കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണി കടപുഴകി. കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ജയം നേടാൻ സാധിച്ചത്.
ആലത്തൂരില്‍ സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ കെ രാധാകൃഷ്ണന് മറികടന്നത് മാത്രമാണ് ഇടതുമുന്നണിയ്ക്ക് ആശ്വാസം. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയുമുണ്ടായി. മുക്കാല്‍ ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി ഇക്കുറി തൃശൂരിനെ പ്രതിനിധീകരിച്ച് ലോക്സഭയിലുണ്ടാകും.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ശശി തരൂര്‍ 16077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയം സ്വന്തമാക്കി.ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന് ജയം.1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വി ജോയിയെ അടൂര്‍ പ്രകാശ് മറികടന്നത്.
പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ വികെ ശ്രീകണ്ഠൻ മിന്നും ജയം ഉറപ്പിച്ചു . ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥി കെസി വേണുഗോപാല്‍ വാൻ വിജയം നേടി . എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ എഎം ആരിഫിനെയും എന്‍ഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെയുമാണ് വേണു ഗോപാല്‍ പിന്നിലാക്കിയത്.