കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ജസീറ എയർവേയ്സിന്റെ തിരുവനന്തപുരം, അഹമ്മദാബാദ് വിമാന സർവീസുകൾ 30ന് പുനരാരംഭിക്കു. അൽ-ഖൈസുമാഹ് വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനർസ്ഥാപിക്കുന്നതിലൂടെ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ജസീറ എയർവേയ്സ് സി.ഇ.ഒ ബരത്തൻ പസുപതി വ്യക്തമാക്കി.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ താൽക്കാലിക നിയന്ത്രണം കാരണം യാത്രക്കാരെ ബസ് മാർഗം സൗദിയിലെ അൽഖൈസുമ വിമാനത്താവളത്തിൽ എത്തിച്ചാണ് യാത്ര. കൊച്ചി ഉൾപ്പെടെ 8 ഇന്ത്യൻ നഗരങ്ങളിലേക്കും ജസീറ സർവീസ് നടത്തിവരുന്നു. പുതിയ ക്രമീകരണങ്ങൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാകും.
യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടെ വിമാന സർവീസുകളുടെ കുറവും കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കും പ്രവാസികളെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളിൽ 25 മുതൽ 30 ശതമാനം മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നതെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. പഴയപോലെ കൃത്യമായ ഷെഡ്യൂളോ സമയക്രമമോ ഇല്ലാത്ത പ്രത്യേക സർവീസുകളാണ് ഇപ്പോൾ നടക്കുന്നത്. യുഎഇ സിവിൽ വ്യോമയാന വകുപ്പ് മണിക്കൂറിൽ ആകെ 48 വിമാനങ്ങൾക്ക് മാത്രമാണ് നിലവിൽ പറക്കാൻ അനുമതി നൽകിയിട്ടുള്ളത്.

