റവ. ഡോ. സ്റ്റീഫന് ആലത്തറ
ഡപ്യൂട്ടി സെക്രട്ടറി ജനറല്, സിസിബിഐ
കര്ത്താവായ യേശുക്രിസ്തു തന്റെ രക്ഷാകരദൗത്യം ലോകത്തില് തുടരുന്നതിനായി സ്ഥാപിച്ച തിരുസഭയ്ക്ക് ഐക്യത്തിന്റെയും നേതൃത്വത്തിന്റെയും ദൃശ്യമായ അടയാളമായി വിശുദ്ധ പത്രോസ് ശ്ലീഹായെ നിയോഗിച്ചു. ‘നീ പത്രോസാകുന്നു; ഈ പാറമേല് ഞാന് എന്റെ സഭ പണിയും; പാതാളഗോപുരങ്ങള് അതിനെതിരേ പ്രബലപ്പെടുകയില്ല’ (മത്താ 16:18) എന്ന ദൈവിക വാഗ്ദാനവും ‘എന്റെ കുഞ്ഞാടുകളെ മേയിക്ക’ (യോഹ 21:15-17) എന്ന നിയോഗവും വിശുദ്ധ പത്രോസിനെ സഭയുടെ പ്രഥമ ഇടയനായി ഉയര്ത്തിക്കാട്ടുന്നു. ഈ ശ്ലീഹായില് ആരംഭിച്ച പാപ്പമാരുടെ അനന്തരശുശ്രൂഷ രണ്ടായിരം വര്ഷങ്ങളായി സഭയുടെ വിശ്വാസവും ഐക്യവും അഖണ്ഡമായി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
റോമിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനം ഒരു ചരിത്രസ്മാരകമോ ഭരണകേന്ദ്രമോ മാത്രമല്ല; അത് അപ്പസ്തോലിക പാരമ്പര്യത്തിന്റെ ജീവനുള്ള അടയാളവും ആഗോള കത്തോലിക്കാ സഭയുടെ ഐക്യത്തിന്റെ ദൃശ്യപ്രതീകവുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് കോടിക്കണക്കിന് വിശ്വാസികള് വത്തിക്കാനിലേക്ക് തീര്ഥാടനം നടത്തുന്നത് അവിടത്തെ കലാപൈതൃകത്തോടുള്ള ആദരവിനുവേണ്ടി മാത്രമല്ല, വിശുദ്ധ പത്രോസിന്റെയും അദ്ദേഹത്തിന്റെ പിന്ഗാമികളുടെയും വിശ്വാസസാക്ഷ്യവുമായി ആത്മീയമായി ഐക്യപ്പെടുന്നതിനുമാണ്.
ഈ പശ്ചാത്തലത്തിലാണ് വിശുദ്ധ പത്രോസ് ശ്ലീഹായെയും അദ്ദേഹവുമായി ബന്ധപ്പെട്ട സഭാചരിത്രത്തെയും വത്തിക്കാന്റെ ആത്മീയവും ചരിത്രപരവുമായ മഹത്വത്തെയും മലയാള വായനക്കാര്ക്ക് സമഗ്രമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രതീഷ് ഭജനമഠം വിശുദ്ധ പത്രോസും വത്തിക്കാനും എന്ന ഗ്രന്ഥം ഒരുക്കിയിരിക്കുന്നത്. ചരിത്രവും വിശ്വാസവും പരസ്പരം പൂരകങ്ങളാണെന്ന തിരിച്ചറിവോടെയാണ് ഓരോ അധ്യായവും രൂപപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധഗ്രന്ഥം, സഭാപിതാക്കന്മാരുടെ രചനകള്, സഭയുടെ പ്രബോധനങ്ങള്, ചരിത്രരേഖകള്, ഔദ്യോഗിക സഭാപ്രസിദ്ധീകരണങ്ങള് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥത്തിലെ അവതരണങ്ങള്.
ഈ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായം വിശുദ്ധ പത്രോസ് ശ്ലീഹായെ തിരുസഭയുടെ പ്രഥമ പാപ്പയായി അവതരിപ്പിക്കുന്നു. രണ്ടാം അധ്യായം വിശുദ്ധഗ്രന്ഥത്തിന്റെ വെളിച്ചത്തില് വിശുദ്ധ പത്രോസിന്റെ സ്ഥാനവും ദൗത്യവും വിശദീകരിക്കുന്നു. മൂന്നാം അധ്യായത്തില് സഭാപിതാക്കന്മാരുടെയും വിവിധ കൗണ്സിലുകളുടെയും പാപ്പാമാരുടെയും പ്രബോധനങ്ങളിലൂടെ വിശുദ്ധ പത്രോസിന്റെ പ്രാധാന്യം പരിശോധിക്കുന്നു. നാലാം അധ്യായം പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലും റോമിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ വികാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അഞ്ചും ആറും അധ്യായങ്ങള് ലോക കത്തോലിക്കരുടെ ആത്മീയഹൃദയമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സ്ഥാപനം, അതിന്റെ പുനര്നിര്മ്മാണം, സമര്പ്പണം എന്നിവയുടെ സമ്പന്നമായ ചരിത്രം വിവരിക്കുന്നു. ഏഴാം അധ്യായം വിശ്വാസികളുടെ സംഗമവേദിയായ സെന്റ് പീറ്റേഴ്സ് ചത്വരത്തിന്റെ രൂപകല്പനയും ആത്മീയപ്രാധാന്യവും അവതരിപ്പിക്കുന്നു. എട്ടാം അധ്യായം വത്തിക്കാനിലെ മറ്റ് പ്രധാന ദൈവാലയങ്ങളെയും അവയുടെ ചരിത്രപൈതൃകത്തെയും പരിചയപ്പെടുത്തുന്നു. ഒടുവില്, ഒന്പതാം അധ്യായം വത്തിക്കാന് രാഷ്ട്രത്തിന്റെ രൂപീകരണം, ലാറ്ററന് ഉടമ്പടി, പരിശുദ്ധ സിംഹാസനത്തിന്റെ അന്തര്ദേശീയ സ്ഥാനം എന്നിവ വിശദീകരിച്ചുകൊണ്ട് ഗ്രന്ഥത്തെ സമാപിപ്പിക്കുന്നു.
രതീഷ് ഭജനമഠത്തിന്റെ ഈ ഗ്രന്ഥം ഒരു ചരിത്രപുസ്തകം മാത്രമല്ല; വിശ്വാസത്തിന്റെ വേരുകളെ കണ്ടെത്താനുള്ള ഒരു ആത്മീയയാത്ര കൂടിയാണ്. വിശുദ്ധ പത്രോസിന്റെ ജീവിതവും വിശ്വാസസാക്ഷ്യവും പാപ്പമാരുടെ അനന്തരശുശ്രൂഷയും വത്തിക്കാന്റെ ചരിത്രവും മനസ്സിലാക്കുമ്പോള് കത്തോലിക്കാസഭയുടെ ഐക്യത്തിന്റെയും അപ്പസ്തോലികതയുടെയും കാതോലികതയുടെയും ആഴം കൂടുതല് വ്യക്തമായി അനുഭവിക്കാന് വായനക്കാരന് സാധിക്കും.
ഇക്കാലഘട്ടത്തില് സഭയെക്കുറിച്ചും പാപ്പാശുശ്രൂഷയെക്കുറിച്ചും വത്തിക്കാനെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകളും അപൂര്ണമായ അറിവുകളും പ്രചരിക്കുന്ന സാഹചര്യത്തില്, വിശ്വാസത്തോടും ചരിത്രസത്യത്തോടും നീതിപുലര്ത്തുന്ന ഒരു ആധികാരിക മലയാളഗ്രന്ഥത്തിന്റെ ആവശ്യകത ഏറെ പ്രസക്തമാണ്. ആ ആവശ്യത്തോടുള്ള ഒരു എളിയ പ്രതികരണമാണ് ഈ പുസ്തകം. വൈദികര്ക്കും സമര്പ്പിതര്ക്കും വൈദികവിദ്യാര്ത്ഥികള്ക്കും മതാധ്യാപകര്ക്കും സഭാചരിത്ര ഗവേഷകര്ക്കും സാധാരണ വിശ്വാസികള്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു അവലംബഗ്രന്ഥമാകാന് ഇതിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ഈ ഗ്രന്ഥം വായിക്കുന്ന ഓരോരുത്തരും വിശുദ്ധ പത്രോസ് ശ്ലീഹായുടെ അചഞ്ചലമായ വിശ്വാസത്തിലും ക്രിസ്തുവിനോടുള്ള സമര്പ്പണത്തിലും നിന്ന് പ്രചോദനം ഉള്ക്കൊണ്ട് സഭയെ കൂടുതല് സ്നേഹിക്കാനും പരിശുദ്ധ പിതാവിനുവേണ്ടി പ്രാര്ഥിക്കാനും സഭയുടെ ഐക്യത്തിനും സുവിശേഷദൗത്യത്തിനും ആത്മാര്ത്ഥമായി സഹകരിക്കാനും സന്നദ്ധരാകട്ടെ.
വിശുദ്ധ പത്രോസ് ശ്ലീഹായുടെയും സര്വലോകസഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാധ്യസ്ഥം ഈ ഗ്രന്ഥം വായിക്കുന്ന ഏവര്ക്കും സമൃദ്ധമായി ലഭിക്കട്ടെ. ക്രിസ്തുവിന്റെ സഭയോടുള്ള സ്നേഹവും വിശ്വാസവും ഈ വായനയിലൂടെ കൂടുതല് ദൃഢമാകട്ടെ എന്ന പ്രാര്ത്ഥനയോടെ ഈ ഗ്രന്ഥം വായനക്കാരുടെ കൈകളില് സമര്പ്പിക്കുന്നു.

