അബുദാബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺ (കെസാദ്) പരിസരത്ത് രണ്ട് ഇടങ്ങളിലായി തീ പിടുത്തമുണ്ടായി.യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പത്തുദിവസത്തേക്ക് ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെങ്കിലും ടെഹ്റാനിലും ഇറാനിലെ ഊര്ജപ്ലാന്റുകളിലും ബൂഷഹ്റിലെ ആണവനിലയതത്തിലും ഇസ്രയേല്‍–യുഎസ് സംയുക്ത ആക്രമണം ഉണ്ടായെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കനത്ത തിരിച്ചടി ഇതിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നും നിസ്സാരമായ മുറിവുകളാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മിസൈൽ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

