വത്തിക്കാന്‍ സിറ്റി: ദൈവാരാധനയ്ക്കും കൂദാശകളുടെ പരികര്‍മത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇടവക ദേവാലയങ്ങളില്‍ 1962-ലെ മിസാലെ റൊമാനും ഉപയോഗിച്ചുള്ള ട്രൈഡന്റൈന്‍ പാരമ്പര്യത്തിലുള്ള ‘അസാധാരണ” ലത്തീന്‍ ദിവ്യബലി അനുവദിക്കാന്‍ മെത്രാന്മാര്ക്ക് അധികാരമില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ പുതിയ ഡിക്രിയിലൂടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ ആര്‍തര്‍ റോഷ് ഒപ്പുവച്ച റീസ്ക്രിപ്റ്റ് എന്ന വിശദീകരണപത്രികയിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്‍പ് സാര്‍വത്രിക സഭയില്‍ ലത്തീന്‍ ഭാഷയില്‍ ഗ്രിഗോറിയന്‍ ആലാപനങ്ങളോടെ അര്‍പ്പിച്ചിരുന്ന, കിഴക്കോട്ടു തിരിഞ്ഞുള്ള അള്‍ത്താരാഭിമുഖ കുര്‍ബാനയില്‍ മുറുകെപിടിച്ച് ഒരുവിഭാഗം യാഥാസ്ഥിതികര്‍ സഭയുടെ നവീകരണ മുന്നേറ്റങ്ങള്‍ക്കെതിരെ സൈദ്ധാന്തിക ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ കുറ്റപ്പെടുത്തുന്നു.
പ്രാദേശിക ഭാഷകളില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനുള്ള നോവുസ് ഓര്‍ദോ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഏറെ ചര്‍ച്ചകള്‍ക്കുശേഷം അവതരിപ്പിച്ച പുതിയ ആരാധനക്രമം ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന യാഥാസ്ഥിതിക വിഭാഗം ജോണ്‍ പോള്‍ രണ്ടാമന് പാപ്പായും ബെനഡിക്ട് പതിനാറാമന്‍ പാപ്പായും അനുവദിച്ച ഇളവുകള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ നിരീക്ഷിക്കുന്നുണ്ട്.
ബെനഡിക്ട് പാപ്പാ 2007-ല്‍ പ്രസിദ്ധീകരിച്ച സുമ്മോരും പൊന്തിഫിച്ചിയും എന്ന അപ്പസ്തോലിക ലേഖനത്തില്‍, 1962ലെ റോമന്‍ മിസാള്‍ ഉപയോഗിച്ച് കുര്‍ബാന അര്‍പ്പിക്കാനുള്ള അവകാശം എല്ലാ വൈദികര്‍ക്കുമുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.
പഴയ രീതിയിലുള്ള ലത്തീന്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 2021 ജൂലൈയില്‍ ഇറക്കിയ ‘ത്രദീത്സിയോനിസ് കുസ്തോദെസ്’ (പാരമ്പര്യത്തിന്റെ കാവല്ക്കാര്) എന്ന അപ്പസ്തോലിക ലേഖനത്തില്‍ നിര്‍ദേശിച്ചതില്‍ നിന്നു വ്യതിചലിച്ച് ചില മെത്രാന്മാര്, കാനോന്‍ നിയമത്തിലെ ചട്ടം 87 പ്രകാരം ”രൂപതയുടെ ആധ്യാത്മിക നന്മ മുന്‍നിര്‍ത്തി” പരമ്പരാഗത ലത്തീന്‍ കുര്‍ബാനയ്ക്ക് ഇളവ് അനുവദിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന വ്യാഖ്യാനം സ്വീകരിച്ചതിനുള്ള പ്രതികരണം കൂടിയാണ് വത്തിക്കാന്റെ സുവ്യക്തമായ പുതിയ തീര്‍പ്പ്.
വത്തിക്കാന്റെ അനുമതിയില്ലാതെ 1962ലെ
റോമന്‍ മിസാള്‍ ഉപയോഗിക്കരുത്
പരമ്പരാഗത ലത്തീന്‍ കുര്‍ബാനയ്ക്കായി പുതിയ ഇടവകകള്‍ നിശ്ചയിക്കാന്‍ മെത്രാന്മാര്ക്ക് അനുമതിയില്ല. 2021 ജൂലൈ 16നുശേഷം തിരുപ്പട്ടം സ്വീകരിച്ച വൈദികര്‍ പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയില്ലാതെ 1962-ലെ റോമന്‍ മിസാള്‍ ഉപയോഗിക്കരുതെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാപ്പായുടെ മോത്തു പ്രോപ്രിയോയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന 11 സംശയങ്ങളോടു പ്രതികരിച്ചുകൊണ്ട് ദൈവാരാധനയ്ക്കുള്ള വത്തിക്കാന്‍ കാര്യാലയം 2021 ഡിസംബറില്‍ പ്രസിദ്ധീകരിച്ച റെസ്പോണ്സാ ആദ് ദൂബിയയ്ക്ക് 2021 നവംബര്‍ 18ന് പാപ്പാ അംഗീകാരം നല്‍കിയിരുന്നു.
വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പത്തെ റോമന്‍ മിസാള്‍ പ്രകാരമുള്ള സ്ഥൈര്യലേപനം, വൈദികപട്ടദാനം എന്നിവയുടെ ആരാധനക്രമം പുതിയ ചട്ടപ്രകാരം വിലക്കപ്പെട്ടു. എന്നാല്‍ ചില മെത്രാന്മാര് വത്തിക്കാന്‍ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് തങ്ങളുടെ രൂപതകളില്‍ പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്പ്പിച്ചുവരുന്നവര്ക്ക് നിശ്ചിത ഇടവകപള്ളികളില്‍ അതു തുടരാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇതിനുവേണ്ടി ചില ഇടവകകള്‍ പുനഃക്രമീകരിച്ചു. അമേരിക്കയില്‍ ഡെന്‍വറിലെ ആര്‍ച്ച്ബിഷപ് സാമുവല്‍ അക്വീലാ, ഒറെഗണ്‍ പോര്‍ട്ട്ലന്‍ഡിലെ ആര്‍ച്ച്ബിഷപ് അലക്സാണ്ടര്‍ സാംപിള്‍, ഇലിനോയ് സ്പ്രിങ്ഫീല്‍ഡിലെ ബിഷപ് തോമസ് പാപ്റോക്കി തുടങ്ങിയവര്‍ ഇത്തരം ഇളവുകള്‍ നില്‍കിയിരുന്നു. ലൂയിസിയാനയിലെ ലെയ്ക് ചാള്‍സ് രൂപതയിലും നോക്സ് വില്‍ രൂപതയിലും ഉള്‍പ്പെടെ അമേരിക്കയില്‍ എഴുന്നൂറോളം കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ പതിവായി പരമ്പരാഗത ആരാധനക്രമത്തില്‍ പങ്കുചേര്ന്നിരുന്നുവെന്നാണ് കണക്ക്.
ഇളവ് അനുവദിക്കാനുള്ള അധികാരം പരിശുദ്ധ സിംഹാസനത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുന്നു എന്ന് ‘ത്രദീത്സിയോനിസ് കുസ്തോദെസ്’ മോത്തു പ്രോപ്രിയോയില്‍ പറഞ്ഞിട്ടില്ല എന്ന് ചില കാനോന്‍ നിയമവിദഗ്ധര്‍ വാദിച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഡിക്രിയില്‍, ഇളവുകള്‍ അനുവദിക്കേണ്ടത് വത്തിക്കാന്‍ ഡികാസ്റ്ററിയില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം ഇളവുകള്‍ ഏതെങ്കിലും മെത്രാന് അനുവദിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം വത്തിക്കാന്‍ ഡികാസ്റ്ററിയില്‍ അറിയിക്കേണ്ടതാണെന്ന് പുതിയ ഡിക്രിയില്‍ പറയുന്നു. ഓരോ കേസും പ്രത്യേകം വിലയിരുത്തി ഇതു സംബന്ധിച്ച് ഡികാസ്റ്ററി അന്തിമ തീര്‍പ്പു പറയും.
അതേസമയം, അമേരിക്കയിലെ ആര്‍ലിങ്ടണ്‍ രൂപതയിലെ ബിഷപ് മൈക്കള്‍ ബര്ബിഡ്ജിന് രൂപതയിലെ മൂന്ന് ഇടവകകളില്‍ പരമ്പരാഗത ലത്തീന്‍ കുര്‍ബാന തുടരാന്‍ വത്തിക്കാനില്‍ നിന്ന് രണ്ടുവര്‍ഷത്തേക്ക് താത്കാലിക അനുമതി ലഭിക്കുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പരിഷ്കാരങ്ങളോടു വിയോജിപ്പു പ്രകടിപ്പിച്ച പാരമ്പര്യവാദിയായ ആര്‍ച്ച്ബിഷപ് മാര്‍സല്‍ ലുഫേവ്റേ സ്ഥാപിച്ച വിശുദ്ധ പത്താം പീയൂസിന്റെ സൊസൈറ്റിയില്‍ അംഗങ്ങളായിരുന്ന 12 വൈദികര്‍ 1988-ല്‍ രൂപവത്കരിച്ച വിശുദ്ധ പത്രോസിന്റെ വൈദിക ഫ്രറ്റേണിറ്റിക്ക് പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്‍പ്പണം തുടരാന്‍ 2022 ഫെബ്രുവരിയില്‍ പ്രത്യേക അനുമതി നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഡിക്രി ഇറക്കിയിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്‍പ് നിലവിലുണ്ടായിരുന്ന റോമന്‍ മിസാളും റിച്വലും പൊന്തിഫിക്കലും റോമന്‍ ബീവിയറിയും ഉള്‍പ്പെടുന്ന ആരാധനക്രമ പുസ്തകങ്ങള്‍ ഉപയോഗിക്കാന്‍ ഈ ഡിക്രിയിലൂടെ ഈ വൈദികസഖ്യത്തിന് പ്രത്യേക അനുമതി ലഭിച്ചു.
പരമ്പരാഗത ആരാധനക്രമത്തെ വത്തിക്കാന്‍ അതിക്രൂരമായി അടിച്ചമര്‍ത്തുന്നതിനെ വിശ്വാസ സത്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ മുന്‍ അധ്യക്ഷനായ ജര്‍മന്‍ കര്‍ദിനാള്‍ ഗെര്‍ഹാഡ് മുള്ളര്‍ വിമര്‍ശിച്ചു. വത്തിക്കാന്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ അജപാലനപരമായി വലിയ തിരിച്ചടിക്ക് ഇടയാക്കുന്നതും രൂപതാ മെത്രാന്മാരുടെ അധികാരത്തിലുള്ള കൈകടത്തലും സഭയുടെ ഐക്യത്തിന്റെ പ്രതീകമായ പേപ്പസിയുടെ യഥാര്‍ഥ അര്‍ഥത്തിനു മങ്ങലേല്പ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.