വത്തിക്കാൻ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനത്തിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഖനിദുരന്തത്തിലും ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ.
ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും രോഗബാധിതരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച പാപ്പ, ദുരിതബാധിതർക്കുള്ള സഹായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.എബോള വ്യാപനം ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ തന്റെ പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കുന്നതായി പാപ്പ പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സഹകരണം ലഭിക്കേണ്ടത് അനിവാര്യമാണെന്നും, കൂട്ടായ പരിശ്രമത്തിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സ്വർണഖനിയിൽ ഉണ്ടായ മണ്ണിടിച്ചിലിലും പാപ്പ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും രക്ഷാപ്രവർത്തകരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച അദ്ദേഹം, മരിച്ചവരെ ദൈവം നിത്യശാന്തിയിലേക്ക് സ്വീകരിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.
ഖനന മേഖലകളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കട്ടെയെന്നും പാപ്പ പ്രാർത്ഥിച്ചു. കാമറൂൺ അതിർത്തിക്ക് സമീപമുള്ള നാന മാംബെരെ പ്രവിശ്യയിൽ ഉണ്ടായ ഖനിദുരന്തത്തിൽ 120-ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.ആഫ്രിക്കൻ ജനത നേരിടുന്ന ആരോഗ്യ, സുരക്ഷാ പ്രതിസന്ധികളിൽ ലോകസമൂഹം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും പാപ്പ ഓർമിപ്പിച്ചു.

