കൊച്ചി: എംഎസ്സി എൽസ-3 കപ്പലപകടത്തിൽ കേരളത്തിന് 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
എംഎസ്സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരിക്കയാണ് . പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എംഎ അബ്ദുൽ ഹക്കിം അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഈ സുപ്രധാന ഉത്തരവ്.
കപ്പൽ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി – ജൈവ ആവാസ വ്യവസ്ഥയിൽ കനത്ത നാശനഷ്ടമുണ്ടായി. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ ആക്ഷേപം ഇതാണ് . സാമ്പത്തിക – മത്സ്യബന്ധന മേഖലകളെയും ഈ അപകടം ബാധിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ പറയുന്നു.
2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ മെയ് 25നായിരുന്നു തോട്ടപ്പള്ളിയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ എംഎസ്സി എൽസ ത്രീ കപ്പലപകടം.
കപ്പലിൽ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 61 കണ്ടൈനറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തെത്തി . സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 59.6 മെട്രിക് ടൺ മാലിന്യം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തീരത്ത് ശേഖരിച്ചു .
സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയാണ് നഷ്ടപരിഹാരം സംബന്ധിച്ച നിർദ്ദേശം സർക്കാരിന് നൽകിയത്. പരിസ്ഥിതി വകുപ്പ് സ്പെഷൽ സെക്രട്ടറി നൽകിയ ഹർജിയിൽ സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി, എംഎസ്സി ഇന്ത്യ, അദാനി വിഴിഞ്ഞം പോർട്ട് എന്നിവരും എതിർ കക്ഷികളാണ്.

