കൊല്ലം:- നിയമസഭാ ഇലക്ഷന് മുന്നോടിയായി എസ്.ഐ.ആർ-ൽ പേര് ചേർക്കാൻ വിട്ടു പോയവർക്ക് ഫോം 6-ൽ അപേക്ഷ നൽകാൻ വേണ്ടി കൊല്ലം രൂപത ഇടവകതലത്തിൽ ബി.സി.സി.യുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ എസ്.ഐ.ആർ-ൽ വിട്ടുപോയവരുടെ പേരുകൾ സമാഹരിക്കാൻ തീവ്രയജ്ഞം നടത്തുന്നു. കൊല്ലം രൂപതയുടെ കീഴിൽ 10 നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സാന്നിദ്ധ്യമുള്ള ലത്തീൻ സമുദായത്തിന് രാഷ്ട്രീയ മുന്നണികൾ, അർഹമായ പരിഗണന നല്കണമെന്ന് ആവശ്യപ്പെട്ടു.
സമുദായത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നവരുടെ ഒപ്പമായിരിക്കും ലത്തീൻ സമുദായമെന്ന് അറിയിച്ചു. കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ ബഹു. വികാരി ജനറൽ മൊൺ, ബൈജു ജൂലിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊല്ലം രൂപത രാഷ്ട്രീയകാര്യസമിതിയാണ് തീരുമാനം എടുത്തത്. ഇലക്ഷന് സമുദായ അംഗങ്ങളുടെ വോട്ട് വാങ്ങിയശേഷം ഇലക്ഷൻ കഴിയുമ്പോൾ സമുദായത്തെയും അതിന്റെ ആവശ്യങ്ങളെയും നിരാകരിക്കുന്ന രാഷ്ട്രീയക്കാരുടെ സമീപന രീതി അപലപനീയമാണെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ ജനറൽ മിനിസ്ട്രി കോ-ഓർഡിനേറ്റർ ഫാ. അഡ്വ ജോസ് സെബാസ്റ്റ്യൻ, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ്ജ് സെബാസ്റ്റ്യൻ, ഡി.സി.എം.എസ്. ഡയറക്ടർ ഫാ. അരുൺ ആറാഡൻ, രാഷ്ട്രീയകാര്യ സമിതി കൺവീനർ അഡ്വ ഫാൻസിസ് ജെ നെറ്റോ, പ്രൊഫ. എസ്സ് വർഗ്ഗീസ്, എസ്സ് മിൽട്ടൺ, സന്തോഷ് ജോസഫ്, അമൽ അലോഷ്യസ്, ലെറ്റീഷ്യ മാർട്ടിൻ, വത്സല ജോയി എന്നിവർ പ്രസംഗിച്ചു. തീവ വോട്ടർ പട്ടികാപരിശോധനയുടെ രൂപതാതല ഉദ്ഘാടനം 15-03-2026 രാവിലെ 9.30-ന് വാടി ഇടവകയിൽ വച്ചു നടത്തുന്നു എന്ന് വികാരി ജനറാൾ മൊൺ. ബൈജു ജൂലിയാൻ അറിയിച്ചു.

