കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനൽ (ICTT) പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം 18 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ ആശങ്ക അറിയിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രി വരാപ്പുഴ ആർച്ച് ബിഷപ്പ് ഹൗസ് സന്ദർശിച്ച വേളയിലാണ് നിവേദനം നേരിട്ട് കൈമാറിയത്.
പദ്ധതി ബാധിതരായ 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ വിവിധ സ്ഥലങ്ങളിൽ ഭൂമി അനുവദിച്ചെങ്കിലും, അതിൽ മൂന്ന് പുനരധിവാസ കേന്ദ്രങ്ങൾ ഇന്നും വാസയോഗ്യമല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം 185 കുടുംബങ്ങൾക്ക് സ്വന്തം വീട് നിർമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.വാഴക്കാല വില്ലേജിലെ തുതിയൂർ ആദർശ് നഗർ, തുതിയൂർ ഇന്ദിരാ നഗർ, മുളവുകാട് പോലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ അനുവദിച്ച ഭൂമികൾ ചതുപ്പുനിലമായതിനാൽ വീടുനിർമാണത്തിന് അനുയോജ്യമല്ലെന്നാണ് പരാതിയിൽ പറയുന്നത്. ആദർശ് നഗറിൽ നിർമിച്ച മൂന്ന് വീടുകളിൽ രണ്ടെണ്ണം പോലും താമസയോഗ്യമല്ലാത്ത നിലയിലാണെന്നും നിവേദനത്തിൽ പരാമർശിക്കുന്നു.
2008-ലെയും 2011-ലെയും സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും പുനരധിവാസ പാക്കേജ് പൂർണമായി നടപ്പിലാക്കാത്തത് ഗൗരവകരമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഭൂമി അടിയന്തരമായി വാസയോഗ്യമാക്കി സർക്കാർ ഉത്തരവുകൾ പൂർണമായി നടപ്പാക്കി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.വല്ലാർപാടം പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും, പദ്ധതി ബാധിതരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും അറിയിച്ചതായും അതിരൂപത അറിയിച്ചു.

