മിലാൻ: കത്തോലിക്കാ സഭയുടെ സുവിശേഷവത്കരണ രംഗത്ത് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ പുതിയ ചുവടുവെപ്പായി വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ആസ്പദമാക്കിയ ഹ്രസ്വചിത്രം ‘കോൺഫിഡോ’ ജൂലൈ 18 മുതൽ യൂട്യൂബിലൂടെ പ്രദർശനത്തിനെത്തും. വിശുദ്ധ വിൻസെന്റ് ഡി പോളിനെ മുഖ്യകഥാപാത്രമാക്കി പൂർണമായും എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ആദ്യ ഹ്രസ്വചിത്രമാണിത്.
വിൻസെൻഷ്യൻ സമൂഹത്തിന്റെ ഡിജിറ്റൽ സുവിശേഷവത്കരണ സംരംഭമായ കൊറാസോൺ ഡി പോൾ ആണ് ചിത്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഫാ. ഫെലിപ്പ് റോജാസ് സാവേദ്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മനുഷ്യന്റെ സർഗാത്മകതയെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് വിശ്വാസവും സഭാചരിത്രവും ആധുനിക തലമുറയ്ക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കാനുള്ള ഉപകരണമായാണ് കൃത്രിമബുദ്ധിയെ ഉപയോഗിക്കുന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അദ്ദേഹം പ്രവർത്തിച്ച സ്ഥലങ്ങളും എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും ആത്മീയ ദൗത്യവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. വിശ്വാസവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ഈ സംരംഭം കത്തോലിക്കാ മാധ്യമരംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

