ഗാസ : ഇസ്രയേലിന്റെ വംശീയ ഉന്മൂലനം ഗാസയിൽ തുടരുന്നതിനിടെ റാഫയില്‍നിന്ന് 3.6 ലക്ഷം പേര് ആട്ടിയോടിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു .
കിഴക്കന്‍ റഫ ഒഴിപ്പിക്കാനുള്ള ആദ്യ ഉത്തരവ് കഴിഞ്ഞ ആഴ്ച ഇറങ്ങിയതിന് പിന്നാലെയാണ് മേഖലയില്‍നിന്ന് ജനങ്ങൾ പലായനംതുടങ്ങിയത് .ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ കടന്നാക്രമണം തുടരുന്നു . ക്യാമ്പിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിലേക്ക് കടന്നുകയറാന്‍ കൂടുതല്‍ ടാങ്കുകളും സൈനികരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
യുദ്ധടാങ്കുകളുമായി റഫ അതിര്‍ത്തിയില്‍ മുന്നേറുന്ന ഇസ്രയേല്‍ സൈന്യം ഈജിപ്ത് വഴി റഫയിലേക്കുള്ള പ്രധാന ഇടനാഴി കൂടി പിടിച്ചെടുത്തിരുന്നു. ഇതോടെ ഗസയിലേക്ക് ഇന്ധനവും മറ്റുസഹായങ്ങളുമെത്തിക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. കിഴക്കന്‍ റഫയില്‍നിന്ന് ഒരുലക്ഷം പേരോട് ഒഴിയാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കൂട്ടപ്പലായനം തുടരുന്നത് .
പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച സ്കൂളുകളിലേക്കും കനത്ത ആക്രമണമാണ്. 20 മൃതദേഹമാണ് മേഖലയില്‍നിന്ന് കണ്ടെടുത്തത്.24 മണിക്കൂറിനുള്ളില്‍ 57 പേരെ ഇസ്രയേല്‍ കൊന്നൊടുക്കി. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. റാഫയിലേക്കുള്ള വഴികളെല്ലാം സൈനിക ടാങ്കുകള്‍ വിന്യസിച്ചിരിക്കുകയാണ്.
ഗാസയിലാകെ 36ല്‍ 12 ആശുപത്രികള്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. ഹമാസിന്റെ ഖസം ബ്രിഗേഡ്സിന്റെ നേതൃത്വത്തില്‍ പ്രതിരോധ ശ്രമങ്ങളും നടക്കുന്നുണ്ട്