ഫ്രാന്‍സിസ് എന്ന പേരിലെ ദാര്‍ശനിക ലാവണ്യം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുഗപരിവര്‍ത്തനം കുറിക്കുന്ന പേപ്പല്വാഴ്ചയിലെ അപൂര്‍വ സുകൃതങ്ങളുടെ ഒരു ദശകത്തിന്റെ അകംപൊരുളായി പ്രശോഭിക്കുന്നു. 2013-ലെ കോണ്‍ക്ലേവില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള ജസ്യുറ്റ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയ്ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം വോട്ട് ഉറപ്പായപ്പോള്‍, സിസ്റ്റൈന്‍ ചാപ്പലില്‍ തൊട്ടടുത്തിരുന്ന ലാറ്റിന്‍ അമേരിക്കക്കാരനായ ഫ്രാന്‍സിസ്കന്‍ സുഹൃത്ത്, ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലോദിയോ ഹൂമെസ് കര്‍ദിനാള്‍ ഇലക്തോര്മാരുടെ നീണ്ട കരഘോഷത്തിനിടയില് അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് ചെവിയില്‍ മന്ത്രിച്ചു:
”പാവങ്ങളെ മറക്കല്ലേ!” ഒരു ബിബ്ലിക്കല്‍ അനുശാസനം പോലെ ഹൃദയത്തില്‍ പതിഞ്ഞ ആ ഓര്‍മപ്പെടുത്തലാണ് പേപ്പല്‍ ചരിത്രത്തില്‍ ആദ്യമായി അസ്സീസിയിലെ ആ ദരിദ്രസന്ന്യാസിയുടെ പേരു സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മൂന്നാം നാളില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്പില് ഫ്രാന്‍സിസ് പാപ്പാ വെളിപ്പെടുത്തുകയുണ്ടായി.
കര്‍ദിനാള്‍ സംഘത്തിന്റെ പ്രോട്ടോഡീക്കന്‍ കര്‍ദിനാള്‍ ഷാന്‍ ലൂയി തൊറാന്, ‘ഹബേമൂസ് പാപ്പാം’ എന്ന കോണ്‍ക്ലേവിന്റെ ഫലപ്രഖ്യാപനത്തില്‍ ബെര്‍ഗോളിയോ എന്ന പേര് പരസ്യപ്പെടുത്തിയപ്പോള്‍, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തിങ്ങിനിറഞ്ഞിരുന്ന ജനസഞ്ചയത്തിന് അത് അത്രകണ്ട് പരിചിതമായിരുന്നില്ല. വാസ്തവത്തില്‍, ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ആദ്യ റൗണ്ടില്‍ ഏറ്റവും മുന്നില്‍ പരിഗണിക്കപ്പെട്ട പേരായിരുന്നു അത് എന്നത് പൊന്തിഫിക്കല്‍ രഹസ്യമായിരുന്നു! ചെമന്ന കാപ്പയോ രാജകീയ പാരമ്പര്യത്തിന്റെ പ്രൗഢിയും മോടിയും വിളിച്ചോതുന്ന മറ്റ് അടയാളങ്ങളോ ഒന്നുമില്ലാതെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ലോജിയായില് ആദ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍, ”ബോണസേരാ” എന്ന അഭിവാദ്യത്തോടെ, ”ഭൂമിയുടെ അങ്ങേയറ്റത്തു നിന്ന് സഹകര്ദിനാള്മാര് കണ്ടെത്തിയ” തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ലോകത്തോട് അഭ്യര്‍ഥിക്കുന്ന ഫ്രാന്‍സിസ് എന്നു പേരായ പുതിയ പാപ്പായുടെ വാക്കുകളില്‍ ഒരു ”ഫ്രാന്‍സിസ്കന്‍ ജസ്യുറ്റിന്റെ” അസാധാരണ ലാളിത്യവും എളിമയും ദര്‍ശിച്ചവര്‍ തികച്ചും വ്യത്യസ്തനായ ഒരു പരമാചാര്യശുശ്രൂഷകനെ ആശ്ചര്യപൂര്‍വം തിരിച്ചറിയുകയായിരുന്നു. പാവങ്ങളെക്കുറിച്ച് തന്നെ ഓര്‍മിപ്പിച്ച സാവോ പൗളോയിലെ എമരിറ്റസ് ആര്‍ച്ച്ബിഷപ്പും വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ എമരിറ്റസ് പ്രീഫെക്ടുമായ കര്‍ദിനാള്‍ ഹൂമെസിനെ പ്രോട്ടോകോള്‍ ഒന്നും നോക്കാതെ ആ ചരിത്രനിമിഷത്തില്‍ തന്നോടൊപ്പം ഫ്രാന്‍സിസ് പാപ്പാ ചേര്‍ത്തുനിര്‍ത്തി.
അസ്സീസിയിലെ ഫ്രാന്‍സിസ് തനിക്ക് ”ദാരിദ്ര്യത്തിന്റെ മനുഷ്യനാണ്, സമാധാനത്തിന്റെ മനുഷ്യനാണ്, സൃഷ്ടിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മനുഷ്യനാണ്” – പതിമൂന്നാം നൂറ്റാണ്ടിലെ ഫ്രാന്‍സിസിനെ തന്റെ പേപ്പല്ശുശ്രൂഷയുടെ മാതൃകയാക്കുന്നതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചത് അങ്ങനെയാണ്. നിയമസംഹിതകളെക്കാള്‍ സുവിശേഷത്തില്‍ വേരൂന്നിയ തന്റെ പ്രേഷിത ദൗത്യത്തിന് ആധാരമാകുന്ന ഫ്രാന്‍സിസ്കന്‍ അരൂപിയുടെ ഈ മൂന്നു നീര്‍ച്ചാലുകളാണ് മെത്രാനും ദൈവജനവും ചേര്‍ന്നുള്ള സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ സിനഡല്‍ യാത്രയില്‍ കൃപയുടെ കാരുണ്യസ്രോതസുകളാകുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടുന്നു.
പരിശുദ്ധ സിംഹാസനത്തില്‍ ആരൂഢനാകുന്ന ആദ്യ ഈശോസഭാംഗം, എട്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ യൂറോപ്പിനു വെളിയില്‍ നിന്ന് റോമിലെ മെത്രാനാകുന്ന സാര്‍വത്രികസഭയുടെ ആദ്യ പരമാധ്യക്ഷന്‍, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പാ തുടങ്ങിയ വിശേഷണള്ക്കൊപ്പം, അപ്പസ്തോലിക അരമനയിലെ അത്യാഡംബരങ്ങളില് നിന്ന് കാസാ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലെ ലാളിത്യത്തിലേക്ക് താമസം മാറ്റിയ പാപ്പാ, പഴകിതേഞ്ഞ ഷൂസും വിലകുറഞ്ഞ കറുത്ത റിസ്റ്റ് വാച്ചും അലങ്കാരങ്ങളൊന്നുമില്ലാത്ത സാധാരണ വസ്ത്രവും അണിയുന്ന, അഭയാര്‍ഥികളെയും തെരുവില്‍ കഴിയുന്ന അഗതികളെയും തന്റെ അതിഥികളായി ക്ഷണിക്കുന്ന, ആഡംബര കാറുകള്‍ക്കു പകരം ചെറിയ ഫിയാത്തിലോ റെനോ കാറിലോ യാത്ര ചെയ്യുന്ന, പൊന്തിഫിക്കല്‍ ആചാരനിഷ്ഠകളുടെ കര്‍ശന ചട്ടക്കൂടുകള്‍ മറികടന്ന് മാധ്യമങ്ങളുമായി ”തുറവിയോടെയും സ്വതന്ത്രമായും പലപ്പോഴും ദുര്‍വ്യാഖ്യാനത്തിന് സാധ്യതയുള്ള അപകടകരമായ രീതിയിലും” സംവദിക്കുന്ന പാപ്പാ എന്ന വിവരണങ്ങളും ചേര്ത്തുവായിക്കപ്പെടാറുണ്ട്.
യുദ്ധഭൂമിയിലെ ആശുപത്രിയുടെ അവസ്ഥയിലാണ് സഭ എന്ന ആധേയചിന്തയില് നിന്നാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ ശുശ്രൂഷയെ നിര്‍വചിക്കുന്നത്. വക്രതയില്ലാത്ത, സുതാര്യമായ ആ കാഴ്ചപ്പാടിനെ അഞ്ചു വാക്യങ്ങളില്‍ സംഗ്രഹിക്കാവുന്നതാണ്: ഒന്ന്, സഭയുടെ പ്രേഷിതത്വം. രണ്ട്, സിനഡാത്മകത. മൂന്ന്, തല്‍സ്ഥിതിയുടെ ഭഞ്ജനം. നാല്, സാഹോദര്യം. അഞ്ച്, അജപാലനത്തിലെ കാരുണ്യം.
സഭ തന്നില്‍തന്നെ അടഞ്ഞുകൂടി, സുവിശേഷം പ്രഘോഷിക്കാനായി സ്വയം പുറത്തുവരുന്നില്ലെങ്കില്‍ അത് രോഗാതുരവും സ്വയംശിഥിലമാകുന്നതുമാകും എന്നാണ് 2013-ലെ കോണ്‍ക്ലേവില്‍ സഹകര്ദിനാള്മാരോട് ബെര്‍ഗോളിയോ പറഞ്ഞത്: ”യേശു അകത്തുനിന്ന് മുട്ടിവിളിക്കുന്ന നേരമുണ്ട്. അവന് പുറത്തുകടക്കണം. സ്വയംന്യായീകരിക്കുന്ന സഭ യേശുക്രിസ്തുവിനെ പുറത്തുവിടുന്നില്ല.” പ്രേഷിതശിഷ്യത്വം എന്നത് ഫ്രാന്‍സിസിന്റെ ഏറ്റവും പ്രധാന ദര്‍ശനമാണ്. സഭയുടെ പ്രേഷിതദൗത്യം ഘടനാപരമായി ഉറപ്പിക്കാനുള്ള ശ്രമമാണ് ‘പ്രെദിക്കാത്തെ എവാങ്ഗേലിയും’ എന്ന റോമന്‍ കൂരിയായുടെ 2022-ലെ പുതിയ ഭരണഘടന. ഉപവിശുശ്രൂഷകള്ക്കായുള്ള ഡികാസ്റ്ററിയും സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയും അദ്ദേഹം തന്റെ നേരിട്ടുള്ള ചുമതലയിലാക്കി. ദൈവരാജ്യനിര്മിതിക്കായി സഭയുടെ കേന്ദ്രഭരണസംവിധാനം പ്രേഷിതത്വസ്വഭാവമുള്ള, സേവനസന്നദ്ധമായ സുദൃഢപ്രസ്ഥാനമായി പരിവര്‍ത്തനം ചെയ്യണം. റോമിനു മാത്രമല്ല, ലോകത്തിലെ ഓരോ രൂപതയ്ക്കും വിശ്വാസസമൂഹത്തിനും ഇത് ബാധകമാണ്. കോര്‍പറേഷനുകളുടെ മാനേജര്‍മാരെ പോലെയല്ല മെത്രാന്മാര് പെരുമാറേണ്ടതെന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, മെത്രാന്മാരുടെ ജനറല്‍ സിനഡുകള്‍ ഫ്രാന്‍സിസ് പാപ്പായുടെ അജപാലന കര്‍മപദ്ധതിയുടെ മുഖ്യ ചാലകശക്തിയായി മാറിയിട്ടുണ്ട്. കുടുംബജീവിതം, യുവജനം, ആമസോണ്‍, ക്രൈസ്തവ മിഷന്റെ സ്വഭാവം എന്നിവ റോമില്‍ സമ്മേളിച്ച ഈ സിനഡുകളുടെ മുഖ്യപ്രമേയങ്ങളായി. 2014-15 കുടുംബ സിനഡില്‍ വിവാഹമോചിതരായി സിവില്‍ നിയമപ്രകാരം പുനര്‍വിവാഹിതരായ ദമ്പതിമാര്‍ക്ക് ദിവ്യകാരുണ്യം നല്കുന്ന കാര്യം ഗൗരവതരമായി പരിഗണിക്കപ്പെട്ടു. 2019-ല്‍ ആമസോണ്‍ സിനഡില്‍ വിവാഹിതരായ വീരി പ്രൊബാത്തി (വിശ്വാസസ്ഥൈര്യം തെളിയിച്ചവര്‍ക്ക്) പൗരോഹിത്യം നല്‍കണം എന്ന നിലപാട് ശക്തമായി ഉന്നയിക്കപ്പെട്ടു. ആഗോളതലത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച് 2024 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സിനഡാത്മകതയിലേക്കുള്ള സിനഡല്‍ പ്രക്രിയ, പരിശുദ്ധാത്മാവിന്റെ നിറവില്‍ പരസ്പരം ശ്രവിച്ചും സംവാദത്തില്‍ മുഴുകിയും അല്മായരും ഹയരാര്‍ക്കിയും അനുയാത്ര ചെയ്യുന്ന പ്രേഷിതദൗത്യത്തിന്റെ പ്രയാണമാണ്. മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ പുതിയ രൂപഭാവങ്ങള്‍ ഈ യാത്രയില്‍ ഉരുത്തിരിയുന്നു. സഭയില്‍ വനിതകളുടെ പങ്ക്, ലൈംഗികത, സഭാഭരണസംവിധാനം, തിരുപ്പട്ടം തുടങ്ങി നിരവധി വിവാദപ്രശ്നങ്ങള്‍ക്ക് സിനഡല്‍ പ്രക്രിയ വഴിതെളിക്കുന്നുണ്ട്. പ്രശ്നപരിഹാരം അത്രയ്ക്ക് എളുപ്പമല്ല. ദീര്‍ഘകാല പുനര്‍നവീകരണ പ്രക്രിയയാണത്.
തല്‍സ്ഥിതിയില്‍ മാറ്റം വരുത്തുന്ന ഭഞ്ജനം (ഡിസ്റപ്ഷന്) ഫ്രാന്‍സിസിന്റെ ശൈലിയാണ്. കീഴ് വഴക്കം അനുസരിച്ച്, പതിവുമട്ടില്‍ കാര്യങ്ങള്‍ നടക്കട്ടെ എന്ന ബ്യൂറോക്രാറ്റിക് മനോഭാവം അടിമുടി മാറേണ്ടതുണ്ട്. ബ്രസീലിലെ ലോകയുവജന സമ്മേളനത്തില്‍ ലക്ഷകണക്കിന് യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ തന്റെ മാതൃഭാഷയായ സ്പാനിഷില്‍ ആഹ്വാനം ചെയ്തു: ”ഹഗാന്‍ ലിയോ” (ബഹളമുണ്ടാക്കുക, അലങ്കോലമുണ്ടാക്കുക!). എഴുതപ്പെട്ടിരിക്കുന്ന ചിട്ടവട്ടങ്ങള്‍ തെറ്റിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. അദ്ദേഹം നാമനിര്‍ദേശം ചെയ്ത 111 കര്‍ദിനാള്‍മാരില്‍ നല്ലൊരു പങ്കും ലോകത്തിന്റെ വിദൂര കോണുകളില്‍ നിന്നുള്ളവരാണ്. വനിതകള്‍ക്കും അല്മായര്ക്കും വത്തിക്കാന്‍ കാര്യാലയങ്ങളില്‍ അദ്ദേഹം ഉന്നത പദവികള്‍ നല്കി. വത്തിക്കാന്‍ ജീവനക്കാരില്‍ വനിതാ പ്രാതിനിധ്യം 19.2 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 23.4 ശതമാനമായി ഉയര്‍ന്നു.
മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും നേരിടുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ രൂക്ഷമായ രാഷ്ട്രീയ ഭിന്നതകള്‍ ഉടലെടുത്ത കാലത്താണ് സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ഫ്രാന്‍സിസ്കന്‍ മാതൃക ഫ്രാന്‍സിസ് പാപ്പാ ലോകത്തിനു മുന്‍പാകെ എടുത്തുകാട്ടുന്നത്.
സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി റോമിനു പുറത്തേക്ക് ഫ്രാന്‍സിസ് പാപ്പാ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനം 2013 ജൂലൈയില്‍ മെഡിറ്ററേനിയന്‍ തീരത്തെ അഭയാര്ഥിബോട്ടു ദുരന്തത്തിന്റെ പ്രതീകമായ ഇറ്റലിയിലെ ലാംപെദൂസ ദ്വീപിലേക്കായിരുന്നു. ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേക്കു കുടിയേറിയ കുടുംബത്തിലെ സന്തതിയായ ഫ്രാന്‍സിസ് പാപ്പാ 2016 ഏപ്രിലില്‍ ഗ്രീസില്‍ ലെസ്ബോസ് ദ്വീപിലെ മോറിയ അഭയാര്‍ഥിക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍, തന്റെ സഹായം തേടിയ സിറിയയില്‍ നിന്നുള്ള മൂന്നു കുടുംബങ്ങളിലെ ആറു കുട്ടികള്‍ ഉള്‍പ്പെടെ 12 മുസ്ലിം അഭയാര്‍ഥികളെ പേപ്പല്‍ ഫ്ളൈറ്റില്‍ റോമിലേക്ക് കൊണ്ടുപോയത് ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുകതന്നെചെയ്തു. അഫ്ഘാനിസ്ഥാന്, കാമറൂണ്‍, ടോഗോ എന്നിവിടങ്ങളില്‍ നിന്നുള്ള 33 അഭയാര്‍ഥികളെ 2019 ഡിസംബറില്‍ ദാനധര്മങ്ങള്ക്കായുള്ള പാപ്പായുടെ മുഖ്യകാര്യദര്‍ശിയായ കര്‍ദിനാള്‍ കൊണ്‍റാഡ് ക്രയേവ്സ്കി ഇതുപോലെ റോമിലേക്കു കൊണ്ടുവന്നതും ലോകശ്രദ്ധയാകര്‍ഷിച്ചു. 2020ലെ ഫ്രത്തേല്ലി തൂത്തി (സോദരര്‍ ഏവരും) സാഹോദര്യ ദര്‍ശനത്തിന്റെ ചാക്രികലേഖനമാണ്.
തന്റെ പൊന്തിഫിക്കേറ്റിന്റെ ആരംഭം മുതല്‍ മുസ്ലിങ്ങളെ ഉടപ്പിറപ്പുകള്‍ എന്നാണ് പാപ്പാ വിളിക്കുന്നത്.
ഇസ്ലാമിക ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മറ്റു പാപ്പാമാരെക്കാള് ഏറെ ദൂരം അദ്ദേഹം പോയിട്ടുണ്ട്. മതങ്ങള്‍ക്കിടയില്‍ സമാധാനം ഉണ്ടായാലേ ലോകത്തില്‍ സമാധാനം സാധ്യമാകൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ഡസനിലേറെ മുസ്ലിം രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അറേബ്യന്‍ ഉപദ്വീപില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ ആദ്യ പാപ്പായായ ഫ്രാന്‍സിസ്, 2019-ല്‍ യുഎഇയിലെ അബുദാബിയില്‍ സുന്നി മുസ്ലിംകളുടെ പരമാചാര്യനായ അഹമ്മദ് എല്‍ തയ്യിബുമായി മാനവസാഹോദര്യത്തിന്റെ ഉടമ്പടിയില്‍ ഒപ്പുവച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ്, ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യ പാപ്പായായി അദ്ദേഹം. ഷിയാക്കളുടെ വലിയ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി ഇറാഖിലെ പുണ്യനഗരമായ നജഫിലെ വസതിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ക്രൈസ്തവ സഭകള്‍ക്കിടയിലെ ചരിത്രപരമായ ഭിന്നതകള്‍ക്കിടയിലും ഐക്യത്തിന്റെ സമൂര്‍ത്തമായ അടയാളങ്ങള്‍ കണ്ടെത്താനാകും എന്ന് ഫ്രാന്‍സിസ് പാപ്പാ തെളിയിച്ചു. കോണ്സ്റ്റാന്റിനോപ്പിളെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമനുമായി ഊഷ്മള ബന്ധം നില്നിര്ത്താന് അദ്ദേഹത്തിനു കഴിഞ്ഞു. 2016 ഫെബ്രുവരിയില്‍ ക്യൂബയില്‍ വച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ചയില്‍ കാരുണ്യത്തിന്റെ എക്യുമെനിസം പ്രാവര്‍ത്തികമാക്കാന്‍ ഉടമ്പടി ഒപ്പുവച്ചു (യുക്രെയ്നില്‍ റഷ്യ സൈനികാക്രമണം നടത്തിയതിനെ മോസ്കോ പാത്രിയര്‍ക്കീസ് ന്യായീകരിക്കുമ്പോഴും, അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വഴിതുറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ പാത്രിയര്‍ക്കീസ് കിറിലുമായി വീഡിയോകോണ്‍ഫറന്‍സിങ് നടത്തി). കാന്റബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന് വെല്‍ബിയും സ്കോട്ലന്‍ഡിലെ പ്രസ്ബിറ്റേറിയന്‍ സഭാ ജനറല്‍ അസംബ്ലി മോഡറേറ്റര്‍ ഇയാന്‍ ഗ്രീന്ഷീല്ഡ്സിനുമൊപ്പം ദക്ഷിണ സുഡാനിലേക്ക് എക്യുമെനിക്കല്‍ സമാധാന തീര്‍ഥാടനം നടത്തി. റിഫോര്‍മേഷന്റെ 500-ാം വാര്‍ഷികത്തില്‍ സംബന്ധിക്കാന്‍ പാപ്പാ സ്വീഡനിലേക്കു യാത്ര ചെയ്തു. 2014 ജൂണില്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ ഇസ്രയേലി പ്രസിഡന്റ് ഷിമോന്‍ പെരെസും പലസ്തീന് നേതാവ് മഹ്മൂദ് അബ്ബാസുമായി ഫ്രാന്‍സിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച നയതന്ത്രതലത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു.
അജപാലനത്തിലെ കാരുണ്യം ഫ്രാന്‍സിസ് പാപ്പായുടെ ശുശ്രൂഷയുടെ മുഖമുദ്രയാണ്. ദൈവിക കാരുണ്യത്തിന്റെ അടയാളമാകണം അജപാലന ശുശ്രൂഷ. പൊന്തിഫിക്കേറ്റിന്റെ അജപാലനപരമായ ഹൃദയം എല്ലാത്തിലും പ്രകടമാണ്. വൈദികരോടും മെത്രാന്മാരോടും എന്നും നിര്‍ദേശിക്കുന്നത് മാപ്പുനല്‍കാനാണ്, ശപിച്ചുതള്ളാനല്ല. നല്ല ശമരിയക്കാരന്റെ മാതൃകയാണ് അജപാലനത്തില്‍ പിന്തുടരേണ്ടത്. മരണാസന്നനായി കിടക്കുന്നവന് ഏതു ഗോത്രക്കാരനാണെന്നു നോക്കാതെയാണ് നല്ല ശമരിയക്കാരന് അവനെ ശുശ്രൂഷിച്ചത്. ഓരോ വ്യക്തിയും ദൈവത്തിന്റെ സന്തതിയാണ് എന്ന സുവിശേഷ ദര്‍ശനത്തില്‍ ഊന്നിയാണ് എല്‍ജിബിടിക്യു വിഭാഗക്കാരോടുള്ള സമീപനത്തില്‍ സഭയുടെ പാരമ്പര്യ പ്രബോധനങ്ങളില്‍ നിന്ന് വ്യതിചലിക്കാനുള്ള സാധ്യത അദ്ദേഹം തുറന്നുകാട്ടുന്നത്.
നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിനുവേണ്ടി 2015-ല്‍ ഇറക്കിയ മാര്‍ഗരേഖയാണ് ലൗദാത്തോ സീ എന്ന ചാക്രികലേഖനം. ഉപഭോക്തൃസംസ്കാരത്തിനും ഉത്തരവാദിത്തമില്ലാത്ത വികസനത്തിനുമെതിരായ ആ പ്രബോധനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള നയത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതോടൊപ്പം ദാരിദ്ര്യനിര്‍മാര്‍ജനം, പാവപ്പെട്ടവര്‍ക്കും ഭൂമിയിലെ സ്രോതസുകളുടെ മേല്‍ നീതിപൂര്‍വകമായ അവകാശം എന്നിവയ്ക്കും ഊന്നല്‍ നല്‍കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച 2015-ലെ യുഎന്‍ സമ്മേളനത്തില്‍ പാപ്പാ പങ്കെടുത്തു. കൊവിഡ് മഹാമാരിക്കാലത്ത് വാക്സിന് പാവപ്പെട്ട രാജ്യങ്ങളുമായി നീതിപൂര്‍വം പങ്കുവയ്ക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
ലോകചരിത്രത്തിലെ പ്രായം കൂടിയ പാപ്പാമാരില്‍ ഒരാളാകും ഫ്രാന്‍സിസ് പാപ്പാ. ബെനഡിക്ട് പാപ്പാ സ്ഥാനത്യാഗം ചെയ്തപ്പോഴത്തേക്കാളും, 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന് കാലം ചെയ്തപ്പോഴത്തേക്കാളും പ്രായമുണ്ട് ഫ്രാന്‍സിസ് പാപ്പായ്ക്ക്. ഊന്നുവടിയും വീല്‍ചെയറും പരസ്യവേദികളില് അദ്ദേഹം ഉപയോഗിക്കുന്നു. സഭാ പ്രബോധനങ്ങളുടെയും പാരമ്പര്യങ്ങളുടെയും സുരക്ഷിതമായ കോട്ടയില്‍ അഭയം തേടാതെ, ആധുനികലോകത്തിന്റെ വെല്ലുവിളികള്‍ക്കു നടുവില്‍ ഗാഢമായ ജസ്യുറ്റ് ആധ്യാത്മികതയുടെ വെളിച്ചത്തില്‍ ധീരമായ പോരാട്ടം നയിക്കാനാണ് ഇന്നും ഫ്രാന്‍സിസ് പാപ്പാ ശ്രമിക്കുന്നത്.
ദൈവശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഭിന്നതകള്‍ ഏറെയുണ്ട്. യാഥാസ്ഥിതികരും പുരോഗമനവാദികളും ഒരുപോലെ ആക്രമണോത്സുകരായി ചാടിവീഴാറുണ്ട്. വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ചിലിയില്‍ വൈദികരുടെ ഭാഗത്തുനിന്നുണ്ടായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്കു വീഴ്ച സംഭവിച്ചതായി പാപ്പാ കുറച്ചുവൈകിയാണെങ്കിലും സമ്മതിച്ചു. ലാറ്റിന്‍ അമേരിക്കയിലെ ദൈവജനം അനുഭവിച്ച യാതനകള്‍ക്കിടയില്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ മാര്‍ഗദര്‍ശനത്തില്‍ അധിഷ്ഠിതമായി നീതിക്കും സമാധാനത്തിനും വേണ്ടി പോരാടിയ അജപാലകന്റെ അനുഭവപാഠങ്ങളാണ് ഫ്രാന്‍സിസ് പാപ്പായുടെ സവിശേഷ ശുശ്രൂഷാശൈലിക്ക് ആധാരം. ദൈവത്തിന്റെ രക്ഷാകരമായ സ്നേഹത്തിന്റെ സൗന്ദര്യമാണത്; കാരുണ്യത്തിന്റെ വിപ്ലവവും.