വത്തിക്കാൻ സിറ്റി: കത്തോലിക്ക കോൺഗ്രസിന്റെ 108 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന് പുതിയ അധ്യായമെഴുതി ആഗോള സമ്മേളനം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കും. 32 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് ലെയോ 14-ാമൻ മാർപാപ്പയുടെ സാന്നിധ്യം പ്രത്യേക പ്രാധാന്യമേകും. “ഒരു വിശ്വാസം, ഒരു സമുദായം, എല്ലാ ഭൂഖണ്ഡങ്ങൾ” എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം.
സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ലോകത്തെ 40 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന പതാക പ്രയാണത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറിയാണ് പ്രയാണം ഉദ്ഘാടനം ചെയ്തത്.ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ജനറൽ കൺവീനർ ബെന്നി മാത്യു പുളിക്കക്കര, വൈസ് പ്രസിഡന്റുമാരായ ഷെവലിയർ ഡേവീസ് എടക്കളത്തൂർ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മൗണ്ട് സെന്റ് തോമസിൽ നിന്ന് ആരംഭിച്ച പതാക പ്രയാണം ആദ്യം മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലെത്തും.
തുടർന്ന് കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ഫാർ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഇന്ത്യയിലെ വിവിധ രൂപതകളിലും കേരളത്തിലെ എല്ലാ രൂപതകളിലും സ്വീകരണം ഏറ്റുവാങ്ങി ഒക്ടോബർ 19-ന് റോമിൽ സമാപിക്കും.മൂന്ന് ദിവസം നീളുന്ന ആഗോള സമ്മേളനത്തിൽ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, ബിഷപ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, ആർച്ചുബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, ബിഷപ് തോമസ് തറയിൽ എന്നിവരടക്കമുള്ള സഭാ പിതാക്കന്മാരും സമുദായ നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തിന്റെ രജിസ്ട്രേഷനും വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.

