എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവഇന്ത്യന്‍ ടീമിന് 336 റണ്‍സിന്റെ ആധികാരിക ജയം. 608 റണ്‍സ് വിജയലക്ഷ്യവുമായി 72 ന് 3 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ടെസ്റ്റ് ജയമാണിത്. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍, രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ പ്രകടനവും നിര്‍ണായകമായി. മഴ തടസപ്പെടുത്തിയ മത്സരം ഇന്നലെ രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.
58 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമായാണ് എഡ്ജ്ബാസ്റ്റണില് വിജയിക്കുന്നത്.
ടെസ്റ്റ് ചരിത്രത്തില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ വേദികളില്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയതിന്റെ റെക്കോഡ് നിലവില്‍ ടീം ഇന്ത്യയുടെ പേരിലാണ്. ആകെ 59 വേദികളില്‍ ഇക്കാലത്തിനിടയ്ക്ക് ഇന്ത്യ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വിജയത്തോടെ അത് 60 ആയി. ഇന്ത്യയ്ക്ക് പിടിതരാത്ത ഒരു മൈതാനമായിരുന്നു എഡ്ജ്ബാസ്റ്റണ്. 1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. 58 വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഇവിടെ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ആ ചരിത്രം കൂടി ശുഭ്മാന്‍ ഗില്ലും കൂട്ടരും തിരുത്തിയിരിക്കുകയാണ്.

