കൊച്ചി: കേരള ലത്തീൻ കത്തോലിക്കരുടെ നയരൂപീകരണ-ഏകോപന ഉന്നതസമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിയുടെ രണ്ടാം ദിന പരിപാടികൾ ആരംഭിച്ചു.
രാവിലെ നടന്ന സമ്മേളനത്തിൽ കെആർഎൽസിസിയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ അവതരിപ്പിച്ചു. തുടർന്ന് ഏഴ് ഗ്രൂപ്പുകളിലായി നടന്ന ചർച്ചകളുടെ റിപ്പോർട്ടുകൾ അതത് സെക്രട്ടറിമാർ അവതരിപ്പിച്ചു. സിസിആർ സന്യാസിനി സഭയുടെ മദർ ജനറൽ സിസ്റ്റർ മോളി ആട്ടുള്ളിൽ മോഡറേറ്ററായിരുന്നു. വിവിധ ശുശ്രൂഷാസമിതികളുടെ പ്രവർത്തനങ്ങളും സമ്മേളനത്തിൽ വിശദമായി അവലോകനം ചെയ്തു.

ഉച്ചയ്ക്കുശേഷം കെആർഎൽസിസിയുടെ രജതജൂബിലിയോടനുബന്ധിച്ച് “വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ഡോ. എസ്. റെയ്മൺ “സ്വപ്നങ്ങളും യാഥാർഥ്യങ്ങളും”, ജോയ് ഗോതുരുത്ത് “പ്രതിബന്ധങ്ങളും ബലഹീനതകളും”, ഫാ. ജോൺസൺ പുത്തൻവീട്ടിൽ “പുതിയ സാധ്യതകളും നവീകരണവും”, തോമസ് കെ. സ്റ്റീഫൻ “സാമൂഹിക സ്വാധീനം: നവമേഖലകളും ശൈലികളും” എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ മോഡറേറ്ററായിരിക്കും.
വൈകുന്നേരം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെ ആസ്പദമാക്കി അവലോകനവും ചർച്ചയും നടക്കും. അഡ്വ. ഷെറി ജെ. തോമസ്, പി.ആർ. കുഞ്ഞച്ചൻ, അഡ്വ. അഞ്ജലി സൈറസ് എന്നിവർ യഥാക്രമം ക്ഷേമപദ്ധതികൾ, വിദ്യാഭ്യാസ മുന്നേറ്റം, തൊഴിലും വികസനവും എന്നീ വിഷയങ്ങൾ അവതരിപ്പിക്കും. തിരുവനന്തപുരം അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ യൂജിൻ പെരേര മോഡറേറ്ററാകും. രാത്രി സംഘടനാ വിഷയങ്ങളും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും.
ജൂലൈ 12-ന് നടക്കുന്ന സമാപനദിനത്തിൽ രൂപതാ രാഷ്ട്രീയകാര്യസമിതികളുടെ റിപ്പോർട്ടുകളും സംസ്ഥാന രാഷ്ട്രീയകാര്യസമിതി റിപ്പോർട്ടും അവതരിപ്പിക്കും. മുൻയോഗ നടപടികൾ സെക്രട്ടറി പ്രബലദാസും സാമ്പത്തിക റിപ്പോർട്ട് ബിജു ജോസിയും അവതരിപ്പിക്കും. ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വിശ്വാസപരിശീലന സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപന സന്ദേശം നൽകും.
കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന് മുന്നോടിയായി ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യോഗവും ചേർന്നിരുന്നു.

