കൊച്ചി: കേരള വഖഫ് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച നടപടി വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന പ്രാഥമിക നിരീക്ഷണവുമായി കേരള ഹൈക്കോടതി. വഖഫ് ആക്ടിലെ സെക്ഷൻ 14 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്നാണ് കോടതി വിലയിരുത്തിയത്.
വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്താതെ ബോർഡ് രൂപീകരിച്ചതിനെ ചോദ്യം ചെയ്ത കോടതി, അന്തിമവിധി വരുന്നതുവരെ വഖഫ് ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തി. ജുഡീഷ്യൽ സിറ്റിംഗുകൾ നടത്തുന്നതും വലിയ സാമ്പത്തിക ബാധ്യതയുള്ള ചെലവുകൾക്ക് അംഗീകാരം നൽകുന്നതും കോടതി തടഞ്ഞിട്ടുണ്ട്.
ബോർഡിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, അതുവരെ സർക്കാർ ജോയിന്റ് സെക്രട്ടറി (വഖഫ്) ഭരണപരമായ ചുമതലകൾ നിർവഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ACTS) സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ എസ്. സനൽ കുമാർ ഹാജരായി. കേസ് അടുത്ത ആഴ്ച വീണ്ടും കോടതി പരിഗണിക്കും.

