ബാഗ്ദാദ്: യുദ്ധവും തീവ്രവാദ ആക്രമണങ്ങളും മൂലം നാശനഷ്ടമേറ്റ ക്രൈസ്തവ പൈതൃക കേന്ദ്രങ്ങളും ദേവാലയങ്ങളും പുനരുദ്ധരിക്കുന്നതിന് പുതിയ പദ്ധതിക്ക് ഇറാഖ് സര്‍ക്കാര്‍ തുടക്കമിട്ടു. രാജ്യത്തെ മത-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മൊസൂള്‍, നിനവേ സമതലം, കറക്കോഷ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ചരിത്രപ്രസിദ്ധമായ ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, ക്രൈസ്തവ സമൂഹത്തിന്റെ പൈതൃക കേന്ദ്രങ്ങള്‍ എന്നിവയുടെ നവീകരണത്തിനും സംരക്ഷണത്തിനുമാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
യുദ്ധകാലത്ത് തകര്‍ന്ന ക്രൈസ്തവ പൈതൃക കേന്ദ്രങ്ങള്‍ വീണ്ടെടുക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രാദേശിക സഭാനേതാക്കളുമായും അന്താരാഷ്ട്ര പൈതൃക സംരക്ഷണ സംഘടനകളുമായും സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക.
ക്രൈസ്തവരുടെ സാന്നിധ്യം ഇറാഖിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യഘടകമാണെന്ന് സഭാനേതാക്കള്‍ അഭിപ്രായപ്പെട്ടു. പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും ഭാവിതലമുറകള്‍ക്ക് അത് കൈമാറുന്നതിനും സഹായകരമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മതാടന വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും പുതിയ ഉണര്‍വ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

