ബിജോ സില്‍വേരി
മഴ നനഞ്ഞു കുതിര്‍ന്ന ഒരു രാത്രിയില്‍, എറണാകുളത്തെ ഒരു തട്ടുകടയില്‍ തന്റെ അടുത്ത ബന്ധുവിന്റെ പതിനേഴുകാരനായ മകനെ എന്റെ സുഹൃത്ത് കണ്ടു. അവന് ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്. ചെറിയ വരുമാനത്തിലാണ് അവന്റെ അച്ഛന് കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍, അന്ന് രാത്രിയില്‍ താന്‍ കണ്ടത് തികച്ചും വ്യത്യസ്തനായ മറ്റൊരാളായിരുന്നു എന്നാണ് സുഹൃത്ത് പറയുന്നത്. അവന്റെ കയ്യില്‍ പുതിയ മോബൈല്‍ ഫോണ്‍, ധരിച്ചിരിക്കുന്നത് വിലകൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ബൈക്ക്… പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്; വീട്ടില്‍ നിന്ന് ബലമായി വാങ്ങിയെടുക്കുന്ന പണവും, കൂട്ടുകാരില്‍ നിന്ന് കടം വാങ്ങിയ തുകയുമാണ് രാത്രിയിലെ അവന്റെ ‘ട്രെന്‍ഡി’ ലുക്കിന് പിന്നിലെന്ന്!
ഈ കഥ ഈ കൗമാരക്കാരന്റേത് മാത്രം അല്ല. അനാവശ്യമായ കാപട്യങ്ങളെയും ആഡംബരങ്ങളെയും ‘മോഡേണിസം’ എന്ന് തെറ്റിദ്ധരിച്ച്, ജീവിതത്തിന്റെ അതിര്‍വരമ്പുകള്‍ തെറ്റിക്കുന്ന ഒരു വലിയ വിഭാഗം പുതിയ തലമുറയുടെ പ്രതിനിധിയാണ് അവന്. ശരീരത്തെ വസ്ത്രം കൊണ്ട് മൂടാനല്ല മനുഷ്യന് സംസ്കാരത്തിന്റെ ആദ്യപടവുകള്‍ കയറിയത്; മറിച്ച്, സ്വന്തം ചിന്തകളെ അജ്ഞതയില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും സ്വതന്ത്രമാക്കാനാണ്. എന്നാല്‍, ആധുനികതയുടെ (മോഡേണിസം) നിര്‍വ്വചനം ഇന്ന് എവിടെയോ വ്യാജമായ തിളക്കങ്ങളിലേക്ക് വഴിമാറിപ്പോയിരിക്കുന്നു.
ഇന്ന് ‘ജെന്‍ സി’ എന്ന് വിളിക്കപ്പെടുന്ന പുത്തന്‍ തലമുറയിലെ ഒരു വിഭാഗത്തില്‍ ‘മോഡേണിസം’ എന്നത് വെറും ബാഹ്യമായ അടയാളങ്ങളാണ്. പഠിക്കാനും ജീവിക്കാനും കഷ്ടപ്പെടുമ്പോഴും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രം കടം വാങ്ങിയോ വീട്ടുകാരെ ബുദ്ധിമുട്ടിച്ചോ ആഡംബരം കാണിക്കുന്നത് പ്രബുദ്ധതയല്ല, മറിച്ച് ആത്മവിശ്വാസക്കുറവില്‍ നിന്ന് ഉടലെടുക്കുന്ന അപകര്‍ഷതാബോധമാണെന്ന് അവര്‍ മനസിലാക്കുന്നില്ല. ഈ വ്യാജ ആധുനികതയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന തീവ്രമായ വിഷാദരോഗവും (ഡിപ്രഷന്) മാനസികാരോഗ്യ തകര്‍ച്ചകളും നമുക്ക് കാണാം.
സോഷ്യല്‍ മീഡിയയിലെ കൃത്രിമ ലോകം സൃഷ്ടിക്കുന്ന അപകര്‍ഷതാബോധം ഇവര്‍ക്കിടയില്‍ വലിയ മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. കൂട്ടുകാരുടെ ഇടയില്‍ ‘ഔട്ട്’ ആയിപ്പോകുമോ എന്ന ഭയത്താല്‍ സ്വന്തം സങ്കടങ്ങള്‍ തുറന്നുപറയാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ഉള്ളിലെ ശൂന്യതയെയും വിഷാദത്തെയും മറയ്ക്കാന്‍ ലഹരിയിലും, അനിയന്ത്രിതമായ അരാജകത്വത്തിലും, രാത്രി കറക്കങ്ങളിലും ഇവര്‍ താല്‍ക്കാലിക ആശ്വാസം കണ്ടെത്തുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ മാതാപിതാക്കളോട് തുറന്നുപറയാന്‍ സാധിക്കാത്ത വിധം ആശയവിനിമയ വിടവ് വലിയൊരു മതിലായി നിലകൊള്ളുന്നു.
1970-കളില്‍ വ്യവസ്ഥിതികളോട് കലഹിച്ച് ലഹരിയിലും അരാജകത്വത്തിലും ലൈംഗികവൈകൃതങ്ങളിലും അഭയം പ്രാപിച്ച ‘ഹിപ്പി’ പ്രസ്ഥാനത്തിന്റെ ഒരു ഡിജിറ്റല്‍ പതിപ്പാണ് ഇപ്പോഴത്തെ പല ‘ജെന്‍ സി’കളും. അന്ന് കലാരംഗത്ത് കുറച്ചുപേര്‍ പ്രശസ്തരായതൊഴിച്ചാല്, ആ തലമുറയില്‍ ഭൂരിഭാഗവും ലഹരിയുടെ അടിമത്തത്തിലും മാനസിക തകര്‍ച്ചകളിലും അകപ്പെട്ട് ചരിത്രത്തിന്റെ താളുകളില്‍ മാഞ്ഞുപോവുകയായിരുന്നു. ഹിപ്പി പ്രസ്ഥാനത്തിന്റെ ഭാഗമായത് കൗമാരം പിന്നിട്ട യുവാക്കളായിരുന്നുവെങ്കില്‍, ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടെ സ്കൂള്‍ ബെഞ്ചുകളില്‍ ഇരിക്കുമ്പോള്‍ തന്നെ കുട്ടികള്‍ ഈ ‘ജെന്‍ സി’ ട്രെന്‍ഡുകളുടെയും ചിന്തകളുടെയും വിപരീത വശങ്ങളിലേക്ക് വലിച്ചടുക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചുറ്റിപ്പറ്റിയുള്ള പല നിയമങ്ങളും, അതിലേറെ കുട്ടികളുടെ വാശിക്ക് മുന്നില്‍ അടിയറവ് പറയുന്ന മാതാപിതാക്കളുടെ അമിത സ്വാതന്ത്ര്യം നല്കുന്ന മനോഭാവവും അവരില്‍ പലരുടെയും പെരുമാറ്റദൂഷ്യങ്ങള്‍ക്ക് വളമാവുകയാണ് ചെയ്യുന്നത്.
സ്കൂളുകളുടെ അന്തസ്സ് (റെപ്യൂറ്റേഷന്) കാത്തുസൂക്ഷിക്കാനും, നിയമപരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും വേണ്ടി പല ക്യാമ്പസുകളിലും നടക്കുന്ന അച്ചടക്കലംഘനങ്ങളും അനാചാരങ്ങളും പുറത്തറിയിക്കാതെ മൂടിവെക്കപ്പെടുന്നു. ഇത് കുട്ടികളില്‍ ഭയമില്ലായ്മയും ‘എന്തും ചെയ്യാം’ എന്ന ധാര്‍ഷ്ട്യവും വളര്‍ത്തുന്നു. അധികൃതരുടെ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന ഭയം മൂലം അധ്യാപകര്‍ കുട്ടികളുടെ പഠനേതര കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് മനഃപൂര്‍വം കുറയ്ക്കുന്നു.
സാങ്കേതികവിദ്യ വിരല്‍ത്തുമ്പിലുണ്ടെങ്കിലും, പ്രാഥമിക വിദ്യാഭ്യാസത്തില്‍ അടിസ്ഥാന അക്ഷരജ്ഞാനമോ വായനാശീലമോ ഇല്ലാത്ത കുട്ടികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. മൊബൈല്‍ ഫോണില്‍ ഇന്ദ്രജാലം കാട്ടുന്ന അവര്‍ക്ക് അക്ഷരതെറ്റില്ലാതെ ഒരു വാചകം പോലും എഴുതാന്‍ കഴിയാത്ത സ്ഥിതിയാണ്. എസ്.എസ്.എല്‍.സി പരീക്ഷകള്‍ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പുറമേ, ‘പഠനവൈകല്യ’ (Learning Disability/Scribe) സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് കടമ്പ കടന്നുകൂടുന്ന നൂറുകണക്കിനു പേരുണ്ട്. ഇവരില്‍ മിക്കവാറും പേര് ഉന്നതവിദ്യാഭ്യാസത്തിന് പോകുമ്പോള്‍ സ്വാഭാവികമായും കാലിടറി വീഴും. പിന്നീടവരുടെ അഭയം കൂട്ടുകാരുമൊത്തുള്ള ‘കറക്കത്തില്‍’ ആയിരിക്കും.
യഥാര്‍ത്ഥ മോഡേണ്‍ മൈന്‍ഡ്സെറ്റ്
പുതിയ തലമുറയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. നാണയത്തിന് മറ്റൊരു വശമുണ്ട്. പ്രത്യാശ നല്കുന്ന, പ്രകാശമാനമായ വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇന്ന് നമുക്ക് മുന്നിലുണ്ട്! അവര്‍ക്ക് ആധുനികത എന്നത് വിലകൂടിയ ഗാഡ്ജറ്റുകളോ അരാജകത്വമോ അല്ല. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ തെരുവുകളില്‍ അനീതിക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഏന്തി അഹോരാത്രം പോരാടിയ യൗവനങ്ങളെ നാം കണ്ടതാണ്. നേതാക്കള്‍ തെറ്റ് ചെയ്താല്‍ ചൂണ്ടിക്കാണിക്കാനും, സ്വന്തം ഭാവി സ്വയം നിര്‍ണ്ണയിക്കാനും മടിക്കാത്ത പ്രബുദ്ധരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് സ്വന്തം കാര്യങ്ങള്‍ നോക്കുന്നവര്‍, പുതിയ സാങ്കേതികവിദ്യകളും എഐ സാധ്യതകളും ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകളിലൂടെ സ്വന്തം അധ്വാനത്തില്‍ പണം സമ്പാദിക്കുന്നവര്‍! രാജ്യാന്തര വേദികളില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുന്ന കായികതാരങ്ങളും, സ്വതന്ത്ര കലയിലൂടെയും സംഗീതത്തിലൂടെയും വിപ്ലവം സൃഷ്ടിക്കുന്ന കലാകാരന്മാരും ഈ തലമുറയുടെ അഭിമാനമാണ്.
പ്രശസ്ത എഴുത്തുകാരന് ലിയോ ടോള്‍സ്റ്റോയ് പറഞ്ഞതുപോലെ, ‘എല്ലാവരും ലോകത്തെ മാറ്റാന്‍ ചിന്തിക്കുന്നു, എന്നാല്‍ ആരും സ്വയം മാറാന്‍ ശ്രമിക്കുന്നില്ല’.
വസ്ത്രത്തിലോ, ഉപയോഗിക്കുന്ന ഗാഡ്ജറ്റ്സിലോ, രാത്രി കറങ്ങിനടക്കുന്നതിലോ അല്ല മോഡേണിസം ഇരിക്കുന്നത്; അത് ചിന്തയിലാണ് വരേണ്ടത്! വ്യാജ മോഡേണിസത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് വിഷാദത്തില്‍ കൂപ്പുകുത്തുന്ന യുവാക്കളെ കുറ്റപ്പെടുത്താതെ, അവരെ ചേര്‍ത്തുപിടിച്ച് ശരിയായ ദിശാബോധം നല്‍കേണ്ടതുണ്ട്. കയ്യിലെ ഫോണിന്റെ വിലയല്ല, തലച്ചോറിലെ ചിന്തകളുടെ മൂല്യമാണ് ഒരാളെ ‘മോഡേണ്‍’ ആക്കുന്നത്. മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞ്, സ്വന്തം കാലില്‍ നില്ക്കാന് ശ്രമിക്കുന്ന, അനീതിക്കെതിരെ വിരല്‍ ചൂണ്ടുന്ന, ലോകത്തെ ദയയോടെയും ശാസ്ത്രീയമായും വീക്ഷിക്കുന്ന ഒരുവനാണ് യഥാര്‍ത്ഥത്തില്‍ ‘മോഡേണ്‍’. ബാക്കിയുള്ളതെല്ലാം ട്രെന്‍ഡുകളുടെ താല്‍ക്കാലിക വേലിയേറ്റത്തില്‍ ഒലിച്ചുപോകുന്ന കേവലം കാപട്യങ്ങള്‍ മാത്രം.

