീസ് യോഗത്തിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെ കണ്ടാണ് നേതാക്കൾ പരാതികൾ പറഞ്ഞത് . കെപിസിസി യോഗത്തില്‍ പരസ്യമായി പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ നേതാക്കള്‍ ദീപയെ നേരിട്ട് കണ്ട് ബോധിപ്പിച്ചു.
എ ഗ്രൂപ്പിനോട് പാര്‍ട്ടിയില്‍ അവഗണനയാണെന്നാണ് കെ.സി.ജോസഫ്, ബെന്നി ബഹനാര് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പരാതി.കെപിസിസി പുനഃസംഘനയിലും പോഷകസംഘനടയുടെ പുനഃസംഘനാസമയത്തും അവഗണന നേരിട്ടു.
താരിഖ് അന്‍വര്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്തും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും ഇവര്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ദീപയുമായി കൂടിക്കാഴ്ച നടത്തി.
ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളാണ് ഇന്ന് നടക്കുന്ന കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ചയാവുക. കെ.സുധാകരന് ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകുന്ന സാഹചര്യത്തില്‍ പകരം ചുമതല ആര്‍ക്ക് നല്‍കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.