ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ‘ഇന്ത്യന്‍ പൗരന്മാര് ഇറാനില്‍ നിന്ന് വേഗത്തില്‍ പുറത്തുകടക്കാന്‍ ശക്തമായി നിര്‍ദ്ദേശിക്കുന്നു’ എന്നാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്.
‘ഇറാനില്‍ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം രാജ്യം വിടണമെന്ന് എംബസിയുടെ മുന്നറിയിപ്പ്. എംബസിയുമായി ബന്ധപ്പെടണം, എംബസി നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളും ഉപയോഗിക്കണം’ എന്നാണ് നിര്‍ദേശത്തിലുള്ളത്. ‘എംബസിയുടെ അനുമതിയില്ലാതെ ഒരു രാജ്യാന്തര അതിര്‍ത്തികളിലൂടെയും മറ്റു രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ല’ എന്നും നിര്‍ദേശത്തില്‍ കര്‍ശനമായി പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിർദേശത്തിൽ, 48 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടിനുള്ളിൽതന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കണമെന്നും എംബസി നിർദേശിച്ചിരുന്നു. ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ട്. അർമേനിയ, അസർബൈജാൻ എന്നീ അയൽരാജ്യങ്ങൾ വഴി 1,862 പേരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ എംബസിക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

