മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കും. ട്വന്റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരം.മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്.
ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. ഐപിഎലിൽ തിളങ്ങുന്ന വൈഭവ് സൂര്യവംശിയുൾപ്പടെയുള്ള താരങ്ങൾക്കും ഈ മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും. രോഹിത് ശർമ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ഇന്ത്യ തോറ്റിട്ടില്ല. 2026 സീസണില്‍ ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് 10 മത്സരങ്ങളിൽ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ ഫൈനൽ വരെയെത്തിച്ചതോടെയാണ് ശ്രേയസ് അയ്യരെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യമുയർന്നത്.

