തെഹ്റാന്: ഇറാനിലുണ്ടായ ഭൂചലനാദത്തിൽ നാല് പേര് മരിച്ചതായി റിപ്പോര്‍ട്ട്. 120ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാനിലെ ഖുറാസാന്‍ റദ്വി പ്രവിശ്യയിലെ കഷ്മര്‍ കൗണ്ടിയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്നയുടേതാണ് റിപ്പോര്‍ട്ട്.
പരുക്കേറ്റവരില്‍ 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഷ്മര്‍ ഗവര്‍ണര്‍ ഹുജ്ജതുല്ല ശരീഅത്ത്മദാരി അറിയിച്ചു. മറ്റുള്ളവരെ പ്രാഥമികചികിത്സക്ക് ശേഷം വിട്ടയച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് നാലുപേര്‍ മരണപ്പെട്ടത്.
പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളന്റിയര്‍മാര്‍ രക്ഷിച്ചതായി ഖുറാസാന്‍ റദ്വി റെഡ് ക്രസന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ അലി മോനിരി പറഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.