‘രജതപ്രഭയില് ഉണര്‍ന്ന് പ്രകാശിക്കാം: പ്രേഷിതത്വം- വികസനം- വിമോചനം’
ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി
അലകടലിന്റെ താളവും ആഴക്കടലിന്റെ കരുത്തും നെഞ്ചിലേറ്റിയ ഒരു ജനത, തനിമയാര്‍ന്ന തങ്ങളുടെ വിശ്വാസ പൈതൃകത്തെ ഒരുമയുടെ ചരടില്‍ കോര്ത്തുവെച്ചതിന്റെ ഉജ്ജ്വല ചരിത്രമാണ് കെആര്‍എല്‍സിസി. പന്ത്രണ്ട് ദ്വീപുകളായി ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ രൂപതകളെ ഒരേ ലക്ഷ്യത്തിലേക്കും ഒരേ സ്വരത്തിലേക്കും നയിക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തെളിക്കപ്പെട്ട ആ ദീപം ഇന്ന് രജതശോഭയില്‍ പ്രശോഭിച്ചുനില്‍ക്കുന്നു.
മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരും തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന ഈ സിനഡാത്മക കൂട്ടായ്മ, വെറുമൊരു ഭരണസംവിധാനമല്ല; മറിച്ച് നീതി നിഷേധിക്കപ്പെടുന്നവന്റെ ശബ്ദവും, പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ കരുത്തുമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭൂപടത്തില്‍ ലത്തീന്‍ സമുദായത്തിന് കൃത്യമായ മേല്‍വിലാസം നല്കിയ ഈ പ്രസ്ഥാനം, ‘ഉണര്‍ന്നു പ്രകാശിക്കുക’ എന്ന ജൂബിലി സന്ദേശവുമായി പുതിയൊരു യുഗപ്പിറവിയിലേക്ക് കാലൂന്നുകയാണ്.
ചരിത്രപശ്ചാത്തലം
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തെ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത കെആര്‍എല്‍സിസി വളര്‍ച്ചയുടെ മുന്നേറ്റത്തിന്റെ മഹിതമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഭാരതത്തിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ച വ്യക്തിസഭകളുടെ വളര്ച്ചയിലൂടെയായിരിക്കണമെന്ന് 1987-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ നിര്‍ദ്ദേശിച്ചിരുന്നു. സീറോ മലബാര്‍, മലങ്കര സഭകള്‍ ഈ പാതയില്‍ മുന്നേറിയപ്പോള്‍, കേരളത്തിലെ ലത്തീന്‍ സഭയുടെയും സമുദായത്തിന്റെയും സമഗ്രമായ വികാസത്തിനായി ഒരു പൊതുവേദി അത്യാവശ്യമായി വന്നു.
ഇതിന്റെ ഫലമായി കേരളത്തിലെ ലത്തീന്‍ മെത്രാന്മാരുടെ നേതൃത്വത്തില്‍ 2001-ല്‍ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) രൂപം കൊണ്ടു. ‘നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയുമാണ്’ (1 പത്രോസ് 2:9) എന്ന വചനത്തെ മുന്‍നിര്‍ത്തി, സഭയില്‍ എല്ലാവര്ക്കും പങ്കാളിത്തമുണ്ടെന്ന ബോധ്യത്തോടെ കേരള ലത്തീന്‍ മെത്രാന്‍സമിതി 2002 മെയ് 24ന് കെആര്‍എല്‍സിസി എന്ന സംവിധാനത്തിന് രൂപം കൊടുത്തു. മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരും ഒത്തുചേരുന്ന സംസ്ഥാനതല അജപാലന സംവിധാനമാണിത്. ഏകോപനം, പങ്കാളിത്തം, ശക്തീകരണം എന്ന ലക്ഷ്യത്തോടെ വ്യത്യസ്തതകളും വ്യതിരിക്തതകളും മാറ്റിവച്ച് ഒരു കൂട്ടായ്മയായി ലത്തീന്‍ കത്തോലിക്കരെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് കെആര്‍എല്‍സിസി.
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്മാരുടെ സമിതി (കെആര്‍എല്‍സിബിസി) യുടെ കുടക്കീഴില് 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന 20 ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ അഥവാ കെആര്‍എല്‍സിസി. കാനോന്‍ നിയമം അനുസരിച്ചുള്ള ‘പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍’ എന്ന ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് കേരള ലത്തീന്‍ മെത്രാന് സമിതി ഈ സംവിധാനത്തിന് രൂപം നല്‍കിയത്. സഭയിലെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കുകയും സമുദായത്തെ ഒരൊറ്റ ചരടില്‍ കോര്‍ത്തിണക്കുകയും ചെയ്യുന്ന ഒരു സംവിധാനവും ഘടനയും ആണിത്.
സിനഡാത്മക സഭയെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള കേരള ലത്തീന്‍ സഭയുടെ പ്രധാനപ്പെട്ട ചുവടുവയ്പായിരുന്നു കെആര്‍എല്‍സിസിയുടെ രൂപീകരണം. ആഗോള കത്തോലിക്കാസഭയില്‍ സിനഡാത്മക സഭ എന്ന ദര്‍ശനവും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചത് 2021ലാണ്. എന്നാല്‍ ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ ഈ ദര്‍ശനത്തോടെ കെആര്‍എല്‍സിസി എന്ന സംവിധാനം രൂപപ്പെടുത്തുവാനും സിനഡാത്മക സഭാപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുവാനും നമുക്കു സാധിച്ചുവെന്നുള്ളത് ഏറെ അഭിമാനകരമാണ്. ഇത്രമാത്രം ദീര്‍ഘവീക്ഷണത്തോടും പങ്കാളിത്ത അജപാലന കാഴ്ചപ്പാടോടുംകൂടെ കെആര്‍എല്‍സിസി എന്ന സംവിധാനത്തിന് രൂപം കൊടുക്കുവാന്‍ നേതൃത്വമെടുത്ത പുണ്യശ്ലോകനായ ഡാനിയല്‍ അച്ചാരുപറമ്പില്‍ പിതാവിനെയും സൂസപാക്യം പിതാവിനെയും മറ്റു മെത്രാന്മാരെയും വൈദികരെയും സന്ന്യസ്തരെയും അല്മായനേതാക്കളെയും അഭിമാനത്തോടും കൃതജ്ഞതയോടുംകൂടെ അനുസ്മരിക്കുന്നു.
സഭ ഒരു ദൈവജനമാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനത്തില്‍ ഊന്നിയാണ് ഈ ഉന്നത നയരൂപീകരണ ഏകോപനസമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ 205 അംഗങ്ങളാണുള്ളത്. ഇതില്‍ 101 പേര് അല്മായ പ്രതിനിധികളാണെന്നത് സഭയിലെ അല്മായ പങ്കാളിത്തത്തിന്റെ തെളിവാണ്. കേരളത്തിന് പുറമെ മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും ഇറ്റലി, അമേരിക്ക, കാനഡ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലുമുള്ള ലത്തീന്‍ സംഘടനകളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കാന്‍ കെആര്‍എല്‍സിസി [പരിശ്രമിക്കുന്നുണ്ട്.

വിവിധ കമ്മീഷനുകള്‍
സഭ ശുശ്രൂഷയ്ക്കായി കെആര്‍എല്‍സിസിയുടെ കീഴില്‍ 24 കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നു. കാര്യക്ഷമതയ്ക്കായി ഇവയെ 6 പ്രധാന ശുശ്രൂഷകളായി (മിനിസ്ട്രീസ്) തിരിച്ചിരിക്കുന്നു. കേരള ലത്തീന്‍ സഭയുടെ അടിത്തറ 13,165-ഓളം വരുന്ന ബി.സി.സി (ബേസിക് ക്രിസ്റ്റിയന്‍ കമ്യൂണിറ്റീസ്) യൂണിറ്റുകളാണ്. ആദിമ ക്രൈസ്തവ ചൈതന്യം ഉള്‍ക്കൊണ്ട് കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും കോര്‍ത്തിണക്കുന്ന ഈ സംവിധാനം സഭയുടെ അടിസ്ഥാന ശുശ്രൂഷ ആയി അറിയപ്പെടുന്നു. രാഷ്ട്രീയ കാര്യസമിതി സമുദായത്തെ ബാധിക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കുകയും നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നു. ലത്തീന്‍ സഭയുടെ ഔദ്യോഗിക മുഖപത്രമായ ‘ജീവനാദം’ വാരിക സമുദായബോധം വളര്‍ത്താനും സഭയുടെ നിലപാടുകള്‍ ജനങ്ങളിലെത്തിക്കാനുമുള്ള പങ്ക് വഹിക്കുന്നു. ചുരുക്കത്തില്‍, ആത്മീയമായ വളര്‍ച്ചയോടൊപ്പം തന്നെ സാമൂഹികമായ ഉന്നമനവും ലക്ഷ്യം വയ്ക്കുന്ന കെആര്‍എല്‍സിസി, ലത്തീന്‍ ജനതയുടെ അവകാശസംരക്ഷണത്തിനും സഭയുടെ ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു.

സ്ഥാപക നേതാക്കള്‍, കാഴ്ചപ്പാടുകള്‍
പുണ്യശ്ലോകനായ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡാനിയല്‍ അച്ചാരുപറമ്പില്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് എമരിറ്റസ് സൂസപാക്യം എന്നിവരുടെയും മറ്റ് ലത്തീന്‍ മെത്രാന്മാരുടെയും അല്മായ നേതാക്കളുടെയും ദീര്‍ഘ വീക്ഷണമാണ് കെആര്‍എല്‍സിസി എന്ന പങ്കാളിത്ത അജപാലന സംവിധാനത്തിന്റെ അടിത്തറ. ഇവരുടെ വിശാല കാഴ്ചപ്പാടുകള്‍, സഭൈക്യ നിലപാടുകള്‍, വിനയാന്വിതവും ഇച്ഛാശക്തിയുമുള്ള അജപാലന ശൈലി എന്നിവയിലൂന്നിയാണ് കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. സഭയും സമുദായവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി പ്രവര്ത്തിക്കണമെന്നാ
യിരുന്നു കാലംചെയ്ത ആര്‍ച്ച്ബിഷപ് ഡാനിയല്‍ പിതാവിന്റെ കാഴ്ചപ്പാട്. 12 ദ്വീപുകളായി കഴിഞ്ഞിരുന്ന കേരളത്തിലെ ലത്തീന്‍ സമൂഹത്തെ ഒറ്റ നൂലില്‍ കോര്‍ത്ത മാലപോലെയാക്കി തീര്‍ക്കുവാന്‍ ആര്‍ച്ച്ബിഷപ് സൂസപാക്യം പിതാവും പരിശ്രമിച്ചു. ഇവരോടൊപ്പം കേരളത്തിലെ അന്നത്തെ ലത്തീന്‍ സഭാ പിതാക്കന്മാര്, ഫാ. പയസ് ആറാട്ടുകുളം, പ്രൊഫ. എസ്. വര്‍ഗീസ്, അഡ്വ. അഞ്ജലി സൈറസ്, പ്രൊഫ. ആന്റണി ഐസക് തുടങ്ങിയവരും കെആര്‍എല്‍സിസിക്ക് മികച്ച നേതൃത്വം നല്കി.
ഉദ്ദേശ്യലക്ഷ്യങ്ങള്‍ – സാമുദായിക ശാക്തീകരണം
കേരളത്തില്‍ കൂട്ടായ ക്രിസ്തീയ സാക്ഷ്യം നല്‍കാനുള്ള വിശ്വാസദാര്‍ഢ്യം നേടുക, പ്രാദേശികവും വ്യക്തിയധിഷ്ഠിതവുമായ താല്പര്യങ്ങള് മാറ്റിനിര്‍ത്തി സംസ്ഥാനതലത്തില്‍ സാമൂഹിക, രാഷ്ട്രീയ ഉദ്യോഗസ്ഥ മേഖലകളില്‍ ഒരു സ്വാധീന ശക്തിയായി വളരുക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ പിന്നാക്കം നില്ക്കുന്ന സമുദായത്തെ പൊതുസമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കുക എന്നിവയാണ് കെആര്‍എല്‍സിസിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യപ്രാപ്തിക്കായി സമുദായ ഐക്യത്തിലൂടെയും വിവിധ സേവന ശുശ്രൂഷാ പരിപാടികളിലൂടെയും സഭാത്മക സംവിധാനങ്ങള്‍ ഉപയോഗിച്ച് സമുദായ അംഗങ്ങളെ ശക്തിപ്പെടുത്തുവാന്‍ കെആര്‍എല്‍സിസി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ആത്മീയമായി സജീവമായ സഭ, അല്മായര്ക്ക് സജീവ പങ്കാളിത്ത അജപാലനസംവിധാനങ്ങള്‍, സാമൂഹികമായി ശക്തിപ്പെട്ട സമൂഹം, രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും സജീവമായി ഇടപെടുന്ന സമുദായ അംഗങ്ങള്‍ എന്നിവയൊക്കെയാണ് കെആര്‍എല്‍സിസി എന്ന ഏകോപനസംവിധാനത്തിന്റെ വിശാലമായ ദര്‍ശനം. പങ്കാളിത്ത അജപാലന സംവിധാനം എന്ന സിനഡാത്മക ദര്‍ശനത്തിന്റെ ഭാഗമായി വര്‍ഷത്തില്‍ രണ്ട് തവണ കെആര്‍എല്‍സിസിയുടെ ജനറല്‍ ബോഡി യോഗങ്ങളും നാല് തവണ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങളും സമ്മേളിച്ച് സഭാ-സാമുദായിക- സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ഗൗരവമായ പഠനങ്ങളും കൂടിയാലോചനകളും നടത്തി ഉചിതമായ നയങ്ങളും തീരുമാനങ്ങളും എടുത്തുവരുന്നു.
46 ജനറല്‍ ബോഡി യോഗങ്ങള്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. അഭിവന്ദ്യ പിതാക്ക
ന്മാര്‍, വികാരി ജനറല്‍മാര്‍, വൈദിക പ്രതിനിധികള്‍, സന്ന്യസ്തപ്രതിനിധികള്, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, യുവജന പ്രതിനിധികള്‍, സംഘടന നേതാക്കള്‍ എന്നിവരുടെയെല്ലാം സജീവമായ പങ്കാളിത്തവും ഇടപെടലുകളും ഈ ഏകോപനസംവിധാനത്തെ കാര്യക്ഷമമായി നിലനിര്‍ത്തുന്നു.

25 വര്‍ഷത്തെ നേട്ടങ്ങള്‍
തനിമയാര്‍ന്ന പൈത്യകവും ചരിത്രവും സ്വന്തമായിട്ടുള്ള കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ആധുനിക കേരളത്തിന്റെ രൂപപ്പെടലിനായി മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ആതുരശുശ്രൂഷ, അച്ചടി, മലയാള വ്യാകരണം, നിഘണ്ഡു നിര്‍മ്മാണം തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ പൊതുസമൂഹത്തിനു വഴികാട്ടിയാകാന്‍ ലത്തീന്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ട്.
1599-ലെ ഉദയംപേരൂര്‍ സൂനഹദോസ് ജാതി വിവേചനങ്ങള്‍ക്കും അയിത്താചാരത്തിനുമെതിരെ പുറപ്പെടുവിച്ച ധീരമായ തീരുമാനങ്ങളും നിലപാടുകളുമാണ് പിന്നീട് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ, സാമൂഹിക നവോത്ഥാനത്തിനും മുന്നേറ്റത്തിനും വഴിതെളിച്ചത് എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.
2002 മുതല്‍ 2026 വരെയുള്ള കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ നിരവധി നേട്ടങ്ങളുണ്ട്. കേരളത്തിലെ ലത്തീന്‍ സമൂഹത്തിനുവേണ്ടി സംസാരിക്കാനും പ്രതികരിക്കാനും ഒരു സംവിധാനവും നേതൃത്വവുമുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന 20 ലക്ഷത്തില്‍പരം വരുന്ന ലത്തീന്‍ സമുദായാംഗങ്ങളായ നമ്മള് ഒരൊറ്റ ശക്തിയാണ് ഒരൊറ്റ സമുദായമാണ് എന്ന തിരിച്ചറിവിലേക്ക് വളരാനിടയായി.
സാമൂഹിക മുന്നേറ്റത്തിനും സാമുദായിക ശക്തീകരണത്തിനും വേണ്ടി കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ നടത്തിയ പ്രധാനപ്പെട്ട ചില ഇടപെടലുകള്‍ അനുസ്മരിക്കുന്നത് ഉചിതമാണ്. ലത്തീന്‍ സമുദായം എന്ന നിലയില്‍ നമ്മള് ഏകസമൂഹമാണെന്ന് പ്രഖ്യാപിക്കുന്ന ലത്തീന്‍ കത്തോലിക്ക ദിനാഘോഷം (2003), നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സ്പെഷല്‍ റിക്രൂട്ട്മെന്റിനായി 25,000 പേരുടെ ധര്‍ണ (2004), രാഷ്ട്രീയ മുന്നേറ്റത്തിനും ഏകോപനത്തിനുമായി രാഷ്ട്രീയ കാര്യസമിതിയുടെ രൂപീകരണം (2005), നമ്മുടെ ഒരുമയുടെയും ഐക്യത്തിന്റെയും നിലപാടുകളുടെയും സ്വരമായി ‘ജീവനാദം’ വാരികയുടെ ആരംഭം (2005), എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച ലത്തീന്‍ കത്തോലിക്ക മഹാസംഗമവും 27 ഇന അവകാശപത്രിക സമര്‍പ്പണവും (2011), തീരദേശ സംരക്ഷണത്തിനും വികസനത്തിനുമായി കണ്ണൂര്‍ മുതല്‍ നെയ്യാറ്റിന്‍കരവരെ ജനജാഗരണജാഥയും സമുദായസംഗമവും (2014), ലത്തീന്‍ സമുദായത്തിലെ പ്രഗത്ഭരെയും പ്രതിഭകളെയും ആദരിച്ചുകൊണ്ടുള്ള കെആര്‍എല്‍സിസി അവാര്‍ഡുകളുടെ ആരംഭം (2014), സാമൂഹിക നീതിയുടെയും രാഷ്ട്രീയമുന്നേറ്റത്തിന്റെ ഭാഗമായി സുല്‍ത്താന്‍പേട്ട് രൂപതയില്‍ വടകരപതിയിലെ
ഇടപെടലുകള്‍ (2015), ബിസിസി ശക്തീകരണവും പ്രേഷിതമുന്നേറ്റവും ലക്ഷ്യം വച്ചുകൊണ്ടുള്ള മിഷന് കോണ്‍ഗ്രസ്സും ബിസിസി കണ്‍വെന്‍ഷനും (2017), ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുന്നതിനായി സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥയെ സംബന്ധിച്ച് നടത്തിയ ശാസ്ത്രീയമായ നിജസ്ഥിതിപഠനം (2021), മൂലമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ അധിനിവേശങ്ങള്ക്കെതിരായും ശാശ്വതമായ പുനരധിവാസത്തിനായും നടത്തിയ ജനബോധനയാത്ര (2022), തീരദേശ സംരക്ഷണത്തിനും കടല്‍ഭിത്തി നിര്‍മ്മാണത്തിനും വേണ്ടിയുള്ള ഇടപെടലുകള്‍ (2022-2025), ആഗോള സഭയിലെ സിനഡാത്മക സഭാ പ്രവര്‍ത്തനങ്ങളിലെ സജീവപങ്കാളിത്തം (2022 – 2023), സമനീതി, രാഷ്ട്രീയമുന്നേറ്റം, അധികാരത്തില്‍ പങ്കാളിത്തം എന്നീ ലക്ഷ്യത്തോടെ രൂപതാതലങ്ങളിലും (2023) ഇടവക തലങ്ങളിലും (2024) നടത്തിയ ജനജാഗര സംഗമങ്ങള്‍, സമുദായ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായുള്ള ഇടപെടലുകള്‍ (2025) എന്നിവയൊക്കെ ശ്രദ്ധേയമായ ഇടപെടലുകളാണ്.
വെല്ലുവിളികളും പരിമിതികളും
24 കമ്മീഷനുകളിലൂടെയും വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് സിനഡാത്മക സഭ പ്രവര്‍ത്തനവും സാമുദായിക വികസനവും വിഭാവനം ചെയ്തിട്ടുള്ളത്. താഴെത്തട്ടിലുള്ള ബിസിസികളാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. ബിസിസികളുടെ സജീവമായ പ്രവര്‍ത്തനവും ആറ് ശുശ്രൂഷാസമിതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും അവര്‍ക്കാവശ്യമായ പരിശീലനവും ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാന രൂപതാതലങ്ങളില്‍ കമ്മീഷനുകളും ശുശ്രൂഷാസമിതികളും ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടവകതലത്തിലും ബിസിസി തലത്തിലും സംഘടനകളും ശുശ്രൂഷാസമിതികളും കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ട്. ആറ് ശുശ്രൂഷാസമിതികളില് ഒന്ന് സഭാത്മകപ്രവര്ത്തനങ്ങള്ക്കും മറ്റുള്ള അഞ്ചെണ്ണം സമു
ദായ, സാമൂഹിക മുന്നേറ്റങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇടവക ബിസിസിതലങ്ങളില് സംഘടനാ-ശുശ്രൂഷാസമിതി അംഗങ്ങളുടെ പരിശീലനത്തിനും ശക്തീകരണത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കുകയും അതിനുവേണ്ടി സാമ്പത്തിക സഹായങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതുമുണ്ട്.

പ്രതീക്ഷയോടെ പുതുയുഗത്തിലേക്ക്
കെആര്‍എല്‍സിസി ഒരു പുതിയ കാലഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ ഭരണഘടന തന്നെ അപകടത്തിലാകുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള് അതിന്റെ സംരക്ഷണത്തിനായി ഇടപെടേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശ ആനുകൂല്യങ്ങള്‍ക്കുവേണ്ടി പോരാടുക, പാവപ്പെട്ടവരോട് പക്ഷം ചേരുന്ന സഭയുടെ അടിസ്ഥാന ദര്‍ശനങ്ങള്‍ മുറുകെപിടിക്കുക, ശുശ്രൂഷാ സമിതികളെ ഊര്‍ജിതപ്പെടുത്തുക എന്നിവ പരമപ്രധാനമാണ്.
രാഷ്ട്രീയമുന്നേറ്റത്തിന്റെ ഭാഗമായി കഴിവും മികവുമുള്ള അല്മായ നേതൃത്വത്തെ ബോധപൂര്‍വം രൂപപ്പെടുത്തി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക, സിനഡാത്മക സഭയ്ക്കായി സംവാദം, കേള്‍വി, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജൂബിലിയുടെ ചൈതന്യത്തില്‍ കെആര്‍എല്‍സിസി ഇടപെടേണ്ടതുണ്ട്.
ജൂബിലി ആഘോഷങ്ങള്‍
‘രജതപ്രഭയില് ഉണര്‍ന്ന് പ്രകാശിക്കാം: പ്രേഷിതത്വം- വികസനം- വിമോചനം’ എന്നതാണ് രജതജൂബിലി ആഘോഷങ്ങളുടെ ആപ്തവാക്യം. ഉറക്കം വിട്ട് ഉണരുവാനും (എഫേ 5:14) ഉണര്‍ന്ന് പ്രശോഭിക്കുവാനും (ഏശയ്യ 60:1) പ്രേഷിത തീക്ഷ്ണതയോടെ ഏവരുടെയും വികസനത്തിനും വിമോചനത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും ഈ ജൂബിലി വര്‍ഷം നമ്മളെ ആഹ്വാനം ചെയ്യുന്നു. രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2026 മെയ് 17 ഞായറാഴ്ച രാവിലെ 10:30നു കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജ് ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. ഇതിന് നേതൃത്വം നല്‍കുന്നത് കെആര്‍എല്‍സിബിസി – കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലാണ്. സാമൂഹിക
മുന്നേറ്റത്തിനും സാമുദായിക ശക്തീകരണത്തിനും ഉതകുന്ന വിവിധ സംഗമങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിപാടികള്‍ 2027 മെയ് 23ന് എറണാകുളത്തു നടക്കുന്ന മഹാസമ്മേളനത്തോടെയാണ് സമാപിക്കുന്നത്.
ഉപസംഹാരം
സഭാസമൂഹമെന്ന നിലയില്‍ പൊതുസമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വവും അംഗീകാരവും കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭയ്ക്കു ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു സമുദായം എന്ന നിലയില്‍ ലത്തീന്‍ കത്തോലിക്കരുടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്.
രജതജൂബിലി കേവലം ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കാതെ വലിയ നവീകരണത്തിനും മുന്നേറ്റത്തിനുമുള്ള ഊര്‍ജമായി മാറ്റേണ്ടതുണ്ട്. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന കെആര്‍എല്‍സിസി കേന്ദ്രകാര്യാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സത്വരമായ ഇടപെടലുകള്‍ ഉണ്ടാകണം.
ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പൗരവകാശങ്ങള്‍ സംരക്ഷിക്കാനും നേടിയെടുക്കാനുമുള്ള മുന്നേറ്റങ്ങളിലൂടെ സമുദായ സംഘടനകള്‍ ശക്തിപ്പെടണം, ജനാധിപത്യ സമൂഹത്തില്‍ ഒരു ജനവിഭാഗം സമാഹരിക്കുന്ന സംഘാതശക്തിയും അതുവഴി ആര്‍ജിക്കുന്ന വിലപേശല്‍ മൂല്യവും അതീവ പ്രാധാന്യമുള്ളതാണ്.
കേരള ലത്തീന്‍ സഭയ്ക്കും സമുദായത്തിനും പൊതു രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍ പേരും പെരുമയും വിലാസവും കൊണ്ടുവന്ന കെആര്‍എല്‍സിസി കാലികമായ നവീനവല്ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും വിധേയമായി, സമുദായത്തിന്റെ കൈത്താങ്ങും, ജീവന് പകരുന്ന ശബ്ദവുമായി മുന്നേറാന്‍ ഈ ജൂബിലി വര്‍ഷം ഉപകാരപ്രദമാകും. കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍, പ്രവര്‍ത്തനത്തിലൂടെ പ്രകടമാകുന്ന വിശ്വാസത്തിന്റെ ശക്തിയുടെ ഒരു സാക്ഷ്യമാണ്.
2002-ല്‍ ആരംഭിച്ച് സില്‍വര്‍ ജൂബിലി വരെ എത്തിയ ഈ യാത്ര, സഭയും സമൂഹവും, മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരും തമ്മിലുള്ള ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പാലമായിരുന്നു. രജത ജൂബിലിയുടെ ചൈതന്യത്തില്‍ നമുക്ക് ഒരുമിച്ച് പ്രകാശിക്കാം. നമ്മുടെ സഭയും സമുദായവും പൊതുസമൂഹത്തെ കൂടുതല്‍ പ്രശോഭിപ്പിക്കുവാന്‍ പ്രാപ്തമാകട്ടെ.

