മോൺ.ജെൻസൺ പുത്തൻവീട്ടിൽ
കുടിയേറ്റക്കാരുടെ കണ്ണീരൊപ്പി, അവർക്കൊരു ആത്മീയ അത്താണിയായി മാറിയ മലബാറിന്റെ അമ്മരൂപതയാണ് കോഴിക്കോട് അതിരൂപത. ചരിത്രത്തിന്റെ സുവർണ്ണതാളുകളിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ പാദസ്പർശമേറ്റ പുണ്യഭൂമി. അതിലുമുപരി, കനിവിന്റെയും കാരുണ്യത്തിന്റെയും വചനപ്രഘോഷണത്തിന്റെയും വഴിയിൽ മിഷനറിമാരുടെ ത്യാഗോജ്വലമായ സേവനത്തിന്റെ സുഗന്ധം ശ്വസിച്ച മലബാറിന്റെ ആത്മീയ കോട്ട. ഇത്രയേറെ സവിശേഷതകളും ആകർഷണങ്ങളും ഈ അതിരൂപതയ്ക്കുണ്ടെങ്കിലും, പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്ന, അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന ഒരു വലിയ ആത്മീയനിധി ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. ആ അമൂല്യ നിധിയിലേക്ക് നിങ്ങളുടെ ശ്രദ്ധയൊന്ന് തിരിക്കാനാണ് ഞാൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്.നമ്മുടെ വന്ദ്യപിതാവ് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത താമസിക്കുന്ന മെത്രാസന മന്ദിരത്തിലെ ദേവാലയത്തിൽ (ചാപ്പലിൽ) കോഴിക്കോട് അതിരൂപതയിലെ ഒട്ടുമിക്ക വൈദികരും സന്യസ്തരും ദൈവജനവും പലപ്പോഴായി പ്രവേശിച്ചിട്ടുള്ളവരാണ്. പ്രാർത്ഥനാനിർഭരമായ ആ വിശുദ്ധ ഇടത്തിൽ, നമ്മളെല്ലാവരും ഏറെ വിലമതിക്കേണ്ട, ഭക്തിയോടെ കാത്തുസൂക്ഷിക്കേണ്ട ആ വലിയ രഹസ്യത്തെക്കുറിച്ചും നിധിയെക്കുറിച്ചും ഞാൻ നിങ്ങളോട് പറയട്ടെ…പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ നിർമ്മിക്കപ്പെട്ട, ചരിത്രപ്രസിദ്ധമായ ഗോതിക് പുനരുദ്ധാരണ (Gothic Revival Style) ശൈലിയിലുള്ള ഒരു അപൂർവ്വ തിരുശേഷിപ്പ് പേടകത്തെക്കുറിച്ചുള്ള (Reliquary) വിവരണമാണിത്. കഴിഞ്ഞദിവസം വൈകുന്നേരം, ഭക്ഷണം കഴിഞ്ഞ് അഭിവന്ദ്യ പിതാവും ഞങ്ങളും ചാപ്പലിൽ ഒന്നിച്ച് പ്രാർത്ഥിച്ചു. തുടർന്ന് മുറികളിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് തന്റെ മനസ്സിന്റെ ആഗ്രഹം ഞങ്ങളോട് പങ്കുവെച്ചത്. വിശുദ്ധമായ ഈ തിരുശേഷിപ്പ് പേടകത്തെക്കുറിച്ച് ദൈവജനത്തെ അറിയിക്കണമെന്നും, തിരുശേഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് എഴുതണമെന്നുമുള്ള പിതാവിന്റെ ആ വലിയ സ്വപ്നവും പ്രചോദനവുമാണ്, ഇങ്ങനെയൊരു കുറിപ്പ് നിങ്ങളുമായി പങ്കുവെക്കാൻ എനിക്ക് കാരണമായത്. ഈ തിരുശേഷിപ്പ് പേടകത്തിന്റെ ചരിത്രവഴികൾ തേടിയിറങ്ങുമ്പോൾ അതിശയകരമായ മറ്റൊരു വസ്തുത കൂടി നമുക്ക് കണ്ടെത്താനാകും.
ഈ അമൂല്യ പേടകം, ചരിത്രപ്രസിദ്ധമായ കോഴിക്കോട് രൂപത ഔദ്യോഗികമായി നിലവിൽ വരുന്നതിനും മുൻപേ തന്നെ ഇവിടേക്ക് എത്തിച്ചേർന്നതാണ്. അക്കാലത്ത് ഇവിടുത്തെ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിരുന്ന Most Rev. Paul Perini പിതാവിന് യൂറോപ്പിൽ നിന്നും സ്നേഹത്തോടെ നൽകപ്പെട്ട ഒരു വിശുദ്ധമായ സമ്മാനമാണ് (Gift) ഈ തിരുശേഷിപ്പ് പേടകം. രൂപതയുടെ പിറവിക്കും മുൻപേ വിശ്വാസത്തിന്റെ വിത്തുപാകി സംരക്ഷിച്ച ഈ പുണ്യവസ്തു, കോഴിക്കോടിന്റെ ആത്മീയ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷ്യം കൂടിയാണ്.

കത്തോലിക്കാസഭയുടെ പാരമ്പര്യത്തിലും ആത്മീയതയിലും തിരുശേഷിപ്പുകൾക്കുള്ള (Relics) സ്ഥാനം വളരെ വലുതാണ്. വിശുദ്ധരുടെ ഭൗതികശരീരത്തിന്റെ ഭാഗങ്ങളോ, അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളോ വസ്തുക്കളോ വണക്കത്തിനായി സൂക്ഷിച്ചുവെക്കുന്നതിലൂടെ ദൈവത്തിന്റെ കൃപാവരങ്ങളെയാണ് വിശ്വാസികൾ സ്മരിക്കുന്നത്.
ശുദ്ധമായ ചെമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കോഴിക്കോട് മെത്രാസന മന്ദിരത്തിലെ ഈ പേടകം, മനോഹരമായ ഒരു കത്തീഡ്രൽ ദേവാലയത്തിന്റെ ഗോപുരത്തെ (Cathedral Spire) അനുസ്മരിപ്പിക്കുന്നവിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മുകൾഭാഗത്തായി ഒരു കുരിശും സ്ഥാപിച്ചിട്ടുണ്ട്. പേടകത്തിന്റെ വിവിധ വശങ്ങളിലുള്ള ഗ്ലാസ് അറകളിൽ, ചുവന്ന വെൽവെറ്റ് പശ്ചാത്തലത്തിൽ മുത്തുകളാൽ അലങ്കരിച്ച നിലയിൽ നിരവധി വിശുദ്ധരുടെ തിരുശേഷിപ്പുകൾ ലത്തീൻ ഭാഷയിലുള്ള ചെറിയ പേരുവിവരങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. അവ താഴെ പറയുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്:
1. അപ്പോസ്തലന്മാരുടെ തിരുസാന്നിധ്യം ഈ പേടകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശത്ത് ഈശോയുടെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെയും ആദ്യകാല സഭയിലെ മറ്റ് വിശുദ്ധരുടെയും തിരുശേഷിപ്പുകൾ ഒരുമിച്ച് വണക്കത്തിനായി വെച്ചിട്ടുണ്ട്. വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ്, വിശുദ്ധ അന്ത്രയോസ്, വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ യോഹന്നാൻ, വിശുദ്ധ മത്തായി തുടങ്ങിയ അപ്പോസ്തലന്മാരുടെ പേരുകൾ ഇതിൽ ലത്തീൻ ഭാഷയിൽ ചുരുക്കി എഴുതിയിരിക്കുന്നത് കാണാം.
2. ഈശോസഭക്കാരായ (Jesuits) മിഷനറിമാരുടെ ജ്വലിക്കുന്ന ഓർമ്മകൾ. കോഴിക്കോട് അതിരൂപതയുടെ ചരിത്രത്തോട് ചേർന്നുനിൽക്കുന്ന ഈശോസഭയുടെ (Society of Jesus) സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോള, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ അലോഷ്യസ് ഗോൺസാഗ, വിശുദ്ധ ഫ്രാൻസിസ് ബോർജിയ തുടങ്ങിയ ജെസ്യൂട്ട് വിശുദ്ധരുടെ തിരുശേഷിപ്പുകളാണുള്ളത്. ഇതിനോടൊപ്പം തന്നെ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്, ആവിലായിലെ വിശുദ്ധ തെരേസ എന്നിവരുടെ നാമങ്ങളും ഇവിടെ കാണാം.
3. ആദ്യകാല രക്തസാക്ഷികളും സ്നാപക യോഹന്നാനും സഭയിലെ ആദ്യകാല രക്തസാക്ഷികളായ വിശുദ്ധ ഫെബിയാൻ പാപ്പ, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുശേഷിപ്പുകൾ ഒരുമിച്ചും, തൊട്ടുതാഴെയായി യേശുവിന് വഴിയൊരുക്കിയ സ്നാപക യോഹന്നാന്റെ (Giovanni Batt.) തിരുശേഷിപ്പും ഇവിടെ പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്നു.
4. ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ വസ്ത്രഭാഗം ഈ പേടകത്തിന്റെ ചരിത്രപരമായ മൂല്യം വർദ്ധിപ്പിക്കുന്ന ഒന്നാണ് ഇതിന്റെ താഴെ ഇടതുവശത്തായി ഫ്രഞ്ച് ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന വരികൾ. “Étoffe ayant touché à la BIENHEUREUSE THÉRÈSE DE L’ENFANT-JÉSUS – Carmel de Lisieux” (ലിസ്യുവിലെ ധന്യയായ കൊച്ചുത്രേസ്യായുടെ ശരീരത്തിൽ സ്പർശിച്ച വസ്ത്രത്തിന്റെ ഭാഗം) എന്നാണ് ഇതിന്റെ അർത്ഥം. കൊച്ചുത്രേസ്യായെ 1923-ൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനും 1925-ൽ വിശുദ്ധയായി ഉയർത്തിയതിനും ഇടയിലുള്ള കാലഘട്ടത്തിലാണ് ഈ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
കലയുടെയും വിശ്വാസത്തിന്റെയും അതിമനോഹരമായ ഒരു സമന്വയമാണ് ഈ തിരുശേഷിപ്പ് പേടകം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പവിത്ര വസ്തു, ക്രൈസ്തവ സഭയുടെ ചരിത്രത്തിലേക്കും വിശുദ്ധരുടെ ജീവസ്സുറ്റ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന അമൂല്യമായ ഒരു ആത്മീയ നിധിയാണ്. കോഴിക്കോട് അതിരൂപതയുടെ ഹൃദയഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന ഈ പുണ്യനിധി വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് എന്നതിൽ തർക്കമില്ല. കത്തോലിക്കാസഭയെ വിശ്വാസത്തിലും പ്രഘോഷണത്തിലും വളർത്തി വലുതാക്കാൻ തങ്ങളുടെ ജീവിതം തന്നെ ഹോമിച്ച ത്യാഗധനരായ ദൈവദാസരുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകളാണ് ഈ പേടകത്തിൽ തുടിക്കുന്നത്. ഈ വിശുദ്ധ സന്നിധിയിൽ ഹൃദയം നൊന്ത്, കണ്ണീരോടെ പ്രാർത്ഥിക്കുന്ന ആരുടെയും യാചനകൾ അപ്പോസ്തലന്മാരും വിശുദ്ധരും കേൾക്കാതിരിക്കില്ല; അവർ നമുക്കായി തീർച്ചയായും ഈശോയുടെ സന്നിധിയിൽ മധ്യസ്ഥ്യം വഹിക്കും. എന്നെങ്കിലും നിങ്ങൾ ഈ മെത്രാസന മന്ദിരത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരുമ്പോൾ, ഈ അമൂല്യമായ തിരുശേഷിപ്പ് പേടകത്തിന് മുന്നിൽ നിന്ന് ഒരു നിമിഷം പ്രാർത്ഥിക്കുവാനും അവരുടെ അനുഗ്രഹം തേടുവാനും മറക്കരുത്. ഈ വിശുദ്ധ നിധി നൽകുന്ന ആത്മീയ ചൈതന്യം നിങ്ങളുടെ ജീവിതവഴികളിൽ എപ്പോഴും കൂടെയുണ്ടാകട്ടെ.ദൈവം നിങ്ങളെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

