തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സംവരണത്തിൽ നിർണായക മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതടക്കമുള്ള തീരുമാനങ്ങളോടെ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശുപാർശകൾ ഉൾപ്പെടുന്ന കമ്മിഷൻ റിപ്പോർട്ട് അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണു മന്ത്രിസഭ ചർച്ച ചെയ്തത്.
ക്രൈസ്തവ സംഘടനകളുടെ സമ്മർദം കൂടി കണക്കിലെടുത്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. 1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ സമുദായ സർട്ടിഫിക്കറ്റിന് അർഹതയുള്ളുവെന്ന നിബന്ധന ഒഴിവാക്കും. ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമാ യി 1947 എന്ന വർഷം ഇനി പരിഗണിക്കില്ല. ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് കണക്കിലെടുത്ത് റവന്യു വകുപ്പും വില്ലേജ് ഓഫിസറും നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകും. 32 ശുപാർശകൾക്കാണു ഇന്നലെ അംഗീകാരം നൽകിയത്.

