പ്രഫ. ഷാജി ജോസഫ്
Heidi (Germany/111 minutes/2015) Director: Alain Gsponer
ഹെയ്ദി സ്വിസ്-ജര്‍മന്‍ സിനിമാ ലോകത്തില്‍ ഏറെ പ്രശസ്തമായ ഒരു ചിത്രമാണ്. ജൊഹാന സ്പൈറി 1881-ല്‍ രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അലൈന്‍ ഗസ്പോണര്‍ സംവിധാനം നിര്‍വഹിച്ചതാണ് ഈ സിനിമ. ലോകത്തിലേറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളില്‍ ഒന്നായ ഈ പുസ്തകത്തിന്റെ ഏകദേശം 50 ദശലക്ഷം കോപ്പികള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞു. ചിത്രം കുട്ടികളുടെ ബാല്യകാലത്തിന്റെ അതുല്യമായ സാധ്യതകളെ അനാവരണം ചെയ്യുന്നു. ബ്രൂണോ ഗാന്‍സ്, കാതറീന ഷൂട്ട്ലര്, ക്വിറിന് അഗ്രിപ്പി, ഇസബെല്ലെ ഒട്ട്മാന്‍, അന്ന ഷിന്‍സ് എന്നിവരോടൊപ്പം ഹെയ്ദി എന്ന പ്രധാന വേഷം അഭിനയിക്കുന്നത് അനുക് സ്റ്റെഫെന്‍ ആണ്.
ഹെയ്ദി എന്ന ബാലികയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ ചിത്രം. ചിത്രം ഉയര്‍ത്തുന്ന പ്രമേയം വളരെ ലളിതമാണ്. അനാഥയായ ഹെയ്ദിയെ മുന്‍ശുണ്ഠിക്കാരനായ മുത്തശ്ശന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. വളരെക്കാലമായി നഗരത്തില്‍ അമ്മായി ഡിറ്റെയോടൊപ്പം (അന്ന ഷിന്‍സ്) താമസിക്കുന്ന ഹെയ്ദിയെ (അനുക് സ്റ്റെഫെന്‍) പ്രായമായ മുത്തച്ഛനോടൊപ്പം (ബ്രൂണോ ഗാന്‍സ്) താമസിക്കാന്‍ അയക്കുകയാണ്. സ്വിറ്റ്സര്‍ലാന്റിലെ ആല്‍പ്സ് മലനിരകളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ തന്റെ മുത്തശ്ശന്റെ കൂടെ അവളൊരു പുതിയ ജീവിതം ആരംഭിക്കുന്നു. ഗ്രാമത്തിന്റെ മനോഹാരിതയും പ്രകൃതി രംഗങ്ങളും സിനിമയ്ക്ക് വേറിട്ടൊരു നിറം നല്‍കുന്നുണ്ട്.
ഏകാന്തതയെ വെറുത്തിരുന്ന ഹെയ്ദി തന്നെക്കാള്‍ അല്‍പ്പം പ്രായമുള്ള ആണ്‍കുട്ടിയായ പീറ്ററുമായി (ക്വിറിന് അഗ്രിപ്പി) വേഗം ചങ്ങാത്തത്തിലാകുന്നു. ആടുകളെ മേയ്ക്കലാണ് പീറ്ററിന്റെ ജോലി. ഹെയ്ദിയുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളാണ് കഥയുടെ അടിസ്ഥാന ഘടകങ്ങള്‍. കുഞ്ഞുമനസ്സിലെ സത്യസന്ധതയും പ്രകൃതി സ്നേഹവും അവളുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുന്നു. ഇക്കാരണത്താലാണ് മുത്തശ്ശന് ഇഷ്ടപെടാത്തവളായിരുന്നെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടം പിടിക്കാന്‍ ഹെയ്ദിയ്ക്ക് കഴിയുന്നത്. താഴ് വരയിലെ ജീവിതത്തില്‍ സന്തുഷ്ടയാണ് അവള്. അവിടെ, ഹെയ്ദിയുടെ സൗഹൃദം വേറിട്ടൊരു ഭാവനാലോകത്തിലേക്ക് നയിക്കുന്നു.
കഥയിലെ മറ്റൊരു വഴിത്തിരിവില്‍ ഹെയ്ദി ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു സമ്പന്നമായ ഗൃഹത്തിലേക്ക് അയക്കപ്പെടുന്നു. വീല്‍ ചെയറില്‍ മാത്രം സഞ്ചരിക്കാനാകുന്ന ക്ലാര എന്ന രോഗാതുരയായ പെണ്‍കുട്ടിയുടെ കൂട്ടാളിയാകാനാണ് അവളെ കൊണ്ടുവന്നത്. മകളോട് സ്നേഹമുണ്ടെങ്കിലും കച്ചവടത്തിന്റെ തിരക്കില്‍ ക്ലാരയ്ക്ക് പിതാവിന്റെ സാമീപ്യം ലഭിക്കുന്നില്ല. മുത്തച്ഛനോടൊപ്പമുള്ള ശുദ്ധവായുവും പര്‍വതങ്ങളിലെ ജീവിതവും കൊതിക്കുന്ന ഹെയ്ദിക്ക് പുതിയ അന്തരീക്ഷത്തിനോട് പൊരുത്തപ്പെടാനാവുന്നില്ല. അവിടത്തെ രീതികള്‍ മടുപ്പുണ്ടാക്കിയപ്പോള് അവള് വിഷാദാവസ്ഥയിലേക്ക് വീണു.
ഹെയ്ദിയെന്ന കഥാപാത്രമായി അനക് സ്റ്റെഫന് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു. സ്വാഭാവികമായ വിധത്തില്‍, കുട്ടികളുടെ നിര്‍മലമായ വികാരങ്ങള്‍ അവതരിപ്പിക്കാനായി അവളുടെ പ്രകടനത്തിന്. ഹെയ്ദിയുടെ മുത്തശ്ശന് ആയി വരുന്ന ബ്രൂനോ ഗാന്‍സിന്റെ ഏറെ ശ്രദ്ധേയമായ പ്രകടനം സിനിമയ്ക്ക് ഒരു ശക്തമായ അടിത്തറയാണ് നല്‍കുന്നത്. കോപഭരിതനായ ഒരു മനുഷ്യന്റെ ഭാവങ്ങളാണെങ്കിലും അയാളുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന സ്നേഹവും വിഷാദവും തൊട്ടറിയാന്‍ സാധിക്കുന്ന രീതിയിലാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രൂനോ ഗാന്‍സിന്റെ പ്രകടനം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട് പലപ്പോഴും.
സംവിധായകന് സിനിമയുടെ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരെ ആല്‍പ്സ് മലനിരകളുടെ മായാത്മക ലോകത്തിലേക്ക് കൊണ്ടുപോകുന്നു. ജര്‍മ്മനിയിലെയും സ്വിസ് ആല്‍പ്സിലെയും ലൊക്കേഷനില്‍ ചിത്രീകരിച്ച പ്രകൃതിയുടെ അത്യന്തം സുന്ദരമായ കാഴ്ചകള്‍ സൂക്ഷ്മമായ പ്രതിഫലനങ്ങളോടെ ക്യാമറ പിടിച്ചെടുക്കുന്നു. മഞ്ഞുമൂടിയ ആല്‍പ്സ് മലനിരകളുടെയും മരങ്ങളുടെയും ശാന്തതയും, ഹെയ്ദി യുടെ നിഷ്കളങ്കതയും അവളുടെ ആനന്ദകരമായ ജീവിതത്തിന്റെ പശ്ചാത്തലവും കാഴ്ചക്കാരെ മനോഹരമായൊരു അന്തരീക്ഷത്തില്‍ പിടിച്ചിരുത്തുന്നു. ആല്‍പ്സ് പര്‍വ്വത നിരകളുടെ മനോഹാരിത പൂര്‍ണ്ണമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍, പ്രകൃതിതന്നെ ഒരു കഥാപാത്രമായി മാറുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായി വരുന്ന ഹെയ്ദിയുടെ ദുരിതവും സന്തോഷവും സ്വാഭാവികമായ ഒരു ആസ്വാദനാനുഭവമായി പരിമിതപ്പെടുത്തുന്നതില്‍ സംവിധായകന് അലന് സ്പോണര്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് പറയാം.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന മത്യാസ് ഫ്ളീഷെര് പ്രമേയത്തെ അത്യന്തം ശ്രദ്ധാപൂര്‍വം അനുയോജ്യമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ദൃശ്യ സംവിധാനത്തിന്റെ ശാന്തതയും, ക്യാമറയുടെ ചലനങ്ങളിലൂടെ ചിത്രീകരിച്ച പ്രകൃതി ചിത്രങ്ങളും സിനിമയുടെ ആത്മാവിനെ പൂര്‍ത്തീകരിക്കുന്നു. സിനിമ, ബാല്യത്തിന്റെ സൗമ്യതയും മനുഷ്യസ്വഭാവങ്ങളുടെ പല തലങ്ങളും അനാവരണം ചെയ്യുന്നതില്‍ വേറിട്ട ചാരുത നല്കുന്നു. ഹെയ്ദിയുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും കഷ്ടപ്പാടുകളും, പ്രേക്ഷകര്‍ക്കും മനോഹരമായ ബാല്യകാല ഓര്‍മ്മകളുടെ സ്മരണകളിലേക്കുള്ള ഒരു പ്രവേശനമായി മാറുന്നു.
ഈ സിനിമയിലെ പ്രധാനമായ സന്ദേശം മനുഷ്യന്റെ സ്വത്വത്തെയും സത്യസന്ധതയെയും കുറിച്ചുള്ളതാണ്. അനാഥയായൊരു കുഞ്ഞിന്റെ മനസ്സില്‍ എല്ലാത്തരം ദുരിതങ്ങള്‍ക്കുമപ്പുറം, പ്രകൃതിയോടുള്ള ആകര്‍ഷണവും, അതിന്റെ കരുതലും എപ്രകാരം അവളെ മാറ്റിയെടുക്കുന്നു എന്ന് നമുക്ക് കാണാം. സിനിമ, വൈവിധ്യങ്ങളായ സംസ്കാരങ്ങളുടെ സമന്വയത്തിന്റെ ഉദാഹരണമാണ്. സ്വിറ്റ്സര്‍ലാന്റിലെ ഗ്രാമീണ ജീവിതവും ജര്‍മന്‍ നഗരസംസ്കാരവും ചിത്രത്തില്‍ പ്രതിഫലിക്കുന്നു. ഹെയ്ദിയുടെ സ്വന്തം ഗ്രാമത്തിന്റെ സൌന്ദര്യവും ഫ്രാങ്ക്ഫര്‍ട്ടിലെ ആധുനിക ജീവിതവും തമ്മിലുള്ള ആശയപരമായ കൊടുക്കല്‍ വാങ്ങല്‍ സിനിമ ചര്‍ച്ചചെയ്യുന്നു.
ഹെയ്ദിയിലെ പശ്ചാത്തലസംഗീതം തികച്ചും ശ്രദ്ധേയമാണ്. മൊസാര്‍ട്ടിന്റെ സംഗീതത്തോട് ചേരുന്ന രീതിയിലുള്ള ശാന്തമായ ഒരു റീഥം ചിത്രത്തിന്റെ ഗൗരവത്വവും ദൃശ്യപ്രസാദവും വര്‍ധിപ്പിക്കുന്നു. നിക്കി റീസര് ഒരുക്കിയ ഈ സംഗീതം സിനിമയുടെ മൂഡിന്റെ ഭാഗമാകുന്നു. മഞ്ഞുമൂടിയ ആല്‍പ്സ് പര്‍വതനിരകളുടെ പ്രൗഢി പ്രദര്‍ശിപ്പിക്കുന്ന ഹെയ്ദി, സൗഹൃദവും സ്വത്വവും പ്രതിഫലിക്കുന്ന മനോഹരമായ ബാല്യകാല കഥയാണ്.
ഹെയ്ദി എന്ന നോവലിനെ അവലംബിച്ച് ഇരുപത്തഞ്ചിലധികം സിനിമകളും സീരിയലുകളും ആനിമേഷനുകളുമൊക്കെ ഇതിനകം പുറത്തിറങ്ങി. അലന് ഗസ്പോണര്‍ ഈ ക്ലാസ്സിക് കഥയുടെ അത്യന്തം പ്രാസക്തമായൊരു പുനരാവിഷ്കാരമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.