എറണാകുളം: കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിഭ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍.
2022 ഫെബ്രുവരി 9നാണ് കമ്മീഷനെ നിയമിച്ചത്. 2023 മേയ് 18ന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ചു മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 20ന് കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പഠിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കിയതല്ലാതെ ഇതുവരെ മറ്റൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച വിശദാംശങ്ങള്‍ ഏതെല്ലാം വകുപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നതിലും വ്യക്തതയില്ല.
2024 മാര്‍ച്ചില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഒരു ഉന്നത സമിതിയെ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടിലെ വിവിരങ്ങള്‍ പുറത്തുവിടണമെന്ന ക്രൈസ്തവ മേലധ്യക്ഷന്മാരുടേയും സംഘടനാ നേതാക്കളുടേയും അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് 12 ലത്തീന്‍ രൂപതകളിലുമായി സംഘടിപ്പിച്ചുവരുന്ന ആയിരം പ്രചരണ-ബോധവത്കരണ യോഗങ്ങള്‍ പുരോഗമിച്ചു വരികയാണ്.
പലയിടത്തും യോഗങ്ങള്‍ സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധമായി മാറിയിട്ടുണ്ട്. കമ്മീഷന് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ എല്ലാ ലത്തീന്‍ കത്തോലിക്ക അംഗങ്ങളും പഠിക്കുകയും അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകുകയും വേണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് വ്യക്തമാക്കുന്നു. ഡിസംബറില്‍ വലിയ യോഗം വിളിച്ചുചേര്‍ത്ത് സമ്മര്‍ദ്ദം ശക്തമാക്കാനാണ് കെഎല്‍സിഎ ലക്ഷ്യമിടുന്നത്. കമ്മീഷന് സിറ്റിംഗില്‍ കെഎല്‍ സിഎ സംസ്ഥാന സമിതി 114 വിവരാവകാശ രേഖകള്‍ സഹിതമാണ് നിവേദനം സമര്‍പ്പിച്ചിരുന്നത്.
കേരളത്തിലെ ആകെ ജനസംഖ്യയുടെ 8 ശതമാനം വരുന്നവരാണ് ലത്തീന്‍ കത്തോലിക്ക സഭാംഗങ്ങള്‍. അവരുടെ ഭാവി ക്ഷേമത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കോശി കമ്മീഷന് റിപ്പോര്‍ട്ട് എന്നാണ് കരുതുന്നത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ 284 എണ്ണമാണെന്നാണ് ലഭ്യമായ വിവരം.
കമ്മീഷന് റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്ന് സര്‍ക്കാരുകള്‍ക്ക് നിയമപരമായ ബാധ്യതയില്ലാത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്. സാഹചര്യങ്ങളും സമ്മര്ദ്ദങ്ങളുമനുസരിച്ച് തീരുമാനങ്ങള്‍ ഉണ്ടാകാമെന്ന് അഡ്വ. ഷെറി വ്യക്തമാക്കുന്നു. ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ക്രൈസ്തവരുടെ ആവശ്യത്തില്‍ പൊതുവെ അനുകൂല നിലപാടാണ് ഇപ്പോള്‍
സര്‍ക്കാരിനുള്ളത് . അതേ സമയം ഇപ്പോഴും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത്
സമയബന്ധിതമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട നിരന്തര സമ്മര്ദ്ദമുണ്ടാകേണ്ടതുണ്ട്. അതിനാണ് ആയിരം യോഗങ്ങള്‍ കെഎല്‍സിഎ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
സഭയുടെ അടിസ്ഥാന സംവിധാനമായ കുടുംബയോഗങ്ങള്‍ (ബിസിസി) വഴിയും ലത്തീന്‍ സഭയിലെ മറ്റ് സംഘടനകളുടെയും സഹകരണം ഇക്കാര്യത്തില്‍ തേടുകയും അതുണ്ടാകുമെന്ന് ബിസിസി കമ്മീഷന്റെയും സംഘടനകളുടെ നേതൃത്വവും അറിയിച്ചിട്ടുണ്ട്. കോശി കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെയും ഇത്തരം പ്രചാരണ-സമ്മര്ദ്ദപരിപാടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് കെഎല്‍സിഎയുടെ നിലപാട്. അതിന്റെ ഭാഗമായി വിവിധ കുടുംബ യൂണിറ്റുകളില്‍, ഇടവകകളില്‍, ഫെറോനകളില്‍, രൂപതാ തലത്തില്‍ ‘എന്താണ് ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകള്‍’ എന്ന് ചര്‍ച്ച ചെയ്യുന്ന പ്രചാരണ യോഗങ്ങള്‍, സെമിനാറുകള്‍ മുതലായ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.
വിദ്യാഭ്യാസം. തൊഴില്‍, ക്ഷേമം എന്നീ മേഖലകളിലാണ് കമ്മീഷന് പ്രധാനമായും ഊന്നല്‍ നല്‍കിയിട്ടുള്ളതെന്നാണ് ലഭ്യമായ സൂചന. 2019 ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം പോലെയുള്ള ഒരു നിയമം സണ്‍ഡേ സ്കൂള്‍ / വേദപഠനം /മതബോധനം നടത്തുന്ന അധ്യാപകര്‍ക്കുവേണ്ടി നടപ്പിലാക്കണമെന്ന ആവശ്യം ലത്തീന്‍ സമൂഹം ഉന്നയിച്ചിരുന്നു. അനുകൂല നിലപാടാണ് ഇക്കാര്യത്തില്‍ കമ്മീഷന് സ്വീകരിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ സര്‍ക്കാര്‍ നല്കുന്ന സഹായങ്ങള്‍ ഈ ക്ഷേമനിധി ഫണ്ടിലും ഉണ്ടാകണം.
യത്തീംഖാനയിലെ അന്തേവാസികള്‍ക്ക് പ്രഫഷണല്‍
കോഴ്സുകള്‍ പഠിക്കാന്‍ വര്‍ഷം തോറും നല്കുന്ന 10000 രൂപ വീതമുള്ള സ്ളോഷര്ഷിപ്പുകള് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള
മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നല്‍കണം. പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രമം പോലെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവമേഖലയ്ക്കും തുല്യ പരിഗണനനല്‍കണം. ക്രൈസ്തവ ആവാസ കേന്ദ്രങ്ങളെക്കൂടി ജനസംഖ്യാടിസ്ഥാനത്തില്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നതും ശുപാര്‍ശയില്‍ ഉണ്ടെന്നാണ് അറിയുന്നത്.
ന്യൂനപക്ഷവകുപ്പിന്റെ കീഴില്‍ ക്രൈസ്തവര്‍ക്കായി കേരള സ്റ്റേറ്റ് ക്രിസ്ത്യന്‍ മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് രൂപീകരിച്ച് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട അര്‍ഹരായ വ്യക്തികള്‍ക്കു കുറഞ്ഞ പലിശ നിരക്കില്‍ കൃഷി,മത്സ്യകൃഷി, ബിസിനസ്സ്, വ്യവസായം, പശു ഫാം, ആടുഫാം മുതലായവ നടത്തുന്നതിനും ഓട്ടോറിക്ഷ, കാര്‍, മുതലായ ടാക്സിവാഹനങ്ങള്‍ വാങ്ങുന്നതിനും, വിദ്യാഭ്യാസ യോഗ്യതക്കനുസൃതമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, തൊഴിലിനായി വിദേശത്ത് പോകുന്നതിനും, പ്രവാസികളായവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും, വിദ്യാഭ്യാസം നല്ല രീതിയില്‍ ലഭിക്കുന്നതിനും ആവശ്യമായ വായ്പകള്‍ നല്‍കണം.
ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ ഉള്ള തടസ്സങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി അടിയന്തിരമായി പരിഹരിക്കണം. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ 1947 എന്ന അടിസ്ഥാനവര്‍ഷം ലത്തീന്‍ കത്തോലിക്കാ ക്രൈസ്തവ സ്വത്വം നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് നീക്കം ചെയ്യെണ്ടതാണ്.
ബിരുദ-ബിരുദാനന്തര കോഴ്സുകളിലും വിദ്യാഭ്യാസസംബന്ധമായ പ്രവേശനങ്ങളില്‍ പൊതുവേയും ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനുമുള്ള സംവരണം 3 ശതമാനമായി ഉയര്‍ത്തണം.
പരിവര്‍ത്തിത ക്രൈസ്തവര്‍- വലിയ വിവേചനം ആണ് (ദളിത്ക്രിസ്ത്യാനികള്‍) നേരിടുന്നത്. അതുകൊണ്ടുതന്നെ ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന ഭരണഘടന നിര്‍വചിക്കുന്ന വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും
ലഭിക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളി മേഖലയില്‍ പരമ്പരാഗതമായി പ്രവര്‍ത്തി എടുക്കുന്ന വിഭാഗങ്ങളെ മോസ്റ്റ് ബാക്ക് വേര്ഡ്ക മ്മ്യൂണിറ്റി എന്നോ അട്ടര്‍ലി ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റി എന്നോ ബാക്ക് വേര്‍ഡ് മൈക്രോ കമ്മ്യൂണിറ്റി എന്നോ പരിഗണിച്ച്
അവര്‍ക്ക് പ്രത്യേകമായ ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടതാണ്. ഒരു സമൂഹത്തിന്റെ വികസനത്തിന് ഏതെങ്കിലും പദ്ധതി ആവശ്യമാണെങ്കില്‍ തീര മേഖലയില്‍ നിന്നും നിഷ്കാസനം ചെയ്യുന്ന കുടുംബത്തിന് കുറഞ്ഞപക്ഷം ഒരു ക്ളാസ്ഫോർ ജീവനക്കാരന്റെ ശമ്പളത്തിന് തത്തുല്യമായ തുക പ്രതിമാസം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന സംവിധാനം ഉണ്ടാകണം.
പുനര്‍ഗേഹം പദ്ധതിയില്‍ തീരപ്രദേശങ്ങളില്‍ ഉള്ള വസ്തുവിന്റെ വിലയും നിര്‍മ്മാണ ചിലവും മറ്റും ഒരു വീടുംസ്ഥലവും എന്നുള്ള ആവശ്യം പൂര്‍ത്തീകരിക്കാന്‍ അപര്യാപ്തമാണ്. ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളില്‍ പുതിയ വാസസ്ഥലം ലഭ്യമാക്കണം. പ്രകൃതി സംരക്ഷണത്തിനായി കാലാവസ്ഥ വ്യതിയാനം കൊണ്ടോ തീരശോഷണം കൊണ്ടോപുനര്ഗേഹം മുതലായ പദ്ധതികള്‍ മാറ്റപ്പെടുന്ന ഒരു കുടുംബത്തിന് മാറ്റത്തിന് മുമ്പ്സ്വന്തമാക്കി വെച്ചിരുന്ന സ്ഥലത്തിന് തുല്യ അളവിലുള്ള വസ്തുവും വീടും സൗകര്യങ്ങളും ഒരു സ്ഥിരമായ വരുമാന സബ്സിഡിയും നല്‍കണം.
പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണം. പ്രകൃതി ദുരന്തങ്ങളുടെ കേന്ദ്ര പട്ടികയില്‍ കടലാക്രമണത്തെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.
മത്സ്യമേഖലയെ കാര്‍ഷിക മേഖലയായി പരിഗണിച്ച് കര്‍ഷകര്‍ക്കു ലോണുകള്‍ നല്‍കണം. കൃഷിനാശം സംഭവിക്കുമ്പോള്കാര്ഷിക ലോണുകള്‍ എഴുതി തള്ളുന്നത് പോലെ പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ആപേക്ഷികഅളവില് കടങ്ങള്‍ എഴുതിത്തള്ളണം.
മത്സ്യബന്ധന അനുബന്ധ സംരംഭങ്ങളെ സെക്ടറിന് കീഴിലാക്കി ലോണ്‍ അവര്‍ക്ക് പ്രാപ്യമാക്കണം. തീരവാസികള്‍ക്ക് തൊഴില്‍ മേഖലയായ കടലിന്റെ 3 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കാന്‍ കഴിയും വിധം തീരപരിപാലന നിയമങ്ങളില്‍ ഇളവുകള്‍ നടപ്പിലാക്കണം.
2019 ലെ സിആര്‍ഇസഡ് വിജ്ഞാപനം ഖണ്ഡിക 5.3 പ്രകാരം, തീരദേശത്ത് നിര്‍മിക്കുന്ന വീടുകള്‍ക്ക് ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടാക്കണം എന്ന്നിഷ്കര്ഷിച്ചിട്ടുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിക്കേണ്ടതാണ്. ഫിഷറീസ് ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് പദ്ധതിയിലേക്ക് ഏല്‍പ്പിച്ചത് മൂലം ലഭിക്കുന്ന നാലുലക്ഷം രൂപ ഭവന നിര്‍മ്മാണത്തിന് തികച്ചും അപര്യാപതമാണ്. ഫിഷിംഗ് ഹാര്‍ബറുകളിലെ മത്സ്യ ലേലത്തില്‍ മത്സ്യത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ന്യായവിലയ്ക്ക് പകരം മാര്‍ക്കറ്റ് വില നടപ്പിലാക്കണം.
ഇത്തരം മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നതിന് ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റികളില്‍ 50 ശതമാനംമത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം.
മത്സ്യയാനങ്ങളുടെ പെർമിറ്റ് ഫീസ് ഉയര്‍ന്ന നിരക്കില്‍ ഈടാക്കുന്നത് പുനപരിശോധിക്കണം. തുടങ്ങിയ ആവശ്യങ്ങളോടും ക്രിയാത്മകപ്രതികരണമാണ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നാണ് വിവരം.