നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമാണ്. പോളിംഗ് ബൂത്തിലെത്തുമ്പോള്‍ സംശയങ്ങളില്ലാതെ വോട്ട് രേഖപ്പെടുത്താം. ബാലറ്റ് യൂണിറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോയടക്കം എത്തുന്നതോടെ സംശയങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. ഇവിഎമ്മുകളില്‍ ആദ്യമായാണ് സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോ എത്തുന്നത്.
വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ച് വോട്ടര്‍ക്ക് തങ്ങള്‍ താത്പര്യപ്പെടുന്ന സ്ഥാനാര്‍ഥിക്കോ നോട്ടക്കോ വോട്ട് രേഖപ്പെടുത്താം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പിക്കാം.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനകത്തേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. വോട്ടര്‍മാരുടെ സൗകര്യാർഥം ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ വീട്ടിൽ വോട്ടുചെയ്യാനായി 85 വയസ്സുള്ളവരും ഭിന്നശേഷി വോട്ടര്‍മാരും ഉള്‍പ്പെടെ 10,363 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഒരു ടീം ഒരു ദിവസം 15 വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തപാല്‍ ബാലറ്റുകളുടെ കൈമാറ്റത്തിനായി സംസ്ഥാന മേഖലാ ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിയറിംഗ് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
വോട്ടര്‍മാരെ സഹായിക്കുന്നതിനായി വിഎഫ്സികളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്കുകളും ദിശാസൂചന ബോര്‍ഡുകളും സ്ഥാപിക്കും. കൂടാതെ, എല്ലാ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ എട്ട് വരെ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

