കൊച്ചി: കെ.സി.ബി.സി. വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതി ചാത്യാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി “ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും പഠനോപകരണ വിതരണവും” സംഘടിപ്പിച്ചു.ചാത്യാത്ത് മദ്യ-ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് വി. ജി. സെബാസ്റ്റിൻ വലിയപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് എറണാകുളം എം.എൽ.എ. ടി. ജെ. വിനോദ് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.
ചാത്യാത്ത് ഇടവക വികാരി ഫാ. പോൾസൺ കോറ്റിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപത പ്രസിഡന്റ് ഡിക്സൻ റോഡ്രിഗ്സ്, അതിരൂപത ജോയിന്റ് സെക്രട്ടറി ജോൺ ബോസ്കോ, രണ്ടാം ഫെറോന അനിമേറ്റർ സിസ്റ്റർ ഒസ്ബർഗ് സി.ടി.സി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, കച്ചേരിപ്പടിയിലെ എച്ച്.എസ്.എസ്.ടി. അധ്യാപിക ഷർളി റോബൈറോ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയിൽ ബോധവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ച ബോധവത്കരണ ക്ലാസ് നയിച്ചു.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

