തിരുവനന്തപുരം: സിആർപിഎഫിന് ഗവർണറുടെ സുരക്ഷ ചുമതല. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി അകമ്പടിയായി സഞ്ചരിക്കുക. പോലീസിന്റെ പൈലറ്റ് വാഹനവും, ലോക്കൽ പോലീസിൻെറ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും.
കേരള പോലീസിൻെറ കമാണ്ടോ വിഭാഗമാണ് നിലവിൽ ഗവർണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്.
പോലീസായിരിക്കും ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം. സിആർപിഎഫും പോലീസും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ് ഭവനിലെ മുൻ ഗേറ്റിൻെറ സുരക്ഷ പോലീസിനും ഉളളിൽ സിആർപിഎഫുമായിരിക്കും. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നടത്തിയതിന് ശേഷം സംസ്ഥാന സർക്കാർ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവിറക്കും.